ഊണും ഉറക്കുമെല്ലാം ഓഫീസിൽ; 'ചൈനീസ് വാൾസ്ട്രീറ്റി'നെ പിടിമുറുക്കി വീണ്ടും കോവിഡ്-കടുത്ത നിയന്ത്രണങ്ങൾ

നിയന്ത്രണങ്ങൾക്കൊപ്പം നികുതി, വാടക ഇളവും കോവിഡ് കാര്യമായി ബാധിച്ച ചെറുകിട വ്യാപാരസ്ഥാപനങ്ങൾൾക്ക് പ്രത്യേക ലോണുകളും ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2022-03-29 11:17 GMT
Editor : Shaheer | By : Web Desk
Advertising

ഇടവേളയ്ക്കുശേഷം ചൈനയെ പിടിമുറുക്കി വീണ്ടും കോവിഡ്. രാജ്യത്തെ സാമ്പത്തിക, വ്യവസായ തലസ്ഥാനമായ ഷാങ്ഹായിയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് പരിശോധനയ്ക്കല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് ഭരണകൂടത്തിന്റെ കർശന നിർദേശം. 2.6 കോടി ജനങ്ങളെയാണ് പുതിയ നിയന്ത്രണങ്ങൾ ബാധിക്കുക. കോവിഡിന്റെ ആദ്യഘട്ടത്തിനുശേഷമുള്ള ഏറ്റവും വലിയ രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കടുത്ത നിയന്ത്രണങ്ങളുമായി ചൈനീസ് നഗരങ്ങളിൽ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.

കടുത്ത നിയന്ത്രണങ്ങൾ; ഘട്ടംഘട്ടമായി പൂട്ടി ഷാങ്ഹായ്

ഷാങ്ഹായ് സ്റ്റോക്ക് എക്‌ചേഞ്ച് അടക്കം നിരവധി ധനകാര്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പുഡോങ് ജില്ലയിലാണ് കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയിരിക്കുന്നത്. വീട്ടിൽനിന്ന് ഒരുനിലയ്ക്കും പുറത്തിറങ്ങരുതെന്നാണ് കഴിഞ്ഞ ദിവസം ഷാങ്ഹായ് മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. കോവിഡ് പരിശോധനയല്ലാത്ത ഒരു കാര്യത്തിനായും പുറത്തിറങ്ങാൻ പാടില്ല. വീടിനോടു ചേർന്നുള്ള ഇടനാഴികളിലും തുറന്ന സ്ഥലങ്ങളിലുമൊന്നും ഇറങ്ങിനടക്കരുതെന്നും കർശന നിർദേശമുണ്ട്.

രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയത്. ആദ്യത്തെ നാലു ദിവസം നഗരത്തിന്റെ പകുതി ഭാഗത്തായിരുന്നു നിയന്ത്രണങ്ങൾ. തുടർന്നുള്ള ദിവസങ്ങളിൽ ബാക്കി പ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. ജനങ്ങളെ സമ്പൂർണമായി കോവിഡ് പരിശോധന നടത്തുകയാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

ലോക്ഡൗണിന്റെ ആദ്യദിവസം 4,477 പേർക്കാണ് നഗരത്തിൽ രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ മൊത്തത്തിൽ 6,886 പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു. തലേദിവസത്തേതിൽനിന്ന് ആയിരത്തിലേറെ കേസാണ് വർധിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങൾക്കൊപ്പം നികുതി ഇളവ്, വാടക നീട്ടൽ/ഇളവ് തുടങ്ങിയ നടപടികളും മുനിസിപ്പൽ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. കോവിഡ് കാര്യമായി ബാധിച്ച ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, റീട്ടെയിൽ-കാറ്ററിങ് വ്യവസായ സംരംഭങ്ങൾ എന്നിവയ്ക്ക് ലോൺ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

റൊട്ടേഷനൽ ഷിഫ്റ്റും ഓഫീസുറക്കവും

കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് ബിസിനസ് പ്രവൃത്തി മുടങ്ങാതിരിക്കാൻ ഓഫീസുകളിൽ തന്നെ അന്തിയുറങ്ങാനുള്ള സൗകര്യമൊരുക്കിയിരിക്കുയാണ് വിവിധ കമ്പനികൾ. ഷാങ്ഹായിയിലെ ലൂജിയാസൂയ് നഗരത്തിലുള്ള വിവിധ ധനകാര്യ, വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 20,000ത്തിലേറെ പേർ ഇപ്പോൾ ഓഫീസുകളിൽ തന്നെയാണ് ഊണും ഉറക്കവുമെല്ലാം.

തിങ്കളാഴ്ച ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് തന്നെ നഗരത്തിലെ പ്രമുഖ കമ്പനികളെല്ലാം പ്രധാന ചുമതലകളിലുള്ള ജീവനക്കാരെ ഓഫീസുകളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ബെഡുകളും രാത്രിതാമസത്തിന് ആവശ്യമായ മറ്റ് അടിസ്ഥാന വസ്തുക്കളെല്ലാം വിതരണം ചെയ്തിരിക്കുകയാണ്. രണ്ടു സംഘങ്ങളായി റൊട്ടേഷനൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയ ചില കമ്പനികളുമുണ്ട്.

ചൈനയുടെ സാമ്പത്തിക തലസ്ഥാനമാണ് ഷാങ്ഹായ്. ചൈനീസ് വാള്‍സ്ട്രീറ്റ് എന്നു വിളിക്കപ്പെടാറുണ്ട് നഗരത്തെ. കഴിഞ്ഞ വർഷം 2,500 ട്രില്യൻ യുവാനിന്റെ(ഏകദേശം 29 ലക്ഷം കോടി രൂപ) സാമ്പത്തിക ഇടപാടാണ് നഗരത്തിൽ മാത്രം നടന്നത്. പുഡോങ്ങിലെ ലൂജിയാസൂയിയിൽ 285 കമ്പനികളിലായി 20,000ത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്ക്.

Summary: Shanghai bars all from leaving homes; bankers and traders sleep in offices to beat Covid lockdown

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News