അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിനു പുറത്ത് ചാവേർ സ്‌ഫോടനം; 20 മരണം

സംഭവ സമയത്ത് കാബൂളിലെ വിദേശ മന്ത്രാലയത്തിൽ ചൈനീസ് പ്രതിനിധി സംഘം താലിബാൻ നേതാക്കളുമായി ചർച്ച നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്

Update: 2023-01-11 16:15 GMT
Editor : Shaheer | By : Web Desk
Advertising

കാബൂൾ: അഫ്ഗാനിസ്താനിൽ ചാവേർ സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. കാബൂളിലെ വിദേശ മന്ത്രാലയം കാര്യാലയത്തിനു സമീപത്തായിരുന്നു ചാവേർ സ്‌ഫോടനം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയത്തിൽ അതിക്രമിച്ചുകടക്കാനായിരുന്നു അക്രമിയുടെ ശ്രമമെന്ന് താലിബാൻ സർക്കാരിലെ വാർത്താ വിനിമയ മന്ത്രാലയം വക്താവ് ഉസ്താദ് ഫരീദുൻ അറിയിച്ചു. നീക്കം തകർത്തതോടെ മന്ത്രാലയത്തിനു പുറത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം, വിദേശകാര്യ-ആഭ്യന്തര മന്ത്രാലയം സ്‌ഫോടനത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രാദേശിക സമയം വൈകീട്ട് നാലിനായിരുന്നു സ്‌ഫോടനം നടന്നത്. വിദേശകാര്യ മന്ത്രാലയത്തിൽ ഈ സമയത്ത് ചൈനീസ് പ്രതിനിധി സംഘം താലിബാൻ നേതാക്കളുമായി ചർച്ച നടത്തുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് സുരക്ഷാസേനയെ വിന്യസിച്ചതായി കാബൂൾ പൊലീസ് തലവന്റെ വക്താവ് ഖാലിദ് സദ്‌റാൻ പറഞ്ഞു.

ബാക്ക്പാക്കും തോക്കുമായി മന്ത്രാലയത്തിനു പുറത്തെത്തിയയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന എ.എഫ്.പി മാധ്യമസംഘത്തിന്റെ ഡ്രൈവർ ജംഷീദ് കരീമി വെളിപ്പെടുത്തി. തന്റെ കാറിന്റെ സമീപത്തുകൂടി കടന്നുപോയി ഏതാനും മിനിറ്റുകൾക്കകമാണ് സ്‌ഫോടനം നടന്നതെന്നും കരീമി പറഞ്ഞു.

തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും സംഭവസ്ഥലത്തിനു തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Summary: 20 people have been killed in a suicide blast outside Afghan foreign ministry in Kabul

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News