ഉപേക്ഷിക്കപ്പെട്ട ടാക്സികളില്‍ വിളഞ്ഞ പച്ചക്കറിത്തോട്ടം; ഇത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം

തായ്‌ലന്‍ഡിലെ ബാങ്കോക്ക് പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരുടെ ജീവിതത്തിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല

Update: 2021-09-22 05:54 GMT
Editor : Jaisy Thomas | By : Web Desk

സര്‍വ മേഖലകളെയും തകര്‍ത്തുകൊണ്ടായിരുന്നു കോവിഡ് മഹാമാരി ആഞ്ഞടിച്ചത്. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഉപജീവനമാര്‍ഗം ഇല്ലാതായി. നഷ്ടങ്ങളില്‍ മനസ് മടുത്ത് ആത്മഹത്യയില്‍ അഭയം തേടിയവരും നിരവധിയുണ്ട്. ചിലരാകട്ടെ ജീവിക്കാന്‍ പുതിയ വഴികള്‍ തേടി. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചൊരു മേഖലയായിരുന്നു ടാക്സി സര്‍വീസ് മേഖല. ലോക്ഡൌണും മറ്റും മൂലം ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ടാക്സികള്‍ കട്ടപ്പുറത്തായി.



തായ്‌ലന്‍ഡിലെ ബാങ്കോക്ക് പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരുടെ ജീവിതത്തിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ടൂറിസം പ്രധാന വരുമാനമാര്‍ഗമായ ഇവിടെ ടാക്സികള്‍ ലാഭം കൊയ്തിരുന്നു. കോവിഡ് മൂലം യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ടാക്സികള്‍ ഓടാതായി. ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍മാര്‍ നഗരത്തില്‍ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.

Advertising
Advertising



ഡ്രൈവര്‍മാര്‍ പോയതോടെ ടാക്സികള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഉപേക്ഷിക്കപ്പെട്ട ടാക്‌സികള്‍ ഒടുവില്‍ ഒരു കമ്പനി ഏറ്റെടുത്തു. ശേഷം അതിന് മുകളില്‍ പച്ചക്കറി കൃഷിയും തുടങ്ങി. ജോലിയില്ലാതായ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ചെറിയ രീതിയില്‍ സഹായമെത്തിക്കുകയായിരുന്നു ലക്ഷ്യം.

കാറിന് മുകളില്‍ മുളകള്‍ വെച്ച് ചെറിയൊരു രീതിയില്‍ സ്ഥലം തയാറാക്കിയ ശേഷം അതില്‍ ഷീറ്റ് വിരിച്ച് മണ്ണ് നിറയ്ക്കുകയായിരുന്നു. തുടര്‍ന്ന് പച്ചക്കറികളും ചെടികളും മറ്റും നട്ടു. വിളയുന്ന പച്ചക്കറികള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കും. മിച്ചമുള്ളത് ചന്തകളില്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. തായ്‍ലന്‍ഡിലെ തെരുവുകളില്‍ മാത്രം അഞ്ഞൂറോളം ടാക്സികള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടെന്ന് എക്സിക്യുട്ടീവായ തപകോൺ അസ്സാവലെർത്കുൽ പറഞ്ഞു. 




 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News