ടെക്സസിൽ മഹാദുരന്തം വിതച്ച് വീണ്ടും വെള്ളപ്പൊക്കം? മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ മതിയായ മുന്നറിയിപ്പുകൾ നൽകിയിരുന്നോ എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്
ടെക്സസ്: ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കുന്ന കനത്ത മഴ കൂടുതൽ ജീവന് ഭീഷണിയായ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് ടെക്സസ് ഗവർണർ ഞായറാഴ്ച മുന്നറിയിപ്പ് നൽകി. ഇതിനകം വെള്ളക്കെട്ട് നിറഞ്ഞ സ്ഥലങ്ങളെയാണ് ഇത് ബാധിക്കാനുള്ള സാധ്യത കൂടുതൽ. മിന്നൽ പ്രളയത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് കാര്യങ്ങളെ കൂടുതൽ സങ്കീര്‍ണമാക്കി മുന്നറിയിപ്പ് വരുന്നത്.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ മതിയായ മുന്നറിയിപ്പുകൾ നൽകിയിരുന്നോ എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ എന്നും ചോദിക്കുന്നുണ്ട്. ഇതുവരെ 70 ഓളം പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കത്തിൽ നിന്ന് നൂറുകണക്കിന് ആളുകളെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. അവരിൽ പലരും ഗ്വാഡലൂപ്പ് നദിയുടെ തീരത്തുള്ള ഒരു വേനൽക്കാല ക്യാമ്പിലെ കുട്ടികളാണ്. ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയിലും കൂടുതൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NWS) മുന്നറിയിപ്പ് നൽകുന്നു. ശനിയാഴ്ച രാവിലെ എടുത്ത ഡ്രോൺ ദൃശ്യങ്ങളിൽ മുഴുവൻ പ്രദേശങ്ങളും വെള്ളത്തിനടിയിലായതും ചെറിയ പട്ടണത്തിലെ തെരുവുകളിലൂടെ വെള്ളം കുത്തിയൊലിക്കുന്നതും കാണിച്ചതോടെയാണ് ഈ ഏറ്റവും പുതിയ കാലാവസ്ഥാ ദുരന്തത്തിന്‍റെ വ്യാപ്തി ശനിയാഴ്ച വ്യക്തമായിത്തുടങ്ങിയത്.
സെൻട്രൽ ടെക്സസിൽ അതിരാവിലെ പെയ്ത അതിശക്തമായ മഴയുടെ രണ്ടാം തരംഗം വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വർധിപ്പിച്ചതിനെത്തുടർന്ന്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ദേശീയ കാലാവസ്ഥാ വിഭാഗം ഡസൻ കണക്കിന് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകി.