തെഹ്‌റാൻ: പണപ്പെരുപ്പം, ഭക്ഷ്യ വിലവർധന, കറൻസി മൂല്യ തകർച്ച തുടങ്ങിയവ ഭരണമാറ്റത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങളിലേക്ക് ഇന്ന് ഇറാനെ നയിച്ചിട്ടുണ്ട്. കൂടാതെ പശ്ചിമേഷ്യയെ എക്കാലത്തും അസ്ഥിരപ്പെടുത്തിയിരുന്ന അമേരിക്കൻ താല്പര്യങ്ങൾ രാജ്യത്തെ സ്ഥിതിഗതികൾ രൂക്ഷമാകുകയും ചെയ്യുന്നു. ഇറാനിലെ തെരഞ്ഞെടുക്കപെട്ട ഭരണകൂടത്തെ അട്ടിമറിച്ച് അമേരിക്കൻ പിന്തുണയിൽ നിലനിന്നിരുന്ന പഹ്‌ലവി ഭരണകൂടത്തിലെ അവസാന ഭരണാധികാരിയായ മുഹമ്മദ് റെസ ഷാഹ് പഹ്‌ലവിയുടെ മകനെ ഭരണത്തിൽ അവരോധിക്കുക എന്നതാണ് യുഎസ് താല്പര്യം. പതിറ്റാണ്ടുകളായി അമേരിക്കയിൽ പ്രവാസിയായി കഴിയുകയാണ് റെസ പഹ്‌ലവി. ഇറാനിലെ പുതുതലമുറക്ക് രാജവാഴ്ചയുടെ കാലഘട്ടം ഓർമയിൽ ഇല്ലെങ്കിലും വിപ്ലവത്തിനു മുമ്പുള്ള കാലഘട്ടത്തിൽ ജീവിച്ച പഴയകാല ഇറാനികൾ അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും പേരിലാണ് അത് ഓർമിക്കുന്നത്. അമേരിക്കയുടെ ബ്രിട്ടന്റെയും ചുവടുപിടിച്ച് പഹ്ലവി കുടുംബം രാജ്യത്ത് നടത്തിയിരുന്നതൊക്കെയും ഓർമിക്കുന്ന തലമുറ ഇറാനിൽ കുറഞ്ഞുവരികയാണ്.
എന്നാൽ ഷാഹ് ഭരണകൂടത്തിലെ അധികം ചർച്ച ചെയ്യപ്പെടാത്ത പേരാണ് ലൈല പഹ്‌ലവി. മുഹമ്മദ് റെസ ഷാഹ് പഹ്‌ലവിയുടെ ഇളയ മകളാണ് ലൈല പഹ്‌ലവി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ രാജകുടുംബങ്ങളിലൊന്നിലാണ് ലൈല പഹ്‌ലവി ജനിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് പ്രവാസിയായാണ്. തെഹ്റാനിലെ കൊട്ടാര ഇടനാഴികളിൽ നിന്ന് പ്രവാസത്തിലെ ഹോട്ടൽ മുറികളിലേക്കുള്ള പറിച്ചുനടലായിരുന്നു ലൈലയുടെ ജീവിതം. രാജവംശത്തിന്റെ തകർച്ചയോടെയുണ്ടായ നാടുകടത്തൽ, തുടർന്നുള്ള ജീവിതം ലൈലയുടെ ജീവിതത്തെ ദുരന്തപൂർണമാക്കി
ലൈലയുടെ ബാല്യവും 79ലെ വിപ്ലവവും
1970 മാർച്ച് 27ന് തെഹ്റാനിൽ ഷായുടെ കൊട്ടാരത്തിൽ ജനിച്ച ലൈല കൊട്ടാരത്തിന്റെ സംരക്ഷിത ലോകത്താണ് അവരുടെ ആദ്യകാലങ്ങൾ ചെലവഴിച്ചത്. പേർഷ്യൻ സംസ്കാരത്തിലും ചരിത്രത്തിലും ശക്തമായ ഊന്നൽ നൽകി, സ്വകാര്യ അധ്യാപകരുടെ ശിക്ഷണത്തിലാണ് ലൈല വളർന്നത്. രാജകൊട്ടാരത്തിലെ എല്ലാ ആഡംബരങ്ങളിലും വളർന്നെങ്കിലും അധിക കാലം അത് നീണ്ടുനിന്നില്ല. 1979 ജനുവരിയോടെ ഷായ്‌ക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാവുകയും രാജകീയ വസതികൾക്ക് പുറത്ത് 'Death to the Shah' മുദ്രവാക്യങ്ങൾ ഇടംപിടിക്കുകയും ചെയ്തു. ജനകീയ പ്രക്ഷോഭങ്ങളിൽ പിടിച്ചു നിൽക്കാനാവാതെ 54 വർഷം നീണ്ടുനിന്ന പഹ്‌ലവി ഭരണകൂടം നിലംപൊത്തി. പഹ്‌ലവി കുടുംബം ഇറാനിൽ നിന്ന് പലായനം ചെയ്യുമ്പോൾ ലൈലയ്ക്ക് വെറും ഒമ്പത് വയസ് മാത്രമാണുണ്ടായിരുന്നത്. നാടുകടത്തപ്പെട്ട രാജകുടുംബത്തിന്റെ തുടർന്നുള്ള കാലം നിരന്തരമായ യാത്രകളുടേതായിരുന്നു. ഈജിപ്ത്, മൊറോക്കോ, ബഹാമാസ്, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, പനാമ എന്നിവിടങ്ങളിൽ പഹ്‌ലവി കുടുംബം വേരുറപ്പിക്കാൻ ശ്രമിച്ചു.
ഇറാൻ വിട്ട് രണ്ട് വർഷത്തിനുള്ളിൽ ഷാ കെയ്‌റോയിൽ വെച്ച് മരണപെട്ടത്തോടെ കുടുംബം ദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ടു. കൊട്ടാരത്തിന്റെ ശീലങ്ങളിലും ആഡംബരത്തിൽ നിന്നും പറിച്ചുനടപ്പെട്ട ലൈലയുടെ ജീവിതത്തിനേറ്റ കനത്ത ആഘാതമായിരുന്നു പിതാവിന്റെ മരണം. അമേരിക്ക അഭയം നൽകിയതോടെ പഹ്ലവി കുടുംബം യുഎസിൽ താമസമുറപ്പിച്ചു. ന്യൂയോർക്കിലെ യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ സ്കൂളിലും കൺട്രി ഡേ സ്കൂളിലുമായി ലൈല തന്റെ ആദ്യകാല വിദ്യാഭ്യാസം പൂർത്തീകരിച്ചു. കൂടാതെ പേർഷ്യൻ, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയുൾപ്പെടെയുള്ള നിരവധി ഭാഷകളിൽ പ്രാവീണ്യം നേടി.
ആരോഗ്യ പ്രശ്നങ്ങൾ
പ്രായപൂർത്തിയായത് മുതൽ ലൈലയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ക്രോണിക് ഫാറ്റിഗ് സിൻഡ്രോം, വിഷാദം, കഠിനമായ അനോറെക്സിയ എന്നിവ കാരണം യുഎസിലും യുകെയിലുമായി ലൈലയുടെ ജീവിതം വീണ്ടും യാത്രയിലായി. ഉറക്ക ഗുളികകളെ ആശ്രയിച്ചുള്ള ജീവിതമായിരുന്നു ലൈലയ്ക്ക് നേരിടാനുണ്ടായിരുന്നത്. പാരീസിൽ ഒരു മോഡലായി കുറച്ചുകാലം ജോലി ചെയ്തിരുന്നെങ്കിലും ലൈല പൊതുജീവിതം മിക്കവാറും ഒഴിവാക്കിയിരുന്നു. പ്രവാസകാലത്ത് ഇറാന്റെ കിരീടാവകാശിയായി സ്വയം പ്രതിഷ്ഠിച്ച ഷായുടെ മൂത്ത മകൻ റെസ പഹ്‌ലവിയിൽ നിന്ന് വ്യത്യസ്തമായി ലൈല സ്വകാര്യത പാലിച്ചു.
ലണ്ടനിൽ മരണം
2001 ജൂൺ 10ന് 31-ാം വയസിൽ ലൈലയെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊക്കെയ്ൻ അടങ്ങിയ ബാർബിറ്റ്യൂറേറ്റുകളുടെ അമിത അളവ് മൂലമാണ് അവർ മരിച്ചതെന്ന കണ്ടെത്തൽ അവരുടെ മരണം ആത്മഹത്യയാണെന്ന് വിധിച്ചു. ജനിച്ചു വളർന്ന ഇറാനിൽ നിന്ന് വളരെ അകലെയുള്ള പാരീസിലാണ് അവരെ സംസ്കരിച്ചത്. 2011ൽ പ്രവാസിയായിരുന്ന മറ്റൊരു സഹോദരൻ അലി റെസ ആത്മഹത്യ ചെയ്തതോടെ കുടുംബം കൂടുതൽ ദുരന്തങ്ങൾ നേരിടേണ്ടി വന്നു. പദവികൾ, സ്ഥാനഭ്രംശം, വ്യക്തിപരമായ പോരാട്ടം എന്നിവയാൽ അടയാളപ്പെടുത്തിയ ലൈല പഹ്‌ലവിയുടെ കഥ പഹ്‌ലവി കുടുംബത്തിന്റെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി തുടരുന്നു.