റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അനുമതി നൽകി അമേരിക്ക

എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനായി 30 ദിവസത്തെ താൽക്കാലിക അനുമതിയാണ് നൽകിയത്

Update: 2026-03-06 02:31 GMT

ഡൽഹി: ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അനുമതി നൽകി യുഎസ് ട്രഷറി വകുപ്പ്. 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചു. എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനായി 30 ദിവസത്തെ താൽക്കാലിക അനുമതിയാണ് നൽകിയത്. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകളിൽനിന്ന് എണ്ണ വാങ്ങുന്നതിനാണ് ഇളവ് ബാധകമാകുക.

''പ്രസിഡന്‍റ് ട്രംപിന്‍റെ ഊർജ നയങ്ങളുടെ ഫലമായി എണ്ണ, വാതക ഉൽപാദനം ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ആഗോള വിപണിയിൽ എണ്ണയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി, റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾക്ക് ട്രഷറി വകുപ്പ് 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിക്കുന്നു. നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് ഈ അനുമതിയെന്നതിനാൽ, റഷ്യൻ സർക്കാരിന് ഇതിലൂടെ കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

Advertising
Advertising

യുഎസിന്‍റെ അവിഭാജ്യ പങ്കാളിയാണ് ഇന്ത്യ. വരും ദിവസങ്ങളിൽ ഇന്ത്യ അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആഗോള ഊർജ വിപണിയെ പിടിയിലാക്കാനുള്ള ഇറാന്‍റെ ശ്രമങ്ങൾ സൃഷ്ടിച്ച സമ്മർദ്ദം ലഘൂകരിക്കാൻ ഈ താൽക്കാലിക നടപടി സഹായിക്കും'''ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് എക്സിൽ കുറിച്ചു.

2026 മാർച്ച് 5 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ ഫെഡറേഷന്‍റെ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപന്നങ്ങളും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനും വിൽക്കുന്നതിനും അനുമതി നൽകിക്കൊണ്ട് ട്രഷറി വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (OFAC) ലൈസൻസ് പുറപ്പെടുവിച്ചതായി ട്രഷറി പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 3 വരെയാണ് അനുമതി.

യുക്രൈൻ അധിനിവേശത്തിനെതിരെ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാൻ ട്രംപ് കഴിഞ്ഞ നവംബറിൽ റഷ്യൻ എണ്ണക്കമ്പനികളായ ലുക്കോയിൽ (Lukoil), റോസ്‌നെഫ്റ്റ് (Rosneft) എന്നിവയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.ജനുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു, 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

ആഗോള എണ്ണ വിതരണത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ ഇന്ധന ലഭ്യത കടുത്ത പ്രതിസന്ധിയിലാണ്. ഇന്ന് രാവിലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 83.07 ഡോളറായി ഉയർന്നു. എന്നാൽ, ആഗോള വിപണിയിൽ ഇത്രയും വലിയ വിലവർധനവ് ഉണ്ടായിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനുള്ള സാധ്യതയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News