ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ കരീബിയൻ കടലിലേക്ക്; ലക്ഷ്യം മഡുറോ? ട്രംപിന്റെ നീക്കത്തിന് പിന്നില്‍...

നേരത്തെ വെനസ്വേലയുടെ തീരത്ത് ബി–1 ബോംബറുകൾ യുഎസ് പറത്തിയിരുന്നു

Update: 2025-10-25 07:29 GMT
Editor : rishad | By : Web Desk
ഡോണള്‍ഡ് ട്രംപ്- നിക്കോളോസ് മഡുറോ Photo-AFP

വാഷിങ്ടണ്‍: അമേരിക്കയുടെ ഏറ്റവും നൂതനമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് കരീബിയൻ പ്രദേശത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. 

ലഹരിക്കടത്ത് തടയുന്നതിനുള്ള യുഎസ് നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് പറയപ്പെടുന്നത്. നിലവിൽ മെഡിറ്ററേനിയൻ കടലിലാണ് കപ്പലുള്ളത്. താമസിയാതെ കപ്പൽ ലാറ്റിൻ അമേരിക്കൻ തീരത്തേക്ക് നീങ്ങും. ഈ വിന്യാസത്തോടെ കരീബിയൻ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം വർദ്ധിക്കുകയാണ്,

നേരത്തെ വെനസ്വേലയുടെ തീരത്ത് ബി–1 ബോംബറുകൾ യുഎസ് പറത്തിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയും യുഎസ് ബോംബറുകൾ വെനസ്വേലയുടെ തീരത്ത് എത്തുകയും ചെയ്തിരുന്നു. കരീബിയൻ കടലിലും വെനസ്വേലയുടെ തീരത്തും സൈനിക സാന്നിധ്യം യുഎസ് വർധിപ്പിച്ചതോടെ, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ ട്രംപ് ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുകയും ചെയ്തിരുന്നു.

Advertising
Advertising

യുഎസിലേക്ക് മയക്കുമരുന്നു കടത്തുന്നതായി ആരോപിച്ച് വെനസ്വേല തീരത്ത് നിരവധി ബോട്ടുകൾ യുഎസ് സൈന്യം തകർത്തതും അടുത്തിടെയാണ്. മയക്കുമരുന്നു ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ മഡുറോ യുഎസിൽ നേരിടുന്നുണ്ട്. മഡുറോ മയക്കുമരുന്ന് കടത്ത് സംഘടനയുടെ നേതാവാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. 

നിക്കോളാസ് മഡുറോ ഭരണകൂടത്തെ കൂടുതൽ സമ്മർ‌ദ്ദത്തിലാക്കുന്നത് കൂടി ലക്ഷ്യമിട്ടുള്ള നീക്കമാണ് യുഎസിന്റെ ഏറ്റവും വലിയ യുദ്ധകപ്പല്‍ ലാറ്റനമേരിക്കന്‍ തീരത്തേക്ക് അയക്കുന്നതെന്നാണ് വിലയിരുത്തല്‍.  90 വിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ളതാണ് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിക്കപ്പൽ. ഇത് ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലാണ്. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്ക് നേരെ ആക്രമണം നടത്താൻ തനിക്കു നിയമപരമായ അധികാരം ഉണ്ടെന്ന് ട്രംപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമാനമായ ആക്രമണങ്ങൾ കരയിലും നടത്തുമെന്ന സൂചനയും നൽകിയിരുന്നു. 

അതേസമയം ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ കരീബിയയിലേക്ക് അയക്കാനുള്ള നീക്കം യുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗനമാണെന്ന് മഡുറോ ആരോപിച്ചു. ഒരു പുതിയ യുദ്ധം കെട്ടിച്ചമയ്ക്കാനാണ് ട്രംപിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News