ഉയിഗൂർവേട്ട: ചൈനയിലെ ഷിൻജിയാങ്ങിൽനിന്നുള്ള ചരക്കുകള്‍ അമേരിക്ക നിരോധിച്ചു

ഷിൻജിയാങ്ങിലെ വ്യവസായശാലകളിൽ ഉയിഗൂറുകളെ നിർബന്ധിച്ചു തൊഴിലെടുപ്പിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഭരണകൂടം ഉയിഗൂർ ഫോഴ്‌സ്ഡ് ലേബർ പ്രിവൻഷൻ ആക്ട് സെനറ്റിൽ അവതരിപ്പിച്ചത്

Update: 2021-07-15 15:17 GMT
Editor : Shaheer | By : Web Desk

ചൈനയിലെ ഷിൻജിയാങ്ങിൽനിന്ന് ചരക്കുകൾ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞ് അമേരിക്ക. ഇവിടെനിന്നുള്ള ഇറക്കുമതി വിലക്കിക്കൊണ്ടുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കി. പ്രവിശ്യയിൽ ചൈനീസ് ഭരണകൂടം ഉയിഗൂർ മുസ്‍ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി.

ഷിൻജിയാങ്ങിലെ വ്യവസായശാലകളിൽ ഉയിഗൂറുകളെ ചൂഷണം ചെയ്ത് നിർബന്ധിച്ചു തൊഴിലെടുപ്പിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഭരണകൂടം ഉയിഗൂർ ഫോഴ്‌സ്ഡ് ലേബർ പ്രിവൻഷൻ ആക്ട് സെനറ്റിൽ അവതരിപ്പിച്ചത്. ബിൽ സെനറ്റ് ഐക്യകണ്‌ഠേന പാസാക്കി. ബില്ലിന് യുഎസ് കോൺഗ്രസിന്റെ അംഗീകാരംകൂടി ലഭിക്കേണ്ടതുണ്ട്.

Advertising
Advertising

ചൈനീസ് പരുത്തിയുടെ 85 ശതമാനവും ഷിൻജിയാങ്ങിലാണ് ഉൽപാദിപ്പിക്കുന്നത്. ആഗോള വിപണിയിലെത്തുന്ന പരുത്തിയുടെ അഞ്ചിലൊന്നു വരുമിത്. നേരത്തെ ഷിൻജിയാങ്ങിൽനിന്നുള്ള പരുത്തിയും തക്കാളിയും ഇറക്കുമതി ചെയ്യുന്നത് അമേരിക്ക നിരോധിച്ചിരുന്നു. മേഖലയിൽ ഫാക്ടറികളുള്ള 14 ചൈനീസ് കമ്പനികളെ ബൈഡൻ ഭരണകൂടം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഷിൻജിയാങ് പ്രവിശ്യയിൽ ഉയിഗൂറുകൾ അടങ്ങുന്ന മുസ്‍ലിം ന്യൂനപക്ഷങ്ങളെ ചൈനീസ് ഭരണകൂടം വേട്ടയാടുന്നതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017ൽ ചൈന ആരംഭിച്ച ഉയിഗൂർ പീഡനത്തിന്റെ ഭാഗമായി ഇതിനകം പത്തു ലക്ഷത്തിലേറെപേരെ തടവിലിട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്ക്. ബാക്കിയുള്ളവരെല്ലാം തുറന്ന ജയിലുകളിലാണ് കഴിയുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. തടവിലുള്ളവരെക്കൊണ്ട് നിർബന്ധിപ്പിച്ച് വ്യവസായശാലകളിൽ തൊഴിലെടുപ്പിക്കുന്നതായും ജയിലിനു പുറത്തുള്ളവരെ ഭരണകൂടം വൻനിരീക്ഷണസംവിധാനങ്ങളുമായി വേട്ടയാടുന്നതായും വിവിധ അന്താരാഷ്ട്ര സ്വതന്ത്രാന്വേഷണ സംഘങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ, ഇത്തരം റിപ്പോർട്ടുകളെല്ലാം ചൈന തള്ളിക്കളഞ്ഞിട്ടുണ്ട്. ഉയിഗൂറുകൾക്കും മറ്റു മുസ്‍ലിംകള്‍ക്കും പുനർവിദ്യാഭ്യാസം നൽകാനുള്ള പദ്ധതിയുടെ ഭാഗമാണ് ഷിൻജിയാങ്ങിലെ തടവറകളെന്നാണ് ചൈനയുടെ വിശദീകരണം.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News