'രഹസ്യവിവരങ്ങൾ സ്വന്തമാക്കാൻ നീക്കം'; 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ടർ റഷ്യയിൽ അറസ്റ്റിൽ

20 വർഷം വരെ ജയിലിൽ കഴിയേണ്ട കുറ്റമാണ് 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ടറായ ഇവാൻ ഗെർഷ്‌കോവിച്ചിനെതിരെ ചുമത്തിയിരിക്കുന്നത്

Update: 2023-03-30 12:24 GMT
Editor : Shaheer | By : Web Desk

മോസ്‌കോ: ചാരപ്രവർത്തനം ആരോപിച്ച് അമേരിക്കൻ മാധ്യമപ്രവർത്തകൻ റഷ്യയിൽ അറസ്റ്റിൽ. 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ടറായ ഇവാൻ ഗെർഷ്‌കോവിച്ചിനെയാണ് റഷ്യൻ സുരക്ഷാ വിഭാഗമായ ഫെഡറൽ സെക്യൂരിറ്റി സർവീസ്(എഫ്.എസ്.ബി) കസ്റ്റഡിയിലെടുത്തത്. സർക്കാരുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ സ്വന്തമാക്കാൻ ശ്രമിച്ചതിനാണ് നടപടി.

യുക്രൈൻ യുദ്ധം, റഷ്യയിലെ വിവിധ വിഷയങ്ങൾ, വ്‌ളാദ്മിർ പുടിന്റെ രഹസ്യ ആയുധ കമ്പനിയെന്ന് വിലയിരുത്തപ്പെടുന്ന വാഗ്നർ ഗ്രൂപ്പിന്റെ ഇടപാടുകൾ ഉൾപ്പെടെ 'വാൾസ്ട്രീറ്റി'നു വേണ്ടി റിപ്പോർട്ട് ചെയ്യുന്നത് ഇവാൻ ഗെർഷ്‌കോവിച്ചാണ്. മാധ്യമത്തിന്റെ മോസ്‌കോ ബ്യൂറോ കേന്ദ്രമായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം റഷ്യൻ നഗരമായ യെകാറ്റെറിൻബർഗിൽനിന്നാണ് ഇവാൻ അറസ്റ്റിലായത്. ഇവിടെ റഷ്യൻ സൈനിക-വ്യാവസായിക സമുച്ചയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ശേഖരിക്കുകയായിരുന്നു അദ്ദേഹമെന്നാണ് എഫ്.എസ്.ബി ആരോപിക്കുന്നത്.

Advertising
Advertising

അറസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ എഫ്.എസ്.ബി പുറത്തുവിട്ടിട്ടില്ല. ചുമത്തപ്പെട്ട കുറ്റം ചാരപ്രവർത്തനമായതിനാൽ ഇവാനിന് 20 വർഷംവരെ തടവിൽ കഴിയേണ്ടിവരും. ശീതയുദ്ധത്തിനുശേഷം ചാരപ്രവർത്തനം ആരോപിച്ച് റഷ്യയിൽ അറസ്റ്റിലാകുന്ന ആദ്യത്തെ അമേരിക്കൻ മാധ്യമപ്രവർത്തകനാണ് ഇവാൻ.

റഷ്യൻ അന്വേഷണ ഏജൻസിയുടെ ആരോപണങ്ങൾ തള്ളിക്കളയുന്നതായി വാൾസ്ട്രീറ്റ് ജേണൽ പ്രതികരിച്ചു. നിഷ്പക്ഷതയോടെയും വിശ്വസ്തതയോടെയും പ്രവർത്തിക്കുന്ന തങ്ങളുടെ റിപ്പോർട്ടറായ ഇവാൻ കെർഷ്‌കോവിച്ചിനെ അടിയന്തരമായി മോചിപ്പിക്കണമെന്നും മാധ്യമം വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. മികച്ച റിപ്പോർട്ടറും സുഹൃത്തുമായ ഇവാന്റെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്ന് 'ഫിനാൻഷ്യൽ ടൈംസ്' മോസ്‌കോ ബ്യൂറോ ചീഫ് മാക്‌സ് സെഡൻ പ്രതികരിച്ചു. എഫ്.എസ്.ബി ഉന്നയിക്കുന്ന ആരോപണങ്ങൾ അവ്യക്തമാണെന്ന് വാഷിങ്ടൺ പോസ്റ്റിന്റെ റഷ്യൻ ലേഖി ഫ്രാൻസിക എബെൽ പറഞ്ഞു. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് നടപടിയിൽ ആശങ്ക രേഖപ്പെടുത്തി.

Summary: Russia detains the Wall Street Journal(WSJ) reporter Evan Gershkovich on espionage charges

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News