'പേടിയെന്തിന്? ഞാന്‍ കടിക്കുകയൊന്നുമില്ല': പുടിനോട് സെലന്‍സ്കി

'ഞങ്ങളുടെ ഭൂമി വിട്ടുപോകൂ' എന്ന് പുടിനോട് സെലന്‍സ്കി

Update: 2022-03-04 05:11 GMT

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കി. പുടിനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണും തമ്മിലുള്ള കൂടിക്കാഴ്ച പരാമര്‍ശിച്ചാണ് സെലന്‍സ്കി ഇക്കാര്യം പറഞ്ഞത്.

"ഞാനുമായി ചര്‍ച്ച ചെയ്യാന്‍ വരാത്തതെന്താ? യുദ്ധം നിര്‍ത്താനുള്ള ഒരേയൊരു മാര്‍ഗം ഇതാണ്. ഞാൻ കടിക്കില്ല. നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?" എന്നാണ് സെലന്‍സ്കിയുടെ ചോദ്യം.

റഷ്യ അധിനിവേശം തുടങ്ങി ഒന്‍പത് ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടു ഘട്ട ചര്‍ച്ച പൂര്‍ത്തിയായി. സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ചർച്ചയിൽ ധാരണയായി. എന്നാൽ ചർച്ചയിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലസ്‌കി പ്രതികരിച്ചു. ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യൻ പ്രസിഡന്റ് പുടിന്റെ നിലപാട്. ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽ വെച്ചായിരുന്നു ചർച്ച.

Advertising
Advertising

ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും ചർച്ചക്ക് ഇരുരാജ്യങ്ങളും തയ്യാറായത്. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽ നിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ വെടിനിർത്തലോ മറ്റ് നിർണായക പ്രഖ്യാപനങ്ങളോ റഷ്യയുടെ ഭാഗത്തും നിന്നും ഉണ്ടായില്ല.

യുക്രൈനെ നിരായുധീകരിക്കാതെ പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് റഷ്യ. എന്നാൽ റഷ്യയുടെ ആവശ്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാൻ തയ്യാറല്ല യുക്രൈൻ ഭരണകൂടം. മൂന്നാം വട്ട ചർച്ചകൾക്ക് ധാരണയായെങ്കിലും യുക്രൈൻ പിന്മാറാതെ റഷ്യ സമവായത്തിന് തയ്യാറാകില്ലെന്നാണ് ഇരുചർച്ചകളും സൂചിപ്പിക്കുന്നത്.

"ഞങ്ങൾ റഷ്യയെ ആക്രമിക്കുന്നില്ല, ആക്രമിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല. നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്താണ് വേണ്ടത്? ഞങ്ങളുടെ ഭൂമി വിട്ടുപോകൂ"- സെലന്‍സ്കി പുടിനെ അഭിസംബോധന ചെയ്ത് പറഞ്ഞു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News