സക്കർബർഗിനെ കൊണ്ട് പൊറുതിമുട്ടി അയൽക്കാർ; കാരണം ഇത് !
2011ൽ 5,600 സ്‌ക്വയർ ഫീറ്റിൽ ഒരു വീട് വാങ്ങിയാണ് സക്കർബർഗ് ക്രസന്റ് പാർക്ക് ഏരിയയിൽ താമസമാക്കുന്നത്..
കാലിഫോർണിയയിലെ പാലോ അൽട്ടോ സിറ്റിയിലുള്ള ക്രസന്റ് പാർക്ക് ഏരിയ, ഭംഗിയേറിയ റെസിൻഷ്യൽ സ്‌പേസുകൾ കൊണ്ട് സമ്പന്നമാണ്. പൂമരങ്ങൾ അതിരിടുന്ന വഴികളും, പുൽമെത്തകൾ നിറഞ്ഞ വീട്ടുമുറ്റങ്ങളും ഒക്കെയായി വളരെ മനോഹരമായ ഒരു സ്ഥലം.. പരമ്പരാഗത രീതിയിൽ നിർമിച്ച വീടുകളാണ് ഈ റെസിഡൻഷ്യൽ ഏരിയകളുടെ പ്രധാന ഹൈലൈറ്റ്.
നഗരത്തിരക്കുകളിൽ നിന്ന് മാറി, സൈ്വര്യജീവിതം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്ഥലമായാണ് ക്രസന്റ് പാർക്ക് അറിയപ്പെടുന്നത്. ഡോക്ടർമാരും അഭിഭാഷകരും ബിസിനസുകാരും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും ഒക്കെയാണ് ഇവിടെ സ്ഥിരതാമസക്കാർ.
പക്ഷേ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രസന്റ് പാർക്കിന്റെ മുഖച്ഛായ തന്നെ മാറുന്നതായാണ് പ്രദേശവാസികളുടെ പരാതി. ഇതിന് ഒരൊറ്റക്കാരണമാണ് അവർ ചൂണ്ടിക്കാട്ടുന്നത്- മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്.
ക്രസന്റ് ഏരിയയിലെ താമസക്കാരിൽ പ്രധാനിയാണ് മാർക്ക് സക്കർബർഗ്. പങ്കാളി പ്രിസില്ലയ്‌ക്കൊപ്പം 14 വർഷങ്ങൾക്ക് മുമ്പാണ് സക്കർബർഗ് ക്രസന്റ് പാർക്കിൽ താമസമാക്കുന്നത്. എന്നാൽ അന്നുമുതൽ പ്രദേശത്തെ ഒരുവിധപ്പെട്ട എല്ലാ ഏരിയകളും സക്കർബർഗ് വാങ്ങി. ഇപ്പോൾ ഇവിടുത്തെ രണ്ട് സ്ട്രീറ്റ് അപ്പാടെ സക്കർബർഗിന്റെയും പ്രിസില്ലയുടെയും പേരിലാണ്.
സ്വകാര്യതയും സുരക്ഷയുമൊക്കെ മുൻനിർത്തിയാണ് സക്കർബർഗ് തന്റെ വീടിന് ചുറ്റുമുള്ള പ്രദേശം ഭൂരിഭാഗവും സ്വന്തമാക്കിയത്. എന്നാൽ സക്കർബർഗിന്റെ ഈ സ്ഥലം വാങ്ങിക്കൂട്ടൽ തങ്ങളുടെ സ്ഥലത്തിന്റെ സ്വാഭാവികത കളഞ്ഞുവെന്നാണ് പ്രദേശവാസികളുടെ പരാതി. പ്രദേശത്തിന്റെ സാമൂഹിക സ്ഥിതി തന്നെ സക്കർബർഗ് കാരണം നഷ്ടപ്പെട്ടുവെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.
2011ൽ 5,600 സ്‌ക്വയർ ഫീറ്റിൽ ഒരു വീട് വാങ്ങിയാണ് സക്കർബർഗ് ക്രസന്റ് ഏരിയയിൽ താമസമാക്കുന്നത്. പൈതൃക മേഖലയായ എഡ്ജ് വുഡ് ഡ്രൈവ് എന്ന സ്ഥലത്ത്, ഒരു പരമ്പരാഗത, അത്യാഡംബര ബംഗ്ലാവ് വിലയ്ക്ക് വാങ്ങുകയായിരുന്നു സക്കർബർഗും പ്രിസില്ലയും. പാലോ അൽട്ടോയിലെ തന്നെ ഏറ്റവും കാലപ്പഴക്കം ചെന്ന വീടാണിത്. എഡ്ജ്‌വുഡിൽ പ്രത്യേക സംരക്ഷണം നൽകി, റിനോവേറ്റ് ചെയ്തു വരികയായിരുന്നു ഇത്.
കാലിഫോർണിയയിൽ, മെറ്റയുടെ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന മെൻലോ പാർക്കിൽ നിന്ന് മൂന്ന് മൈലുകൾ മാത്രം മാറിയാണ് എഡ്ജ്‌വുഡ്. സക്കർബർഗ് താമസം തുടങ്ങിയത് മുതൽ, ഇതൊരു മൾട്ടി ഹൗസ് കോംപൗണ്ട് ആയി വികസിക്കാൻ തുടങ്ങി. വീടിന് ചുറ്റും ഓഫീസ് സ്‌പേസും പ്രൈവറ്റ് ഏരികളുമൊക്കെയായി സക്കർബർഗ് തന്റെ പ്രോപ്പർട്ടിയുടെ രൂപം തന്നെ മാറ്റി.
താമസം തുടങ്ങി ആദ്യ കാലങ്ങളിൽ വീടിനടുത്തുള്ള സ്ഥലവും വീടുകളും മുഴുവൻ സ്വന്തമാക്കുകയാണ് സക്കർബർഗ് ചെയ്തത്. പിന്നീട് 2012ലും 13ലുമായി വീടിനോട് ചേർന്ന നാല് വീടുകൾ കൂടി ഇദ്ദേഹം പൊന്നുംവില നൽകി വാങ്ങി. ആ കാലത്ത് തന്നെ 40 മില്യൺ ഡോളർ വീടുകൾക്കായി അദ്ദേഹം നൽകിയെന്നാണ് വിവരം. ഇതോടെ വീടിന് ചുറ്റും എൽ ഷേപ്പിൽ ഒരു പ്രോപ്പർട്ടി അദ്ദേഹം ഉണ്ടാക്കിയെടുത്തു.
പിന്നീട് 2022 തൊട്ട് ഈ വർഷം വരെ സക്കർബർഗ് ആറ് പ്രോപ്പർട്ടികൾ കൂടി വാങ്ങി. ഔദ്യോഗിക കണക്കനുസരിച്ച് നിലവിൽ ക്രസന്റ് ഏരിയയിൽ മാത്രം നിലവിൽ 11 വീടുകൾ സക്കർബർഗിന്റെ പേരിലുണ്ട്. പൈൻ ബറോ, സീഡ് ബ്രീസ് എന്നിങ്ങനെ പ്രകൃതിയോട് ചേർന്നു നിൽക്കുന്ന പേരുകളാണ് വീടുകൾക്കെല്ലാം.
വീട്ടുകാരെ കണ്ണഞ്ചിപ്പിക്കുന്ന വില നൽകിയാണ് സക്കർബർഗിന്റെ ടീം കയ്യിലെടുക്കുന്നത്. വളരെ കോൺഫിഡൻഷ്യലായി കരാറുകൾ ഒപ്പിടാനാണ് വില്പനക്കാർക്കുള്ള നിർദേശം. ചിലപ്പോൾ ഇടനിലക്കാരില്ലാതെ വീട്ടുടമസ്ഥരെ നേരിട്ടും സമീപിക്കും. മാർക്കറ്റ് വിലയുടെ രണ്ടിരട്ടിയും മൂന്നിരട്ടിയുമൊക്കെ ഓഫർ ചെയ്താണ് കച്ചവടം നടത്തുന്നത്. അടുത്തിടെ ഇത്തരത്തിൽ ഒരു വീടിന് നൽകിയത് 14.5 മില്യൺ ഡോളറായിരുന്നു.
ഇനി വീടിന് ചുറ്റുമുള്ള പ്രോപ്പർട്ടികൾ വാങ്ങി ഭംഗിയിൽ മോടി പിടിപ്പിക്കുകയാണ് മെറ്റ സിഇഒ ചെയ്യുക എന്ന് കരുതേണ്ട, സുരക്ഷയ്ക്കാണ് പ്രാധാന്യം. പ്രോപ്പർട്ടികൾ വാങ്ങിയാൽ വലിയ റിനോവേഷനാണ് നടക്കുന്നത്. വലിയ ബംഗ്ലാവുകളൊക്കെ ഇടിച്ചുപൊളിച്ച്, ചെറിയ ചെറിയ യൂണിറ്റുകളായി തിരിക്കും. വലിയ ബേസ്‌മെന്റുകളും മുറ്റവും പൂന്തോട്ടവുമൊക്കെയായി റീക്രിയേഷൻ സെന്ററുകൾ ഇവയുടെ സ്ഥാനത്ത് നിർമിക്കും.
സ്വിമ്മിംഗ് പൂളുകൾ നികത്തി ഓപ്പൺ ലോണുകളും പിക്കറ്റ്‌ബോൾ കോർട്ടും ഗസ്റ്റ്ഹൗസുമൊക്കെ നിർമിക്കുന്നതാണ് മറ്റൊരു രീതി. പ്രധാന വീടിനും അതിനെ തൊട്ടിരിക്കുന്ന കെട്ടിടങ്ങൾക്കും താഴെ 7000 സ്‌ക്വയർ ഫീറ്റിൽ അണ്ടർഗ്രൗണ്ട് സ്‌പേസും സക്കർബർഗ് ഒരുക്കിയിട്ടുണ്ട്.. ബങ്കറുകൾ എന്നാണ് ഇവയെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ചിരിക്കുന്ന സ്‌പേസുകളാണ് ഇവയെന്നാണ് വിവരം.
മിക്ക കെട്ടിടങ്ങളും മനോഹരമായ നടപ്പാതകൾ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഈ പ്രോപ്പർട്ടിയെ ചുറ്റി കനത്ത മതിൽക്കെട്ടുമുണ്ട്. ഒരുകാലത്ത്, തുറസ്സായ, മനോഹരമായ പ്രദേശമായിരുന്ന ഒരു സ്ഥലത്തെ, ഇങ്ങനെ അടച്ചുകെട്ടിയതിൽ പരിഭവം പറയുന്നവരാണ് അയൽവാസികളിൽ ഏറെയും.
സ്ഥലത്ത് ഇങ്ങനെ കൂടെക്കൂടെ പുനർനിർമാണം നടക്കുന്നത് വലിയ തലവേദനയുമാണ് ഇവർക്കൊക്കെ തന്നെ. നിർമാണപ്രവൃത്തികൾക്ക് എത്തുന്ന വലിയ വണ്ടികളും മറ്റും വഴി തടസ്സപ്പെടുത്തുകയും ചിലപ്പോൾ മറ്റ് വണ്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ട് പ്രദേശത്തിന്റെ ഭംഗി കളയുന്നതാണ് പ്രദേശവാസികളുടെ മറ്റൊരു പരാതി.
പ്രോപ്പർട്ടിക്കുള്ളിൽ ഒരു പ്രൈവറ്റ് സ്‌കൂളും ഉണ്ടെന്നാണ് വിവരം. 14 കുട്ടികൾ ഇവിടെ പഠിക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് കമ്മ്യൂണിറ്റി നിയമങ്ങൾക്ക് എതിരാണെന്ന് കാട്ടി അസോസിയേഷൻ അംഗങ്ങൾ പല തവണ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്.
പ്രധാന വീടിനും ചുറ്റുമുള്ള പ്രോപ്പർട്ടിക്കും കനത്ത സുരക്ഷയാണുള്ളത്. കനത്ത മതിലുകളിൽ ചെടികൾ പടർത്തി ഒരു കാടിനുള്ളിലെന്നവണ്ണമാണ് പ്രോപ്പർട്ടി. ഇവിടേക്ക് സ്ഥിരമായി ഫുഡ് ഡെലിവറി നടക്കുന്നതും പരിപാടികൾക്കായി അലങ്കാരപ്പണികൾ ചെയ്യുന്നതും ഫോർമൽ സ്യൂട്ട് ധരിച്ചും ആളുകളെത്തുന്നതും അല്ലാതെ ഉള്ളിലുള്ളവരെ പുറത്തേക്ക് നാട്ടുകാർ കണ്ടിട്ടില്ല.
ഇനി സെക്യൂരിറ്റി ക്യാമറയുടെ കാര്യമാണെങ്കിൽ അയൽക്കാരുടെ പ്രോപ്പർട്ടിയെ ഫോക്കസ് ചെയ്തടക്കം ക്യാമറകളുണ്ട്. ഇതിൽ പല വീട്ടുകാരും പരാതി പറഞ്ഞിട്ടും കാര്യമൊന്നുമുണ്ടായിട്ടില്ല. തിരിച്ച് സക്കർബർഗിന്റെ വീട്ടിലേക്കും ക്യാമറ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഒരാളുടെ വീട്ടിലേക്കുള്ള ക്യാമറയുടെ ഫോക്കസ് സെക്യൂരിറ്റി മാറ്റിയത്. എന്നിരുന്നാലും വീടിന് മുന്നിൽ കൂടി നടക്കാൻ പോകുന്നവരെ പോലും സെക്യൂരിറ്റി ഉദ്യോഗസ്ഥർ ചെക്ക് ചെയ്തു വിടും.
സക്കർബർഗിനുള്ള വധഭീഷണിയടക്കം മുൻനിർത്തിയാണ് ഈ കനത്ത സുരക്ഷ എന്നാണ് അദ്ദേഹത്തിന്റെ വക്താവ് ആരോണ് മക്ലിയർ പ്രതികരിക്കുന്നത്. ക്യാമറകളൊന്നും അയൽവീടുകളെ പകർത്തുന്നില്ലെന്നും അടിയന്തര ഘട്ടങ്ങളിൽ ആവശ്യം വരുമെന്ന് കരുതിയാണ് അവ വെച്ചിരിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. വീട്ടിൽ നടക്കുന്ന പരിപാടികൾ കൊണ്ട് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മുൻകൂട്ടി നോട്ടീസ് നൽകാറുണ്ടെന്നും മക്ലിയർ പറയുന്നുണ്ട്.
ഇനി അയൽക്കാരുമായുള്ള ബന്ധം ഊഷ്മളമായില്ലെങ്കിലും, വഷളാവണ്ട എന്ന് കരുതിയുള്ള ചില സമീപനങ്ങളും സക്കർബർഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. ഇടയ്ക്കിടെ അയൽക്കാർക്കായി ചില ഗിഫ്റ്റുകൾ കുടുംബം അയക്കാറുണ്ടെന്നാണ് വിവരം. ചോക്കലേറ്റുകളും വൈനും നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോണുകളുമൊക്കെ പല സന്ദർങ്ങളിലായി കിട്ടിയിട്ടുണ്ടെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നുണ്ട്.
അടുത്തിടെ അസോസിയേഷൻ നടത്തിയ ഒരു പാർട്ടിയിലേക്ക് ഒരു ഐസ്‌ക്രീം ട്രക്ക് ആണ് സക്കർബർഗ് കൊടുത്തയച്ചത്. പാർട്ടിയിൽ പങ്കെടുക്കാനാകാത്തതിൽ ഖേദമുണ്ടെന്ന് അധികൃതരെ അറിയിക്കുകയും ചെയ്തത്രേ.. ഇത് കൂടാതെ ശബ്ദമലിനീകരണം കുറയ്ക്കാൻ സെക്യൂരിറ്റി ജീവനക്കാർക്ക് ഇലക്ട്രിക് വാഹനങ്ങളും മെറ്റ സിഇഒ ഏർപ്പെടുത്തിയിട്ടുണ്ട്..
പക്ഷേ സക്കർബർഗ് എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും തങ്ങളുടെ കുഞ്ഞ് സ്ഥലത്തോട് അദ്ദേഹം ചെയ്തത് കണ്ടില്ലെന്ന് വയ്ക്കാൻ ക്രസന്റ് പാർക്കിലെ ആളുകൾക്ക് കഴിയില്ല. ഇളംവെയിലുള്ള വൈകുന്നേരങ്ങളിലെ ഒത്തുകൂടലും ജെസിബിയുടെ ശബ്ദമില്ലാത്ത പകലുകളുമൊക്കെ ഇവർക്ക് ഇപ്പോൾ വിദൂര സ്വപ്‌നമാണ്. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഒരു ഭൂപ്രകൃതി അപ്പാടെ മാറ്റുന്ന ടെക്ക് ശതകോടീശ്വരന്മാരുടെ സമീപനം എത്രത്തോളം അസഹനീയമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് അവർ.