എന്തിനാണ് ഇങ്ങനെയൊരു സംഘടന?ലോകം ചോദിക്കുന്നു, വംശഹത്യ തടയാൻ യുഎന്നിന് കഴിവില്ലേ!

ഗസ്സയിൽ എത്തിനിൽക്കുമ്പോൾ സംഘടനയുടെ പ്രസക്തി തന്നെ നഷ്‌ടപ്പെട്ടുപോകുന്ന ഒരു അവസ്ഥയാണ് കാണാനാകുന്നത്. ഇനിയും വൈകിയാല്‍ മുന്‍ഗാമിയായ ലീഗ് ഓഫ് നേഷൻസിന്റെ ഗതിയാകും യുഎന്നിന് വരാനിരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകുന്നവരുമുണ്ട്...

Update: 2025-09-23 09:20 GMT
Editor : banuisahak | By : Web Desk

യുഎന്നിന്റെ കഴിവും ശക്തിയുമൊക്കെ നശിച്ചോ? എല്ലാത്തിനും മേൽ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാൻ രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് ഐക്യരാഷ്ട്രസഭ അല്ലെങ്കിൽ യുഎൻ എന്നായിരുന്നു വിശ്വാസം. എന്നാൽ, ഈ സംഘടന ബലഹീനമായി കൊണ്ടിരിക്കുകയാണ് എന്നാണ് സമീപകാലങ്ങളിലെ ആഗോള സംഭവങ്ങൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ഗസ്സയെ നോക്കുമ്പോൾ.. ഗസ്സയിൽ ഇസ്രായേൽ ഫലസ്‌തീനികൾക്കെതിരെ നടത്തുന്നത് വംശഹത്യയാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തുന്നത്. 1948ലെ വംശഹത്യ കൺവെൻഷൻ നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യാ മാനദണ്ഡങ്ങളിൽ നാലെണ്ണം ഇസ്രായേൽ ചെയ്‌തിട്ടുണ്ടെന്നും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും 72 പേജുള്ള രേഖയിൽ യുഎൻ ആരോപിക്കുന്നുണ്ട്.

Advertising
Advertising

യുദ്ധത്തെക്കുറിച്ചുള്ള ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ശക്തവും ആധികാരികവുമായ കണ്ടെത്തലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടാണ് യുഎൻ പുറത്തുവിട്ടത്... അപ്പോഴും വകവെക്കാൻ പോലും കൂട്ടാക്കുന്നില്ല ഇസ്രായേൽ. ആക്രമണം അവസാനിപ്പിക്കണമെന്നും ഉപരോധം നീക്കണമെന്നും ആവർത്തിച്ച് ആവർത്തിച്ച് യുഎൻ പറയുമ്പോഴും അത് വെറും വാക്കുകളിൽ മാത്രമായി ഒതുങ്ങിപ്പോവുകയാണ്.. പിന്നെ എന്തിനാണ് ഇങ്ങനെയൊരു സംഘടന എന്ന് ലോകം വിരൽചൂണ്ടി ചോദിക്കുന്നു. ഒരുകാലത്ത് മനുഷ്യരാശിയുടെ സംരക്ഷണത്തിന്റെ നെടുംതൂണായിരുന്ന ഐക്യരാഷ്ട്രസഭയുടെ കരുത്ത് എവിടെപ്പോയി? എന്തുകൊണ്ടാണ് യുഎന്നിന് ഒന്നും ചെയ്യാനാകാതെ പോകുന്നത്? 

സുഡാനിലെ പ്രതിസന്ധി മുതൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അക്രമം വരെ ഐക്യരാഷ്ട്രസഭയുടെ പരാജയം വ്യക്തമാണ്. ഗസ്സയിൽ എത്തിനിൽക്കുമ്പോൾ സംഘടനയുടെ പ്രസക്തി തന്നെ നഷ്‌ടപ്പെട്ടുപോകുന്ന ഒരു അവസ്ഥയാണ് കാണാനാകുന്നത്. ഇനിയും വൈകിയാല്‍ മുന്‍ഗാമിയായ ലീഗ് ഓഫ് നേഷൻസിന്റെ ഗതിയാകും യുഎന്നിന് വരാനിരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകുന്നവരുമുണ്ട്. 1945ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ രൂപീകരിക്കപ്പെട്ടത് ലോകസമാധാനം സംരക്ഷിക്കാനാണ്. യുഎന്നിന്റെ ആറ് മുഖ്യ വിഭാഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് പതിനഞ്ചംഗ രക്ഷാസമിതി. തൊട്ടടുത്ത സ്ഥാനം പൊതുസഭ അഥവാ ജനറല്‍ അസംബ്ളിക്കാണുള്ളത്.

ലോകത്തെവിടെയും യുദ്ധമോ മറ്റേതെങ്കിലും വിധത്തിലുള്ള സംഘര്‍ഷമോ ഉണ്ടായാല്‍ അതിന് അതിവേഗം പരിഹാരം കാണാൻ ശ്രമിക്കുക എന്നത് രക്ഷാസമിതിയുടെ ഉത്തരവാദിത്തമാണ്. യുദ്ധം നടക്കുന്നയിടങ്ങളിൽ സമാധാന സേനയെ വിന്യസിക്കുക, സംഘര്‍ഷത്തിന് ഇടയാക്കുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതും രക്ഷാസമിതി തന്നെയാണ്. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ ദൗർബല്യം യഥാർത്ഥ ശക്തി നിലനിൽക്കുന്ന ഈ സുരക്ഷാ കൗൺസിലിന്റെ ഘടനയിലാണ്. രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങൾ, താൽകാലിക അംഗങ്ങൾ എന്നിങ്ങനെ രണ്ടുതരം അംഗങ്ങളുണ്ട്. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ അഞ്ച് രാജ്യങ്ങളാണ് പെർമനന്റ് ഫൈവ്, ചുരുക്കത്തിൽ പി5 എന്നും അറിയപ്പെടുന്നു.

മറ്റ് അംഗങ്ങള്‍ക്കില്ലാത്ത പദവിയും പ്രാധാന്യവും ഈ സ്ഥിരാംഗങ്ങള്‍ക്ക് നല്‍കുന്നത് അവരുടെ വീറ്റോ അധികാരമാണ്. ഒരു പ്രമേയം കൊണ്ടുവന്നാൽ രക്ഷാസമിതിയിലെ മൊത്തം 15 അംഗങ്ങളില്‍ 14 എണ്ണംവരെ അനുകൂലിച്ചാലും ഒരു സ്ഥിരാംഗം എതിർത്താൽ ആ പ്രമേയം പാസാകില്ല. ഗസ്സയിലേത് അടക്കം പല സുപ്രധാന പ്രശ്‌നങ്ങൾക്കും സംഘർഷങ്ങൾക്കും പരിഹാരം കാണാനാകാതെ രക്ഷാസമിതിക്ക് നിസ്സഹായമായി നില്‍ക്കേണ്ടിവരുന്നത് ഇതുകൊണ്ടാണ്. ഗസ്സയുടെ കാര്യത്തിൽ വീറ്റോ പ്രയോഗിക്കുക ആരാണെന്ന് ഊഹിക്കാമല്ലോ, അമേരിക്ക തന്നെയായിരിക്കും. ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയങ്ങൾ 2023 മുതൽ ആറുതവണയെങ്കിലും യുഎസ് വീറ്റോ ചെയ്‌തിട്ടുണ്ട്‌.

ജനറൽ അസംബ്ലിയിൽ ഭൂരിപക്ഷ വോട്ടുകളോടെ പ്രമേയം പാസാക്കാമെങ്കിലും അത് പലപ്പോഴും സാധ്യമല്ല. 2023 ഒക്ടോബർ 27ന് 193 അംഗ രാഷ്ട്രങ്ങളിൽ 120 പേർ ജനറൽ അസംബ്ലിയിൽ വെടിനിർത്തലിന് അനുകൂലമായി വോട്ട് ചെയ്‌തിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അപൂർവ്വമായി ഉപയോഗിക്കുന്ന ആർട്ടിക്കിൾ 99 ഉപയോഗിച്ച് രക്ഷാസമിതിയിലും വെടിനിർത്തലിന് ആഹ്വാനം ഉയർന്നു, എന്നാൽ യു.എസ്. വീറ്റോ മൂലം അത് വീണ്ടും പരാജയപ്പെടുകയായിരുന്നു. ഇതേവർഷം ഡിസംബർ 22ന്, സെക്യൂരിറ്റി കൗൺസിൽ ഗസയിലേക്ക് കൂടുതൽ മാനവിക സഹായത്തിനുള്ള ഒരു പ്രമേയം അംഗീകരിച്ചു. എന്നാൽ, അവിടെയും യുഎസ് വോട്ടുചെയ്യാതെ വിട്ടുനിൽക്കുകയായിരുന്നു.

യുഎസ് ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയാണ്. ആയുധങ്ങൾ അടക്കം എല്ലാ പിന്തുണയും നൽകി ഇസ്രായേലിന്റെ കൂടെത്തന്നെ നിൽക്കുന്നുണ്ട്. 1967 മുതൽ ഗസ്സ അധിനിവേശത്തിനെതിരെ യുഎൻ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. 2008, 2012, 2014, 2021, 2022 എന്നീ വർഷങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലെല്ലാം യുഎൻ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. യുഎസ് 30ലധികം തവണ ഇസ്രായേലിനെ സംരക്ഷിക്കാൻ വീറ്റോ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുഎസിന്റെ വീറ്റോകൾ തന്നെയാണ് ഗസ്സയിലേക്ക് മാനുഷികസഹായം എത്തിക്കുന്നതിനും യുഎന്നിന് തടസ്സമായത്.

യുഎൻ പക്ഷപാതപരമാണെന്ന് പറഞ്ഞ് ഇസ്രായേലും അവരുടെ പ്രവർത്തികളെ ന്യായീകരിക്കുന്നുണ്ട്. ഗസ്സയെ ഹമാസിന് നിന്ന് മോചിപ്പിക്കുന്നതിനെ കുറിച്ച് യുഎൻ സംസാരിക്കുന്നില്ല, ബന്ദികളെ അവഗണിക്കുന്നു തുടങ്ങി പല ന്യായങ്ങളും നിരത്തുന്നുണ്ട് ഇസ്രായേൽ. യുഎൻ പരാജയപ്പെട്ടതായി ഫലസ്‌തീൻ കണക്കാക്കുന്നുണ്ടെങ്കിലും സംഘടനയുടെ ശക്തി നശിച്ചതായി വിശ്വസിക്കുന്നില്ല. . അന്താരാഷ്ട്ര സമൂഹം ശക്തിരഹിതമല്ല, യുഎൻ ചാർട്ടറും നിയമങ്ങളും ഉപയോഗിക്കാനും അവർ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

യുഎൻ 1945ല്‍ രൂപംകൊള്ളുമ്പോള്‍ ഉണ്ടായിരുന്നതുപോലുള്ള രാജ്യാന്തര സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും ഏറെക്കുറെ വ്യത്യസ്‌തമാണ്. അതിനെയെല്ലാം ഫലപ്രദമായി നേരിടാന്‍ കഴിയുന്ന മാറ്റങ്ങൾ യുഎന്നിൽ കൊണ്ടുവരണമെന്ന ആവശ്യം വളരെ മുൻപ് തന്നെ ഉയർന്നിരുന്നു. യുഎന്നിന് ഇപ്പോഴത്തെ അര്‍ദ്ധ നിര്‍ജീവാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാന്‍ വേഗത്തിലുള്ള മാറ്റം അനിവാര്യമാണെന്ന് ലോകരാഷ്ട്രനേതാക്കളും പൊതുവെ അഭിപ്രായപ്പെട്ടിരുന്നു. സംഘടനയുടെ ഘടനയില്‍ തന്നെ മാറ്റം വരുത്തണമെന്നാണ് പ്രധാന ആവശ്യം. സ്ഥിരാംഗങ്ങളും എണ്ണം കൂട്ടണമെന്നും നേരത്തെ നിർദേശം നിലവിലുണ്ട്.

യുഎന്നിന്റെ ഇത്തരത്തിലുള്ള പരാജയങ്ങൾ ഇതാദ്യമല്ല. 1994ൽ റുവാണ്ട, 1995ൽ ബോസ്‌നിയ, 2003ൽ ഡാർഫൂർ എന്നിവിടങ്ങളിൽ നടന്ന വംശഹത്യയിലും യുഎൻ ഇടപെടൽ ഏറെ വൈകിയിരുന്നു. റുവാണ്ടയിൽ യു.എൻ. പീസ് കീപ്പർമാർ മുന്നറിയിപ്പ് നൽകിയെങ്കിലും, അംഗരാജ്യങ്ങൾ ഇടപെട്ടില്ല. വലിയ ശക്തികളുടെ സൈനിക ഇടപെടലില്ലാതെ വംശഹത്യയെ തടയാൻ യുഎന്നിന് ബുദ്ധിമുട്ടാണ്. ഇതെല്ലാം മുന്നിൽ നിൽക്കവേയാണ് ഐക്യരാഷ്ട്രസഭ സമാധാനത്തിനുള്ള ഒരു ശക്തിയായി വിശ്വാസ്യത വീണ്ടെടുക്കണമെങ്കിൽ സുരക്ഷാ കൗൺസിലിന്റെ സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട് എന്ന ആവശ്യം ശക്തമാകുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News