ബാത്‌റൂം ഉപയോഗിക്കാൻ അനുവദിച്ചില്ല; വിമാനത്തിന്റെ തറയിൽ മൂത്രമൊഴിച്ച് യുവതി
ബാത്‌റൂം തുറക്കാനായി രണ്ട് മണിക്കൂറാണ് താൻ കാത്തിരുന്നതെന്ന് യുവതി പറയുന്നു
വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെയും ജീവനക്കാരുടെയുമൊക്കെ മോശം പെരുമാറ്റം ഇപ്പോൾ പുതിയ കാര്യമല്ല. സഹയാത്രികയ്ക്ക് മേൽ യുവാവ് മൂത്രമൊഴിച്ചതും യാത്രക്കാരിൽ ചിലരെ എയർപോർട്ടിൽ വിട്ട് വിമാനം പറന്നുയർന്നതും വിമാനത്തിനുള്ളിൽ യുവതിയെ തേൾ കടിച്ചതുമെല്ലാം നമ്മൾ അറിഞ്ഞതാണ്.
ഇപ്പോഴിതാ സമാനരീതിയിൽ മറ്റൊരു വാർത്തയാണെത്തിയിരിക്കുന്നത്. ബാത്‌റൂം ഉപയോഗിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ യുവതി വിമാനത്തിന്റെ തറയിൽ മൂത്രമൊഴിച്ചു. യുഎസിലെ സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. അത്യാവശ്യമാണെന്ന് പറഞ്ഞിട്ടും ജീവനക്കാർ ബാത്‌റൂം തുറന്നു തന്നില്ലെന്നും പിടിച്ചു നിൽക്കാൻ പറ്റാതായപ്പോൾ കാര്യം സാധിക്കുകയായിരുന്നെന്നും യുവതി പറയുന്നു. രണ്ട് മണിക്കൂർ താൻ കാത്തിരുന്നുവെന്നാണ് ഇവരുടെ ആരോപണം.
സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതി തറയിലിരിക്കുന്നതും ജീവനക്കാരോട് തർക്കിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തോട് സ്പിരിറ്റ് എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും സംഭവത്തിൽ യുവതിക്കെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്.
എന്നാൽ ഇതാദ്യമായല്ല വിമാനത്തിന്റെ തറയിൽ യാത്രക്കാർ മൂത്രമൊഴിക്കുന്നത്. നേരത്തെ വിസ് എയർലൈൻസിനുള്ളിലും സമാനസംഭവമുണ്ടായിട്ടുണ്ട്. വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനാൽ ബാത്‌റൂം ഉപയോഗിക്കാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് യുവതി തറയിൽ മൂത്രമൊഴിച്ചു. 2018ലായിരുന്നു ഈ സംഭവം.