'ഞങ്ങൾ ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുകയാണ്' ; വേദനയായി ടെക്സസ് പ്രളയത്തിൽ മരിച്ച സ്ത്രീയുടെ അവസാന സന്ദേശം, 20ലധികം പെൺകുട്ടികൾ കാണാമറയത്ത് തന്നെ
നദിക്കരയിലെ ഒരു വീട്ടിൽ നിന്ന് അവര്‍ തങ്ങളോട് സഹായം അഭ്യര്‍ഥിച്ചതായി സന്നദ്ധപ്രവർത്തകരുടെ നേതാവ് ലൂയിസ് ഡെപ്പെ പറയുന്നു
വാഷിംഗ്ടൺ: യുഎസ് സംസ്ഥാനമായ ടെക്സസിലെ മിന്നൽ പ്രളയത്തിൽ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെ 80 പേരാണ് മരിച്ചത്. കാണാതായ ഇരുപതിലധികം പെൺകുട്ടികളെ ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകി മധ്യ ടെക്സസിൽ നാശം വിതച്ചപ്പോൾ, ജോയ്‌സ് ബാൻഡൻ എന്ന യുവതി അയച്ച അവസാന സന്ദേശം തീരാവേദനയായി മാറിയിരിക്കുകയാണ്.
നദിക്കരയിലെ ഒരു വീട്ടിൽ നിന്ന് അവര്‍ തങ്ങളോട് സഹായം അഭ്യര്‍ഥിച്ചതായി സന്നദ്ധപ്രവർത്തകരുടെ നേതാവ് ലൂയിസ് ഡെപ്പെ പറയുന്നു. സ്വാതന്ത്ര്യദിന അവധി ദിനത്തിന് തലേദിവസം രാത്രി ആരംഭിച്ച പേമാരി മൂലം ഒരു മണിക്കൂറിനുള്ളിൽ ഗ്വാഡലൂപ്പ് നദിയെ നിറച്ചു. വെള്ളം ഒരു ഇരുനില കെട്ടിടത്തിന്‍റെ ഉയരം വരെ ഉയർന്നു. കുട്ടികളുടെ ക്യാമ്പുകൾ ഉൾപ്പെടെ കെർ കൗണ്ടിയുടെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി, മരങ്ങൾ കടപുഴകി, കാറുകൾ കളിപ്പാട്ടങ്ങൾ പോലെ എടുത്തെറിഞ്ഞു.
അവധി ദിവസം ആഘോഷിക്കാനായിട്ടാണ് ബാൻഡനും മൂന്ന് സുഹൃത്തുക്കളും ഗ്രാമത്തിലെ ആ വീട്ടിലെത്തിയത്. വ്യാഴാഴ്ച രാത്രി പെയ്ത തോരാമഴ ടെക്സസിനെ മുക്കിക്കളഞ്ഞു. "പുലർച്ചെ നാലു മണിയോടെ അവരുടെ വീട് തകർന്നു, അവർ ഒഴുകിപ്പോയി. അവരുടെ സെൽഫോണിൽ (കുടുംബത്തിന്) ലഭിച്ച അവസാന സന്ദേശം 'ഞങ്ങൾ ഒഴുകിപ്പോയി' എന്നായിരുന്നു, പിന്നീട് ഫോൺ ഓഫായി," ഡെപ്പെ എഎഫ്‌പിയോട് പറഞ്ഞു. 10 അടിയോളം ഉയരമുള്ള ഒരു മരത്തിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ചുറ്റും അവശിഷ്ടങ്ങളാൽ മൂടപ്പെട്ടിരുന്നു. പെട്ടെന്ന് ഒരാളുടെ കണ്ണിൽ പെടാത്ത വിധത്തിലായിരുന്നു മൃതദേഹമുണ്ടായിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോയ്‌സ് ബാൻഡന്‍റെ ഉറ്റ സുഹൃത്തും റൂംമേറ്റുമായ 55 കാരിയായ ടിന ഹാംബ്ലി ആരെയെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയിൽ തീരത്തടിഞ്ഞ അവശിഷ്ടങ്ങളിലൂടെ തിരഞ്ഞുനടക്കുന്നുണ്ട്. വെള്ളമിറങ്ങി നദി സാധാരണ നിലയിലായെങ്കിലും തീരങ്ങൾ കെട്ടിടവാശിഷ്ടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. രക്ഷാപ്രവർത്തകർ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി തിരച്ചിൽ തുടരുകയാണ്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ഹണ്ട് പട്ടണത്തിൽ, ക്യാമ്പ് മിസ്റ്റിക് എന്ന പേരിൽ കുട്ടികൾക്കായുള്ള ഒരു വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത 27ലധികം കുട്ടികളെ കാണാതായിട്ടുണ്ട്. ഇതിൽ ഒരു കൌൺസിലറും ഉൾപ്പെടുന്നു. കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ടവ്വലുകൾ, മറ്റ് സാധനങ്ങൾ എന്നിവ ക്യാമ്പ് ക്യാബിനുകളിൽ ചെളി നിറഞ്ഞ് ചിതറിക്കിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.