ലോക ഹലാൽ ഉത്പന്ന വിപണിയിൽ കൂടുതൽ ഓഹരി ഇസ്‌ലാമേതര രാജ്യങ്ങൾക്കെന്ന് വേൾഡ് ഹലാൽ സമ്മിറ്റ് കൗൺസിൽ

ഹലാൽ ഉത്പന്നങ്ങളുടെ ലോക വിപണി ഏഴു ലക്ഷം കോടി കടന്നതായുള്ള കണക്ക് വ്യാഴാഴ്ച വേൾഡ് ഹലാൽ യൂണിയൻ തലവൻ പുറത്തുവിട്ടിരുന്നു

Update: 2021-11-24 14:59 GMT

ഏഴു ലക്ഷം കോടി കടന്ന ലോക ഹലാൽ ഉത്പന്ന വിപണിയിൽ കൂടുതൽ ഓഹരി ഇസ്‌ലാമേതര രാജ്യങ്ങൾക്കാണെന്ന് വേൾഡ് ഹലാൽ സമ്മിറ്റ് കൗൺസിൽ തലവൻ യൂനുസ് എറ്റെ. നൂറു ബില്യണിലധികം ഓഹരിയുള്ള തുർക്കിക്കും മറ്റു അറബ് രാജ്യങ്ങൾക്കും കുറച്ച് ഓഹരികളേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഹലാൽ ഭക്ഷണം, ഇസ്‌ലാമിക് ഫിനാൻസ്, ഹലാൽ ടൂറിസം, കൺസർവേറ്റീവ് ഫാഷൻ, ഹലാൽ കോസ്മാറ്റിക്‌സ് എന്നിവയടങ്ങുന്ന വിപണിയിലാണ് ഇസ്‌ലാമേതര വിശ്വാസികളുള്ള രാജ്യങ്ങൾ കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ലോക ഹലാൽ വിപണി എട്ട് ലക്ഷം കോടിയിലെത്തുമെന്നും തുർക്കി 400 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

കേരളത്തിൽ ഹലാൽ ഭക്ഷണം മോശമാണെന്ന പ്രചാരണം സംഘ്പരിവാരവും കൂട്ടാളികളും കൊണ്ടുപിടിക്കവേയാണ് വിവരങ്ങൾ പുറത്തുവരുന്നത്. ലോക വിപണിയിൽ ഹലാൽ ഉത്പന്നങ്ങളുടെ മൂല്യം ഏഴു ലക്ഷം കോടി കടന്നതായി വ്യാഴാഴ്ച വേൾഡ് ഹലാൽ യൂണിയൻ തലവൻ കണക്ക് പുറത്തുവിട്ടിരുന്നു. ലോകവ്യാപാര രംഗത്ത് ഹലാൽ ഉത്പന്ന നിർമാണ രംഗത്തേക്ക് നിരവധി പേർ കടന്നുവരുന്നുണ്ടെന്നും മുസ്‌ലിം രാജ്യങ്ങളിലേക്ക് ഉത്പന്നം കയറ്റിയയക്കുമ്പോൾ അനിവാര്യമായ ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നത് വർധിച്ചതായും വേൾഡ് ഹലാൽ യൂണിയൻ തലവൻ അഹമ്മദ് ഗെളിർ തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനത്തോലു ഏജൻസിയോട് പറഞ്ഞു.

ഭക്ഷണം, സൗന്ദര്യവർധക വസ്തുക്കൾ, കെമിക്കൽസ്, ശുചീകരണ ഉത്പന്നങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, എനർജി, ടൂറിസം, ധനകാര്യം എന്നിവയെല്ലാം മുസ്‌ലിം രാജ്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ തുടങ്ങിയിരിക്കുകയാണ്. 2000 മുതൽ അന്താരാഷ്ട്ര ഹലാൽ സ്റ്റാന്റേർഡ്‌സ് പ്രവർത്തനം തുടങ്ങിയതായും തുർക്കിയുടെ ഇടപെടലോടെ സജീവമായതായും ഗെളിർ പറഞ്ഞു. ഇതിനായി ഇസ്താംബൂളിൽ സ്റ്റാന്റേർഡ്‌സ് ആൻഡ് മെട്രോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് കൺട്രീസ് (എസ്.എം.ഐ.ഐ.സി) സ്ഥാപിച്ചതും ഹലാൽ ഉത്പന്നങ്ങളെയും മാനദണ്ഡങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതും ലോകതലത്തിൽ ഹലാൽ മാർക്കറ്റ് ശ്രദ്ധിക്കാനിടയാക്കി. 57 ഇസ്‌ലാമിക രാജ്യങ്ങളിലും ഇതര രാഷ്ട്രങ്ങളിലുമായി താമസിക്കുന്ന 1.86 ബില്ല്യൺ മുസ്‌ലിംകൾ തങ്ങൾ കഴിക്കുന്നതും ഉപയോഗിക്കുന്നതുമായ ഉത്പന്നങ്ങളെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു. മുസ്‌ലിം രാജ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഉത്പന്നങ്ങൾ പരിശോധിക്കപ്പെടാനും രേഖപ്പെടുത്തപ്പെടാനും തുടങ്ങി.

ഹലാൽ സർട്ടിഫിക്കേഷൻ ഏർപ്പെടുത്തിയതോടെ നാടുകളിൽ വ്യാപകമായെത്തുന്ന ഉത്പന്നങ്ങൾ വിശ്വസ്തതയോടെ വാങ്ങി ഉപയോഗിക്കാൻ ജനങ്ങൾക്ക് അവസരമൊരുങ്ങി. ലോകത്ത് ഇസ്‌ലാം മത വിശ്വാസികൾ വർധിക്കുന്നതിനനുസരിച്ച് ഹലാൽ വിപണിയും വളരുകയാണെന്ന് വേൾഡ് ഹലാൽ സമ്മിറ്റ് കൗൺസിൽ തലവൻ യൂനുസ് എറ്റെ പറഞ്ഞു. നവംബർ 25 മുതൽ 27 വരെ ഇസ്താംബൂളിൽ ലോക ഹലാൽ സമ്മിറ്റ് നടക്കുന്നുണ്ടെന്നും ഹലാൽ ഉത്പന്ന സംബന്ധിയായ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 25മുതൽ 28 വരെ എട്ടാമത് ഹലാൽ എക്‌സ്‌പോയും നടക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News