പ്രായം 25 ആയിട്ടും കല്യാണമായില്ലേ? എങ്കിൽ അറിഞ്ഞിരിക്കാം ഈ ഡാനിഷ് ആചാരത്തെക്കുറിച്ച്
പണ്ടുകാലത്ത് വ്യാപാരികൾ കച്ചവടവുമായി ബന്ധപ്പെട്ട് എപ്പോഴും വിദേശ രാജ്യങ്ങളിൽ യാത്രയിലായതിനാൽ പങ്കാളികളെ കണ്ടെത്തുകയെന്നത് പ്രയാസമായിരുന്നു. ഇവരെ പോലെയാണ് 25ാം വയസിലും അവിവാഹിതരായവർ എന്ന് സൂചിപ്പിക്കാനാണ് ഈ ആചാരം
Photo|Special Arrangement
കോപൻഹേഗൻ:25ാം വയസിലും കല്യാണം നടക്കാത്തവരാണോ നിങ്ങൾ? അങ്ങനെയുള്ളവരുടെ പിറന്നാൾ ആഘോഷിക്കാൻ ഡെന്മാർക്കിൽ നിലവിലുള്ള രസകരമായൊരു ഡാനിഷ് ആചാരത്തെക്കുറിച്ചറിയാം.
പലർക്കും 25ാം പിറന്നാൾ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമാണ്. എന്നാൽ ഡെൻമാർക്കിലെ അവിവാഹിതർക്ക് 25ാം പിറന്നാൾ ഒരു പേടി സ്വപ്നമാണ്. അതിന് കാരണമാകട്ടെ നേരത്തെ പറഞ്ഞ ഡാനിഷ് ആചാരവും. 25 വയസ് പിന്നിട്ടിട്ടും കല്യാണം കഴിച്ചിട്ടില്ലാത്തവരെ കറുവപ്പട്ട പൊടി (Cinnamon Powder) കൊണ്ട് മൂടുന്നതാണ് ഈ ആചാരം. 25ാം പിറന്നാൾ ആഘോഷിക്കുന്ന അവിവാഹിതന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് ഇതിനായി മുന്നിട്ടിറങ്ങുക. രസകരവും കൗതുകമുണർത്തുന്നതുമായ ഈ ആചാരത്തിന് പിന്നിലൊരു ചരിത്രമുണ്ട്.
ഡെന്മാർക്കിലെ സുഗന്ധവ്യഞ്ജന വ്യാപാരം ഏറ്റവും ശോഭിച്ചു നിന്ന പതിനഞ്ചാം നൂറ്റാണ്ടിന്റെ ചുവടുപിടിച്ചാണ് ഈ ആചാരം ആരംഭിച്ചത്. അക്കാലത്ത് ഡെന്മാർക്കിലെ സുഗന്ധവ്യഞ്ജന വ്യാപാരികൾ കച്ചവടവുമായി ബന്ധപ്പെട്ട് എപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരായിരുന്നു. ഒരു സ്ഥലത്തും സ്ഥിരമായി ഉറച്ചുനിൽക്കാതെ വ്യാപാരം നടത്തിയിരുന്നതുമൂലം അവർക്ക് ജീവിതപങ്കാളികളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അത്തരക്കാരെ 'പെബേർസ്വെൻഡ്സ്' അഥവാ പെപ്പർ ഡ്യൂഡ്സ് എന്നാണ് ഡെന്മാർക്കുകാർ വിളിച്ചിരുന്നത്. സമാനമായ രീതിയിൽ വിവാഹം ചെയ്യാത്ത സ്ത്രീകളെ 'പെബർമോ' അഥവാ പെപ്പർ മെയ്ഡൻ എന്നും വിളിച്ചുപോന്നു. ആധുനിക കാലഘട്ടത്തിൽ പ്രായപൂർത്തി എത്തിയിട്ടും വിവാഹിതരാകാത്തവർ ഈ വ്യാപാരികളെ പോലെയാണെ സൂചന നൽകി കൊണ്ടാണ് കറുവപ്പട്ട മസാലയിൽ കുളിപ്പിക്കുന്ന ആചാരം ആരംഭിച്ചത്.
വെറുതെ ദേഹത്ത് മസാല പൊടികൾ പുരട്ടുകയല്ല മറിച്ച് കാൽപാദം മുതൽ തലമുടി വരെ മൂടുന്ന തരത്തിൽ ഇവർക്ക് മേലെ സുഹൃത്തുക്കൾ പൊടികൾ ചൊരിയും. കറുവപ്പൊടി ശരീരത്തിൽ നിന്നും വിട്ടു പോകാതിരിക്കാൻ വെള്ളവും തളിച്ചു കൊടുക്കും. ഇനി കുറച്ചുകൂടി കടുപ്പത്തിൽ കളിയാക്കണമെങ്കിൽ പൊടിക്കുള്ളിൽ മുട്ട പൊട്ടിച്ചൊഴിച്ച് കലക്കി ദേഹത്ത് പുരട്ടുന്നവർ പോലുമുണ്ട്. എന്നാൽ ഇത് ഒരിക്കലും വ്യക്തികളെ അപമാനിക്കുകയോ ദ്രോഹിക്കുകയോ ചെയ്യണമെന്ന ഉദ്ദേശത്തോടെയല്ല എന്നതാണ് പ്രധാനം. 25ാം പിറന്നാൾ ആഘോഷമാക്കാനും രസകരമാക്കാനുമുള്ള മാർഗമായാണ് അവർ ഇതിനെ കാണുന്നത്.
25ാം പിറന്നാളാഘോഷത്തോടെ മസാലപുരട്ടുന്ന ആചാരം കഴിയുകയുമില്ല. പിന്നീടങ്ങോട്ടുള്ള ഓരോ പിറന്നാളുകളിലും അവിവാഹിതരായാണ് തുടരുന്നതെങ്കിൽ കൂടുതൽ രൂക്ഷമായ പൊടികൾ സുഹൃത്തുക്കൾ തെരഞ്ഞെടുക്കും. മുപ്പതുകൾ എത്തുമ്പോൾ കുരുമുളക്‌പൊടി വരെ വിതറാറുണ്ട്.
ഹാസ്യരൂപത്തിൽ ഇങ്ങനെയൊരു ആചാരം നടത്തുന്നുണ്ടെങ്കിലും അവിവാഹിതരാണെന്നതിന്റെ പേരിൽ ഡെന്മാർക്കുകാർ ആരെയും മോശക്കാരായി കാണുകയോ തെറ്റായി വിലയിരുത്തുകയോ ചെയ്യുന്നില്ല. യഥാർഥത്തിൽ ഡെൻമാർക്കിൽ പുരുഷന്മാരുടെ ശരാശരി വിവാഹ പ്രായം 34 പിന്നിടുമ്പോഴാണ്. സ്ത്രീകളാവട്ടെ 32ാം വയസ്സിലാണ് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒന്നിച്ച് ചിരിക്കാനും സന്തോഷിക്കാനും രസകരമായ ഒരു സന്ദർഭം ഒരുക്കുക എന്നത് മാത്രമാണ് ഈ ആചാരത്തിന് പിന്നിൽ. ഡെന്മാർക്കിലെ ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും മാത്രമാണ് ഈ ആചാരം ഇപ്പോൾ നിലവിലുള്ളത്.