Quantcast

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന്; ഇലക്ട്രിക് കാറിന് 1500 രൂപ പിഴയിട്ട് രാജസ്ഥാന്‍ പൊലീസ്, വീഡിയോ വൈറല്‍

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാജസ്ഥാന്‍ പൊലീസിന് വ്യാപക വിമര്‍ശനം നേരിടേണ്ടിവന്നു

MediaOne Logo
Tata Tiago EV Fined In Rajasthan For No Pollution Certificate
X

ജയ്പൂര്‍: പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്) ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇലക്ട്രിക് കാറിന് 1500 രൂപ പിഴയിട്ട് രാജസ്ഥാന്‍ പൊലീസ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നിരിക്കെയാണ് നടപടി. പൊലീസുകാരനും കാറുടമയും തമ്മിലുള്ള തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

രാജസ്ഥാനിലെ നഗൗറിലാണ് സംഭവം. ടാറ്റ ടിയാഗോ ഇലക്ട്രിക് കാര്‍ പൊലീസ് അസി. സബ് ഇന്‍സ്‌പെക്ടര്‍ പരിശോധനക്കായി കൈകാട്ടി നിര്‍ത്തുകയായിരുന്നു. കാറിന്റെ ഗ്ലാസില്‍ സണ്‍ഷേഡ് നല്‍കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി പൊലീസുകാരന്‍ 200 രൂപ പിഴയിട്ടു. എന്നാല്‍ ഇത് ചോദ്യംചെയ്ത് കാറുടമ തര്‍ക്കത്തിലായി. നിയമപരമായി അനുവദനീയമായ സണ്‍ഷേഡാണ് ഗ്ലാസില്‍ നല്‍കിയതെന്നായിരുന്നു ഡ്രൈവറുടെ വാദം. ഇതിന് പിന്നാലെയാണ് കാറിന് പുക സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന കാരണം ചുമത്തി 1500 രൂപ പിഴയിട്ടത്. ഇലക്ട്രിക് വാഹനത്തിന് പുക സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കാറുടമ പറയുന്നുണ്ടെങ്കിലും പൊലീസുകാരന്‍ അംഗീകരിക്കുന്നില്ല. താന്‍ ആപ്പില്‍ പരിശോധിച്ചപ്പോള്‍ ഈ വാഹനത്തിന് പുക സര്‍ട്ടിഫിക്കറ്റ് ഇല്ല എന്നാണ് കാണുന്നത് എന്നാണ് പൊലീസുകാരന്റെ വാദം.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാജസ്ഥാന്‍ പൊലീസിന് വ്യാപക വിമര്‍ശനം നേരിടേണ്ടിവന്നു. ഇതോടെ പൊലീസ് വകുപ്പ് വിശദീകരണം നല്‍കിയിരിക്കുകയാണ്. കാറിന് സണ്‍ഷേഡ് നല്‍കിയതിന് പിഴയിട്ടപ്പോള്‍ അബദ്ധത്തില്‍ പുക സര്‍ട്ടിഫിക്കറ്റിന്റെ പിഴ ചുമത്തിയതാണെന്നാണ് പൊലീസിന്റെ വാദം. സംഭവം അന്വേഷിക്കുമെന്നും അമിതമായി ഈടാക്കിയ തുക റദ്ദാക്കുമെന്നും പൊലീസ് പറഞ്ഞു.


TAGS :

Next Story