Quantcast

പെട്രോളിനേക്കാൾ വിലക്കുറവ്, മൈലേജ് കുറയുമോ ?; E85 ഇന്ധനത്തിന്റെ യാഥാർത്ഥ്യം അറിയാം

രാജ്യത്തെ ആദ്യ E85 ഡിസ്പെൻസർ ഡൽഹിയിലാണ് ആരംഭിച്ചത്

MediaOne Logo
പെട്രോളിനേക്കാൾ വിലക്കുറവ്, മൈലേജ് കുറയുമോ ?; E85 ഇന്ധനത്തിന്റെ യാഥാർത്ഥ്യം അറിയാം
X

ന്യൂഡൽഹി:ഇന്ത്യ ഔദ്യോഗികമായി എഥനോൾ ഇന്ധന യു​ഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ആദ്യ E85 ഡിസ്പെൻസർ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്. ലിറ്ററിന് പെട്രോളിനേക്കാളും 20 രൂപ കുറവാണ് എഥനോൾ ഇന്ധനത്തിന്. ഡൽഹിയിൽ ഒരു ലിറ്റർ E85 ഇന്ധനത്തിന് 82.12 രൂപയാണ്. പെട്രോളിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇരുപത് രൂപ കുറവാണത്. വില കുറവാണെങ്കിലും വാഹന ഉടമകൾ മനസ്സിലാക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. വില കുറയുന്ന പോലെ തന്നെ മൈലേജും കുറയുമെന്നാണ് പറയുന്നത്.

എന്താണ് E85 ഇന്ധനം? എന്തുകൊണ്ട് മൈലേജ് കുറയുന്നു?

85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഒരു മിശ്രിതമാണ് E85 ഇന്ധനം. കരിമ്പ്, ചോളം, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നാണ് സാധാരണയായി എഥനോൾ ഉത്പാദിപ്പിക്കുന്നത്. പെട്രോളിനേക്കാൾ വില വളരെ കുറവാണെങ്കിലും, E85 ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾക്ക് മൈലേജ് കുറവായിരിക്കും. എഥനോളിന്റെ അടിസ്ഥാന ഊർജ്ജ അളവിലുള്ള (Energy Content) വ്യത്യാസമാണ് ഇതിന് കാരണം. പെട്രോളിലുള്ള അത്രയും കലോറി മൂല്യം (Calorific value) എഥനോളിന് ഇല്ല. എഥനോൾ കൂടുതൽ ശുദ്ധമായി കത്തുകയും ഉയർന്ന ഒക്ടേൻ റേറ്റിംഗ് നൽകുകയും ചെയ്യുമെങ്കിലും, സാധാരണ പെട്രോൾ ഉത്പാദിപ്പിക്കുന്ന അത്രയും ഊർജ്ജം ലഭിക്കാൻ എഞ്ചിന് കൂടുതൽ എഥനോൾ ഇന്ധനം കത്തിക്കേണ്ടി വരുന്നു. ഇത് മൈലേജിനെ ബാധിക്കും.

ആഗോളതലത്തിൽ, E85 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക് സാധാരണ പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് 20 മുതൽ 30 ശതമാനം വരെ മൈലേജ് കുറവാണ് രേഖപ്പെടുത്തുന്നത്. ഉദാഹരണത്തിന്, സാധാരണ പെട്രോളിൽ 50 കിലോമീറ്റർ മൈലേജ് നൽകുന്ന ഒരു ബൈക്ക് E85 ഇന്ധനത്തിലേക്ക് മാറുമ്പോൾ അതിന്റെ മൈലേജ് 40-42 കിലോമീറ്റർ വരെയായി കുറയാൻ സാധ്യതയുണ്ട്.

മൈലേജ് കുറഞ്ഞാലും ലാഭമുണ്ടാകുമോ?

മൈലേജ് കുറയുമെങ്കിലും ഇത് വലിയ നഷ്ടമാണെന്ന് പറയാൻ കഴിയില്ല. ഇന്ധനത്തിന്റെ വിലയും മൈലേജും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്താൽ ലാഭനഷ്ടങ്ങൾ ഓരോരുത്തരുടെയും ഉപയോഗത്തിനനുസരിച്ച് മാറും. പെട്രോളും E85 ഇന്ധനവും തമ്മിൽ വലിയ വിലവ്യത്യാസമുള്ളതിനാൽ, ദിവസേന കൂടുതൽ ദൂരം യാത്ര ചെയ്യുന്നവർക്കും (പ്രത്യേകിച്ച് ഇരുചക്ര വാഹന ഉപയോക്താക്കൾക്കും) പ്രതിമാസ ഇന്ധനച്ചെലവ് കുറയ്ക്കാൻ ഇ85 സഹായകരമാകും.

TAGS :

Next Story