ബംഗാള്‍ ഇന്ത്യയുടെ 'ഗള്‍ഫ്' ആകുമോ? പ്രതീക്ഷ നല്‍കി അശോക്നഗറിലെ എണ്ണപ്പാടം
വീണ്ടും എണ്ണഖനനം തുടങ്ങാന്‍ ഒഎന്‍ജിസി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

- Published:
30 May 2026 11:02 PM IST

Representational Image
കൊല്‍ക്കത്ത: ലോകത്ത് എവിടെയെങ്കിലും ഒരു യുദ്ധമുണ്ടായാല്‍ ആദ്യം പ്രതിഫലിക്കുന്നത് ക്രൂഡ് ഓയില്‍ വിപണിയിലാണ്. എണ്ണവില ഉയരുമ്പോള്‍ ഇന്ത്യയെ പോലെ ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് അത് വലിയ വെല്ലുവിളിയായി മാറും. നിലവില്‍ രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും വിദേശരാജ്യങ്ങളില്‍ നിന്നാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ആഭ്യന്തര എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.
ഈയൊരു സാഹചര്യത്തിലാണ് പശ്ചിമ ബംഗാളിലെ അശോക്നഗര്‍ വീണ്ടും ദേശീയ ശ്രദ്ധ നേടുന്നത്. അശോക്നഗറില്‍ വീണ്ടും എണ്ണഖനനം തുടങ്ങാന്‍ ഒഎന്‍ജിസി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 48 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അശോക്നഗര്‍ പ്രദേശത്ത് 2018-ലാണ് ഒഎന്‍ജിസി വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന എണ്ണയും പ്രകൃതി വാതകവും കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെയും കിഴക്കന്‍ ഇന്ത്യയിലെയും ആദ്യ പ്രധാന എണ്ണ-വാതക ഉത്പാദന മേഖലയെന്ന പ്രത്യേകതയും അശോക്നഗറിനുണ്ട്. 2020-ല്‍ കേന്ദ്ര സര്‍ക്കാര്‍ അശോക്നഗര്‍ ഉള്‍പ്പെടുന്ന ബംഗാള്‍ ബേസിനെ രാജ്യത്തെ എട്ടാമത്തെ എണ്ണ-വാതക ഉത്പാദന മേഖലയായി പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം അശോക്നഗര്‍ മേഖലയിലെ എണ്ണ ശേഖരം 240 മില്യണ്‍ ബാരലില്‍ അധികമാണ്. ഈ ശേഖരം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ രാജ്യത്തിന്റെ ആഭ്യന്തര എണ്ണ ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എണ്ണയ്ക്ക് പുറമെ പ്രകൃതി വാതകവും ഇവിടെനിന്ന് ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
അശോക്നഗറിലെ കണ്ടെത്തലിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത് എണ്ണയുടെ ഗുണനിലവാരമാണ്. ഇവിടെ കണ്ടെത്തിയിരിക്കുന്നത് ലൈറ്റ് ക്രൂഡ് ഓയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്ന ആവശ്യകതയുള്ള ഈ വിഭാഗം എണ്ണ ശുദ്ധീകരണ ചെലവ് കുറവായതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൂടുതല്‍ ലാഭകരമായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ബോംബെ ഹൈ എണ്ണയോടും ബ്രെന്റ് ക്രൂഡിനോടും താരതമ്യം ചെയ്യാവുന്ന ഗുണനിലവാരമാണ് ഇതിനുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ 2018-ല്‍ കണ്ടെത്തല്‍ നടന്നിട്ടും പദ്ധതിക്ക് പ്രതീക്ഷിച്ച വേഗത കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, പ്രാദേശിക പ്രതിഷേധങ്ങള്‍, മറ്റ് ഭരണപരമായ തടസങ്ങള്‍ എന്നിവ കാരണം പദ്ധതി വര്‍ഷങ്ങളോളം മന്ദഗതിയിലായിരുന്നു. ഇതിനോടകം ഏകദേശം 1,000 കോടി രൂപ ഒഎന്‍ജിസി നിക്ഷേപിച്ചിട്ടുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറുന്നതായാണ് സൂചനകള്‍. പദ്ധതി വേഗത്തിലാക്കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ ശക്തമായിട്ടുണ്ട്. അശോക്നഗര്‍ എണ്ണപ്പാടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ വ്യാപിപ്പിക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Adjust Story Font
16
