Quantcast

പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റത്തിന് ഇപിഎഫ്ഒ

പിഎഫ് തുക പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഇതോടെ ഒഴിവാകും

MediaOne Logo

Web Desk

  • Published:

    17 Jan 2026 4:20 PM IST

EPFO to let members withdraw PF directly via UPI from April
X

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് ഇപിഎഫ് തുക യുപിഐ പേമെന്‌റ് ഗേറ്റ് വേ വഴി പിന്‍വലിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ, എടിഎം വഴി തുക പിന്‍വലിക്കാനാകുന്ന സൗകര്യവും ഒരുക്കും. ഇതോടെ, നിലവില്‍ പിഎഫ് തുക പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാകും.

പിഎഫ് അക്കൗണ്ടിലെ നിശ്ചിത തുക മാത്രമാകും യുപിഐ വഴി പിന്‍വലിക്കാന്‍ സാധിക്കുകയെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് എത്രയാണെന്ന് പിഎഫ് വരിക്കാര്‍ക്ക് കാണാന്‍ കഴിയും. യുപിഐ പിന്‍ ഉപയോഗിച്ച് വളരെ ലളിതമായി തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയും. ബാങ്കിങ് സേവനങ്ങള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് വരിക്കാര്‍ക്ക് നല്‍കാന്‍ ഇപിഎഫ്ഒ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ പേമെന്‌റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇപിഎഫ്ഒ ഈ യുപിഐ സൗകര്യം നടപ്പാക്കുക. യുഎഎന്‍ നമ്പറുമായി ലിങ്ക് ചെയ്ത അക്കൗണ്ടിലേക്ക് തന്നെയാണ് പണം ട്രാന്‍സ്ഫറാകുന്നത് എന്ന് ഉറപ്പിക്കാന്‍ മള്‍ട്ടി ലെവല്‍ സുരക്ഷാ ഫീച്ചറുകള്‍ ഏര്‍പ്പെടുത്തും.

നിലവില്‍ ഇപിഎഫ്ഒ അംഗങ്ങള്‍ വെബ്‌സൈറ്റ് വഴി അപേക്ഷിച്ച് വേണം തുക അക്കൗണ്ടിലെത്താന്‍. ലക്ഷക്കണക്കിന് അപേക്ഷകളാണ് ഇത്തരത്തില്‍ ദിവസവും ഇപിഎഫ്ഒ കൈകാര്യം ചെയ്യേണ്ടിവരുന്നത്. വര്‍ഷം അഞ്ച് കോടി അപേക്ഷകള്‍ പണം പിന്‍വലിക്കാന്‍ ലഭിക്കുന്നുണ്ട്. യുപിഐ സംവിധാനം നടപ്പാകുന്നതോടെ ഇതില്‍ വന്‍ കുറവുണ്ടാകും. ഇപിഎഫ്ഒയില്‍ നിലവില്‍ ഏഴ് കോടിയിലേറെ ജീവനക്കാരാണ് അംഗങ്ങളായുള്ളത്. പല അടിയന്തര ആവശ്യങ്ങള്‍ക്കും തുക പിന്‍വലിക്കാന്‍ അപേക്ഷിച്ച് ദിവസങ്ങളോളം വൈകുന്ന സാഹചര്യം വരിക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.

അത്യാവശ്യ സാഹചര്യങ്ങളില്‍ ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് വഴി പിഎഫില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിര്‍മാണം തുടങ്ങിയ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയര്‍ത്തിയത്. നേരത്തെ, കോവിഡ് സമയത്താണ് ഈ സൗകര്യം ആദ്യമായി എര്‍പ്പെടുത്തിയത്.

TAGS :

Next Story