Quantcast

തുടങ്ങിയ മാസം വെറും 373 ഇടപാടുകള്‍ മാത്രം, ഇന്ന് വർഷം 24,161 കോടി; ഇന്ത്യക്കാരെ പഴ്‌സ് എടുക്കാതെ പുറത്തിറങ്ങാന്‍ പഠിപ്പിച്ച യുപിഐ

ഇന്ത്യയുടെ ഡിജിറ്റല്‍ ട്രാന്‍സാക്ഷൻ്റെ 85 ശതമാനവും നടക്കുന്നത് യുപിഐ വഴിയാണ്

MediaOne Logo
indias upi success story
X

ഡിജിറ്റല്‍ പണമിടപാട് മേഖലയില്‍ ഇന്ത്യയുടെ കുതിപ്പിന് പ്രധാന കരുത്തായത് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) സംവിധാനമാണ്. ഇന്ന് യുപിഐ ആപ്പുകള്‍ ഫോണിലില്ലാത്ത ആളുകള്‍ കുറവായിരിക്കും. ഒരു ചായ കുടിച്ചാല്‍ പോലും യുപിഐ വഴിയാണ് പണം നല്‍കുക. ഇന്ത്യക്കാരെ പഴ്‌സ് എടുക്കാതെ പുറത്തിറങ്ങാന്‍ പ്രേരിപ്പിച്ച സംവിധാനമാണ് യുപിഐ എന്ന് വേണമെങ്കില്‍ പറയാം.

തുടക്കം 2016ല്‍

2016 ഏപ്രിലിലാണ് രാജ്യത്ത് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നേതൃത്വത്തില്‍ യുപിഐക്ക് തുടക്കമായത്. അന്ന് ഇന്ത്യക്കാര്‍ക്ക് അത്ര പരിചയമുണ്ടായിരുന്നില്ല ഈ സംവിധാനം. ആദ്യത്തെ ആ മാസം വെറും 373 ട്രാന്‍സാക്ഷന്‍ മാത്രമാണ് യുപിഐ വഴി നടന്നത്. എന്നാല്‍ പിന്നീട് കഥ മാറുകയായിരുന്നു. യുപിഐയുടെ പ്രായോഗിക സൗകര്യം ജനം ഏറ്റെടുത്തതോടെ പ്രചാരം കുത്തനെ ഉയര്‍ന്നു. പണം എപ്പോഴും കയ്യില്‍ കരുതേണ്ടെന്നത് സൗകര്യമായി. പണ്ടുകാലത്ത് ബാങ്കുകളില്‍ പോയി കാത്തിരുന്ന്, ഫോമുകള്‍ പൂരിപ്പിച്ച് ചെയ്തിരുന്ന ഇടപാടുകള്‍ യുപിഐ ആപ്പുകള്‍ വഴി സെക്കന്‍ഡുകള്‍ക്കുള്ളില്‍ സാധ്യമായി. യുപിഐ അധിഷ്ഠിതമായി മറ്റ് നിരവധി സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. റീചാര്‍ജ്, ബുക്കിങ്ങുകള്‍, ബില്‍ പേയ്‌മെന്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങി ഇന്ന് എല്ലാവിധ മേഖലകളിലും യുപിഐ ഉപയോഗിച്ച് ഇടപാട് നടത്താനുള്ള സൗകര്യമായി.

ആദ്യ മാസം വെറും 373 ഇടപാട്

അവതരിപ്പിച്ച ആദ്യത്തെ മാസം വെറും 373 ഇടപാടുകള്‍ മാത്രമായിരുന്നെങ്കില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ യുപിഐ വഴി ആകെ നടന്നത് 24,161.69 കോടി ഇടപാടുകളാണ്. 314 ലക്ഷം കോടി രൂപയാണ് ആകെ ഇടപാടുകളുടെ മൂല്യം. പ്രതിദിനം 66 കോടി ഇടപാടുകളാണ് നടക്കുന്നത്. തുടക്കത്തില്‍ 21 ബാങ്കുകള്‍ മാത്രമായിരുന്നു യുപിഐ സംവിധാനത്തിലുണ്ടായിരുന്നതെങ്കില്‍ ഇന്ന് ആകെ 703 ബാങ്കുകള്‍ യുപിഐ സൗകര്യത്തിന്റെ ഭാഗമായുണ്ട്. ഇന്ത്യയുടെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്റെ 85 ശതമാനവും നടക്കുന്നത് യുപിഐ വഴിയാണ്.

യുഎഇ, സിംഗപ്പൂര്‍, ഫ്രാന്‍സ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, മൗറീഷ്യസ്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ യുപിഐ ഉപയോഗിക്കാനാകും.

ഫോണ്‍പേയോ ഗൂഗിള്‍പേയോ? ആരാണ് യുപിഐ ചാമ്പ്യന്‍?

ഫോണ്‍പേ, ഗൂഗിള്‍പേ, പേയ്ടിഎം, ഭീം തുടങ്ങി നിരവധി യുപിഐ ആപ്പുകളുണ്ട്. ഫോണ്‍പേ, ഗൂഗിള്‍പേ എന്നിവയാണ് മുന്‍നിരയിലുള്ള യുപിഐ ആപ്പുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് ഫോണ്‍പേയ്ക്കാണ് -70 കോടി. 45.5 % വിപണി വിഹിതവും ഫോണ്‍പേയ്ക്കാണ്.

രണ്ടാമതുള്ള ഗൂഗിള്‍ പേയ്ക്ക് 35 % വിപണിവിഹിതമാണുള്ളത്. ആകെ ഉപഭോക്താക്കള്‍ 50 കോടിയാണ്. മൂന്നാമതുള്ള പേയ്ടിഎമ്മിന് 7.8 % ആണ് വിപണിവിഹിതം. 12 കോടി ഉപഭോക്താക്കളും പേയ്ടിഎമ്മിനുണ്ട്.

നവി, ഭീം, ക്രെഡ്, ആമസോണ്‍ പേ, വാട്‌സാപ്പ് പേ, മൊബിക്വിക്ക് തുടങ്ങിയവാണ് ഉപയോഗത്തിലുള്ള മറ്റ് യുപിഐ ആപ്പുകള്‍. ഇതില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ഭീം ആപ്പ് (ഭീം-ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി). എന്നാല്‍ യുപിഐ ഉപയോഗിക്കുന്നവരില്‍ ഒരു ശതമാനത്തിനും താഴെ മാത്രമാണ് ഭീം ആപ്പ് ഉപയോഗിക്കുന്നത്.

TAGS :

Next Story