ഇന്ത്യയില്‍ നിന്നുള്ള മാങ്ങ വേണ്ടെന്ന് ജപ്പാന്‍; കാരണം...
20 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ മാങ്ങകള്‍ക്ക് ജപ്പാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

- Published:
28 May 2026 7:25 PM IST

ടോക്യോ: ഇന്ത്യയില്‍ നിന്നുള്ള മാങ്ങയുടെ ഇറക്കുമതി വിലക്കി ജപ്പാന്‍. മാമ്പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും കീടങ്ങളെ അകറ്റുന്നതിനും ഇന്ത്യയിലെ പ്ലാന്റുകളില്‍ സ്വീകരിക്കുന്ന സുരക്ഷാ പ്രക്രിയകളില്‍ വീഴ്ച കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജപ്പാന്റെ നടപടി. 20 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ മാങ്ങകള്‍ക്ക് ജപ്പാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാങ്ങാ സീസണിലെ വിലക്ക് ഇന്ത്യന്‍ ഉല്‍പ്പാദകര്‍ക്ക് വലിയ തിരിച്ചടിയാണ്.
ഇറക്കുമതി ചെയ്യുന്ന പഴവര്‍ഗ്ഗങ്ങളിലെ പഴ ഈച്ചകള്‍ (ഫ്രൂട്ട് ഫ്‌ളൈ) പോലുള്ള കീടങ്ങള്‍ തദ്ദേശീയ കൃഷിയെ ബാധിക്കാതിരിക്കാന്‍ ജപ്പാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നുണ്ട്. ഇത്തരം കീടങ്ങളെ നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നടപടികള്‍ ഇന്ത്യയിലെ പ്ലാന്റുകളില്‍ കാര്യക്ഷമമായി നടക്കുന്നില്ല എന്നാണ് ജാപ്പനീസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
മാമ്പഴ കയറ്റുമതി സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാര്‍ച്ചില്‍ ജപ്പാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ യുപിയിലെ റഹ്മാന്‍പൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിലാണ് മാങ്ങകള്‍ കയറ്റുമതിക്ക് മുന്‍പ് കീടവിമുക്തമാക്കുന്ന പ്രക്രിയ നടക്കുന്നത്. ഈ പരിശോധനയിലാണ് വീഴ്ചകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 25ന് ശേഷമുള്ള ഇന്‍സ്‌പെക്ഷന്‍ സര്‍ട്ടിഫിക്കറ്റുള്ള മാങ്ങാ ഷിപ്‌മെന്റുകള്‍ സ്വീകരിക്കേണ്ടെന്ന് ജപ്പാനിലെ യോക്കോഹോമ പ്ലാന്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. മുമ്പ് 1986ലാണ് ഇന്ത്യയില്‍ നിന്നുള്ള മാങ്ങക്ക് ജപ്പാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യ ട്രീറ്റ്‌മെന്റ് പ്രോട്ടോകോളുകള്‍ ശക്തിപ്പെടുത്തിയതോടെ 2006ല്‍ വിലക്ക് നീക്കിയിരുന്നു.
അല്‍ഫോന്‍സോ, ബംഗനപ്പള്ളി, കേസരി തുടങ്ങിയ പ്രീമിയം ഇനം മാമ്പഴങ്ങള്‍ക്ക് വലിയ വിപണിയുള്ള രാജ്യമാണ് ജപ്പാന്‍. ഇന്ത്യയുടെ പ്രധാന വിപണിയല്ലെങ്കിലും പ്രീമിയം ഇനങ്ങള്‍ക്ക് വലിയ വില ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഏകദേശം 15.4 ലക്ഷം ഡോളറിന്റെ മാമ്പഴം ഇന്ത്യ ജപ്പാനിലേക്ക് കയറ്റി അയച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ നിന്നുള്ള കേസര്‍ മാമ്പഴങ്ങളായിരുന്നു.
Adjust Story Font
16
