ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; സേവനങ്ങള്‍ തടസപ്പെടും
മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ബാങ്ക് അവധിക്ക് പിന്നാലെയാണ് ഇന്ന് പണിമുടക്ക്

- Published:
27 Jan 2026 10:56 AM IST

കോഴിക്കോട്: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ബാങ്ക് അവധിക്ക് പിന്നാലെയാണ് ഇന്ന് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിക്കും. അതേസമയം, ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെടില്ല.
പണിമുടക്ക് ഒഴിവാക്കാന്‍ ജനുവരി 23ന് ചീഫ് ലേബര്‍ കമ്മീഷണറും യുഎഫ്ബിയു പ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ധാരണയാകാതെ വന്നതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോയത്. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. സ്വകാര്യ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമല്ല.
എന്തിനാണ് ബാങ്ക് പണിമുടക്ക്
ആഴ്ചയില്‍ പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറയ്ക്കണമെന്ന ആവശ്യം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു). നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിയാണ്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിന് വേണ്ടി തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ തയാറാണെന്നും ജീവനക്കാര്‍ പറയുന്നു.
നാല് ദിവസം തുടര്‍ച്ചയായ അവധി
ഇന്നത്തെ പണിമുടക്കോടെ തുടര്‍ച്ചയായ നാലാമത്തെ ദിവസമാണ് ബാങ്കുകളുടെ സേവനം തടപ്പെടുന്നത്. ജനുവരി 24 മുതല്‍ ബാങ്ക് അവധിയായിരുന്നു. 24ന് ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലായിരുന്നു ബാങ്ക് അവധി. 25 ഞായറാഴ്ച. 26 റിപ്പബ്ലിക് ദിനമായതിനാലും അവധിയായി. തൊട്ടുപിന്നാലെയാണ് ഇന്ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. ഫലത്തില്‍ തുടര്‍ച്ചയായ നാലു ദിവസം ബാങ്ക് സേവനങ്ങള്‍ തടസപ്പെട്ടു.
Adjust Story Font
16
