ഓഹരി വിപണിയില്‍ കൂട്ടത്തകര്‍ച്ച; മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞ് സെന്‍സെക്‌സ്, പ്രധാന കാരണങ്ങള്‍ ഇവ
12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ന് നിക്ഷേപകര്‍ക്കുണ്ടായത്

- Published:
19 March 2026 4:43 PM IST

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നുണ്ടായത് കനത്ത വില്‍പ്പന. സെന്‍സെക്‌സ് 2496 പോയിന്റും (3.26 ശതമാനം) നിഫ്റ്റി 775 പോയിന്റും (3.26 ശതമാനം) ഇടിഞ്ഞു. 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് വിപണി സൂചികകള്‍. കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് വിപണി നേരിട്ടത്. 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ന് നിക്ഷേപകര്‍ക്കുണ്ടായത്
വിപണിയെ വീഴ്ത്തിയ നാല് കാരണങ്ങള്‍
1. അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ്
ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുന്നത് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചു. സ്വര്‍ണം, വെള്ളി വിലയിലും വലിയ ഇടിവുണ്ടായി.
2. എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്റെ രാജി
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തിയുടെ രാജി വിപണിയെ ഉലച്ചു. ബാങ്കിന്റെ ചില രീതികളും പ്രവര്‍ത്തനങ്ങളും തന്റെ വ്യക്തിപരമായ ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തരമായുള്ള രാജി. ഇത് ഓഹരിവിപണിയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുകയായിരുന്നു. 5.11 ശതമാനമാണ് ഇന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിവില ഇടിഞ്ഞത്.
3. വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കല്‍
വന്‍ വില്‍പന സമ്മര്‍ദമാണ് വിവിധ സെക്ടറുകളില്‍ ഇന്നുണ്ടായത്. 52,704 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
4. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് നിലനിര്‍ത്തിയത്
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയത് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപകര്‍ക്ക് ഇതോടെ യുഎസ് ബോണ്ടുകള്‍ കൂടുതല്‍ ആകര്‍ഷകമായി.
Adjust Story Font
16
