നിക്ഷേപകര്‍ക്ക് ഇന്ന് നഷ്ടം മൂന്ന് ലക്ഷം കോടി; സെന്‍സെക്‌സ് ഇടിഞ്ഞത് ആയിരം പോയിൻ്റിലേറെ
ഐടി കമ്പനി ഓഹരികള്‍ വന്‍ ഇടിവ് നേരിട്ടു

- Updated:
2026-02-24 11:10:32.0

മുംബൈ: ഓഹരിവിപണിയില്‍ ഇന്നും നിക്ഷേപകര്‍ക്ക് കനത്ത നഷ്ടമുണ്ടായി. സെന്‍സെക്‌സ് 1068 പോയിന്റ് ഇടിഞ്ഞ് 82,225.92ലും നിഫ്റ്റി 288.35 പോയിന്റ് ഇടിഞ്ഞ് 25,424.65ലുമാണ് ക്ലോസ് ചെയ്തത്. മൂന്ന് ലക്ഷം കോടിയിലേറെ രൂപയാണ് ഇന്ന് നിക്ഷേപകര്‍ക്ക് ആകെയുണ്ടായ നഷ്ടം.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ നിഫ്റ്റി 50 ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. ടെക് ഓഹരികളിലാണ് ഇന്ന് വന്‍ വില്‍പ്പന നടന്നത്. ഐടി മേഖലയിലെ അനിശ്ചിതത്വവും എഐയുടെ സ്വാധീനമുണ്ടാക്കുന്ന ആശങ്കയും വിപണിക്ക് തിരിച്ചടിയായി.
നിഫ്റ്റി ഐടി ഇന്‍ഡെക്‌സില്‍ 4.74 ശതമാനം ഇടിവ്
നിഫ്റ്റി ഐടി ഇന്‍ഡെക്‌സില്‍ ഇന്ന് 4.74 ശതമാനം ഇടിവാണുണ്ടായത്. മിക്ക ഐടി കമ്പനി ഓഹരികളും ഇന്ന് ചുവപ്പിലാണവസാനിച്ചത്. ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, വിപ്രോ, കൊഫോര്‍ജ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് തുടങ്ങിയ പ്രധാന ഓഹരികളില്‍ കനത്ത വിറ്റൊഴിക്കലുണ്ടായി. ആന്ത്രോപിക് ഉള്‍പ്പെടെയുള്ള എഐ സ്ഥാപനങ്ങളുടെ പുതിയ മോഡലുകള്‍ രംഗത്തെത്തിയത് ഐടി മേഖലയില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കുമോയെന്ന ഭീതി നിലനില്‍ക്കുകയാണ്. ഐടി മേഖലയിലെ ഈ വില്‍പ്പന സമ്മര്‍ദം വരുംനാളുകളിലും തുടരാനിടയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
തീരാതെ ട്രംപിന്റെ തീരുവക്കളി
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ പകരം തീരുവ സുപ്രിം കോടതി റദ്ദാക്കിയതും പിന്നാലെ ട്രംപ് 10 ശതമാനം തീരുവ ചുമത്തിയതും, ഇത് 15 ശതമാനമാക്കി വര്‍ധിപ്പിച്ചതും ആഗോള വിപണികളെയാകെ പരിഭ്രമത്തിലാക്കിയിട്ടുണ്ട്. യുഎസിലെ ഇറക്കുമതി നികുതികള്‍ സംബന്ധിച്ച ആശയക്കുഴപ്പവും അനിശ്ചിതത്വവുമാണ് ഇതിന് കാരണം. യൂറോപ്യന്‍ യൂണിയന്‍ യുഎസുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതും വിപണിയെ ബാധിച്ചിരിക്കുകയാണ്.
സുപ്രിം കോടതി വിധി മറികടക്കാനും പഴയ തീരുവ തിരിച്ചുകൊണ്ടുവരാനുമായി പുതിയ തന്ത്രം പയറ്റുകയാണ് ട്രംപ്. യുഎസിലേക്ക് എത്തുന്ന വിവിധ വസ്തുക്കളുടെ മേല്‍ കൂടുതല്‍ അന്വേഷണം (അഡിഷനല്‍ നാഷനല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍) നടത്താനാണ് നീക്കം. ഇതുവഴി അതത് ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ തീരുവ ചുമത്താന്‍ പ്രസിഡന്റിന് കഴിയും.
യുഎസ്-ഇറാന്‍ സംഘര്‍ഷവും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് ഇറാനും യുഎസും തമ്മില്‍ വരുന്ന വ്യാഴാഴ്ച ജനീവയില്‍ വെച്ച് നടക്കാനിരിക്കുന്ന ചര്‍ച്ചയെ വിപണി ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ചര്‍ച്ച അലസിപ്പിരിഞ്ഞാല്‍ ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതും വിപണിയില്‍ പിരിമുറുക്കത്തിന് കാരണമായി.
Adjust Story Font
16
