Quantcast

രൂപക്ക് റെക്കോർഡ് ഇടിവ്; ഒരു ഡോളറിന് 91.74 രൂപ

രണ്ട് മാസത്തിനിടെ ഒറ്റത്തവണയുണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് രൂപയുടെ മൂല്യത്തിൽ ബുധനാഴ്ച ഉണ്ടായത്

MediaOne Logo
രൂപക്ക് റെക്കോർഡ് ഇടിവ്; ഒരു ഡോളറിന് 91.74 രൂപ
X

മുംബൈ: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ബുധനാഴ്ച ഡോളറുമായുള്ള രൂപയുടെ മൂല്യം 91.74 രൂപയായി. രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. ഡോളിനെതിരെ മൂല്യം 0.8 ശതമാനം ഇടിഞ്ഞ് 91.69 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയിൽ നിന്ന് വിദേശഫണ്ടുകൾ വൻതോതിൽ പണം പിൻവലിച്ചുപോകുന്നതാണ് രൂപയെ സമ്മർദത്തിലാക്കുന്നത്. ലോഹ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാരിൽനിന്നുള്ള ഡോളറിന്റെ ആവശ്യം ഉയർന്നതും തിരിച്ചടിയായിട്ടുണ്ട്.

ഗ്രീൻലൻഡുമായി ബന്ധപ്പെട്ട് അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ ഉടലെടുത്ത സംഘർഷങ്ങളും തീരുവഭീഷണിയുമാണ് ഇന്ത്യൻ വിപണിയിൽനിന്ന് പിൻവാങ്ങാൻ വിദേശനിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഇത് വിനിമയവിപണിയിൽ രൂപയ്ക്കുമേൽ സമ്മർദം കൂട്ടുകയാണ്. ജനുവരിയിൽ ഇതുവരെ 33,000 കോടി രൂപയുടെ ഓഹരികൾ വിദേശനിക്ഷേപകർ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2025ൽ മൊത്തം 1,66,286 കോടിയുടെ ഓഹരികൾ ഇവർ വിറ്റഴിച്ചിരുന്നു.

ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 രൂപയായിരുന്നു ഇതുവരെ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ ഏറ്റവും താഴ്ന്ന നിലവാരം. ബുധനാഴ്ച ഒരു ഡോളറിന് 91.05 രൂപ എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. തൊട്ടുപിന്നാലെ ഇത് 91.19 നിലവാരത്തിലേക്കും ഉച്ചക്ക് ശേഷം 91.74 എന്ന നിലയിലേക്കും കൂപ്പുകുത്തുകയായിരുന്നു. ചൊവ്വാഴ്ച ഒരു ഡോളറിന് 90.97 രൂപ നിരക്കിലായിരുന്നു ക്ലോസിങ്. 2026ൽ രൂപയുടെ മൂല്യത്തിൽ 1.98 ശതമാനം ഇടിവാണ് നേരിട്ടിട്ടുള്ളത്.

TAGS :

Next Story