Quantcast

ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങണോ, വില്‍ക്കണോ ?

സ്വർണവില സംബന്ധിച്ച് പ്രവചനങ്ങൾ പലതുമിപ്പോൾ വന്നുകഴിഞ്ഞു. ഇക്കൂട്ടത്തിൽ സ്ഫോടനാത്മകമായ ഒരു പ്രവചനം നടത്തി ശ്രദ്ധേയനാവുകയാണ് 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവായ റോബർട്ട് കിയോസാക്കി

MediaOne Logo

Web Desk

  • Published:

    25 May 2026 5:09 PM IST

Will the price of gold go up or down when war comes?
X

യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലുടലെടുത്ത പ്രതിസന്ധി നമുക്കാർക്കും അറിയാത്തതല്ല. ഈ പ്രതിസന്ധി മൂലം ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ റോക്കറ്റ് വേഗത്തിലാണ് എണ്ണവില കുതിച്ചുയർന്നത്. എന്നാൽ എണ്ണയ്ക്കൊപ്പം തന്നെ മിഡിൽ ഈസ്റ്റ് പ്രതിസന്ധി മൂലം വലിയ മാറ്റങ്ങളുണ്ടായ മറ്റൊരു ലോഹമുണ്ട്—അതാണ് സ്വർണം!

യുദ്ധം തുടങ്ങിയതോടെ പ്രവചനങ്ങൾക്കപ്പുറത്തേക്കാണ് സ്വർണവില ചാഞ്ചാടിയത്. ചില ദിവസങ്ങളിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയപ്പോൾ, ചിലപ്പോൾ വിലയിടിഞ്ഞു. ചുരുക്കത്തിൽ നിക്ഷേപകരുടെ കണക്കുകൂട്ടലുകളെല്ലാം സ്വർണവില പലപ്പോഴും തെറ്റിച്ചു. മിഡിൽ ഈസ്റ്റിൽ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുമ്പോൾ, സ്വർണം തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി തന്നെ കരുതുന്ന ഇന്ത്യക്കാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്—ഇനി സ്വർണം വാങ്ങണോ, അതോ വിൽക്കണോ? അതോ നിലവിലുള്ള നിക്ഷേപം അതേപോലെ തുടരണോ?

സ്വർണവില സംബന്ധിച്ച് പ്രവചനങ്ങൾ പലതുമിപ്പോൾ വന്നുകഴിഞ്ഞു. ഇക്കൂട്ടത്തിൽ സ്ഫോടനാത്മകമായ ഒരു പ്രവചനം നടത്തി ശ്രദ്ധേയനാവുകയാണ് 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവായ റോബർട്ട് കിയോസാക്കി. സ്വർണ-വെള്ളി വിലകളിൽ വൻ വർധനവുണ്ടാകുമെന്നാണ് റോബർട്ടിന്റെ പ്രവചനം. എന്നാൽ ഇത് യാഥാർഥ്യബോധമുള്ള പ്രവചനമാണോ? സ്വർണവില വരും ദിവസങ്ങളിൽ ഈ രീതിയിലെല്ലാം മുന്നേറുമോ? നമുക്കൊന്നു നോക്കാം.

ആദ്യം റോബർട്ടിന്റെ പ്രവചനം എന്താണെന്ന് നോക്കാം. സ്വർണത്തിന്റെ വില ഔൺസിന് ഒരു ലക്ഷം ഡോളറായി വർധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്! നിലവിൽ ഔൺസിന് 4500 ഡോളറിലുള്ള സ്വർണവിലയാണ് ഇത്തരത്തിൽ കുതിക്കുമെന്ന് റോബർട്ട് പ്രവചിക്കുന്നത്. അതായത് നിലവിലുള്ള വിലയേക്കാൾ 22 ഇരട്ടി വർധനവ്! ഇന്ത്യൻ വിലയുമായി താരതമ്യം ചെയ്യുമ്പോൾ, നിലവിൽ ഒരു ലക്ഷത്തിന് മുകളിലുള്ള സ്വർണവില 22 ലക്ഷത്തിലേക്ക് എത്തുന്നത് ഒന്ന് ആലോചിച്ചു നോക്കൂ! അത് സംഭവിക്കുമെന്നാണ് റോബർട്ട് വാദിക്കുന്നത്.

റോബർട്ടിന്റെ ഈ വാദത്തെ അത്രപെട്ടെന്ന് നമുക്ക് തള്ളിക്കളയാനാവില്ല. നിലവിൽ സ്വർണത്തിനുള്ള ഉയർന്ന ഡിമാൻഡ് തന്നെയാണ് അതിന് കാരണം. ഡോളർ നിക്ഷേപം ഒഴിവാക്കി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെല്ലാം സ്വർണനിക്ഷേപത്തിലേക്ക് മാറുകയാണ്. ഇത് വില വർധനയ്ക്ക് കാരണമാകുന്നുണ്ട്. ഇതിനൊപ്പം ഓഹരി വിപണികളിലുണ്ടാവുന്ന തകർച്ച, പലരെയും ഓഹരികൾ വിറ്റൊഴിഞ്ഞ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നുമുണ്ട്.

എന്നാൽ കൗതുകകരമായ കാര്യം, സ്വർണം തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുമ്പോഴാണ് അസാമാന്യമായൊരു പ്രവചനം റോബർട്ട് നടത്തിയിരിക്കുന്നത് എന്നതാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് കഴിഞ്ഞയാഴ്ച 0.6 ശതമാനം നഷ്ടത്തോടെ 4515.83 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ആഴ്ച മാത്രം സ്വർണത്തിന് 0.4 ശതമാനം നഷ്ടമുണ്ടായിട്ടുണ്ട്.

എങ്കിലും, യുദ്ധത്തിന് എപ്പോൾ അറുതിയുണ്ടാകുമെന്നത് സംബന്ധിച്ച് ഇപ്പോഴും ഒരു വ്യക്തതയുമില്ല. ഊർജ വിപണിയിലെ തടസ്സങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. ഇതിനൊപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ബോണ്ടുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതും സ്വർണത്തെ പോസിറ്റീവായി സ്വാധീനിക്കുന്നുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ സ്വർണവില പുതിയ റെക്കോഡുകൾ ഭേദിക്കുമെന്നാണ് പൊതുവേയുള്ള പ്രവചനം.

പക്ഷേ, അതൊരിക്കലും റോബർട്ട് കിയോസാക്കി പറഞ്ഞതുപോലെയാവില്ല! ഒറ്റയടിക്ക് 22 ഇരട്ടി വർധനവ് രേഖപ്പെടുത്താനുള്ള യാതൊരു സാഹചര്യവും നിലവിൽ സ്വർണത്തിനില്ല. അങ്ങനെയൊരു അത്ഭുതം ഉണ്ടാകണമെങ്കിൽ ഓഹരി വിപണികളെല്ലാം ചരിത്രത്തിലില്ലാത്ത വിധം വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തണം. കറൻസി മാർക്കറ്റുകളിലും വലിയ തകർച്ചയുണ്ടാകണം. സമ്പദ്‌വ്യവസ്ഥകളിൽ വൻ മാന്ദ്യത്തിന്റെ സാഹചര്യം കൂടിയുണ്ടായാൽ മാത്രമേ സ്വർണവില ഈ രീതിയിൽ കുതിച്ചുയരുകയുള്ളൂ.

എങ്കിലും കിയോസാകിയുടെ പ്രവചനം ചില മേഖലകളിൽ ചലനങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. പരമ്പരാഗത ഫിനാൻഷ്യൽ മാർക്കറ്റുകളിൽ ഇതിന്റെ പ്രതിഫലനങ്ങൾ വരും ദിവസങ്ങളിൽ കണ്ടേക്കാം. പരമ്പരാഗതമായ നിക്ഷേപ മാർഗങ്ങളിൽ നിന്ന് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊരു സൂചന കൂടി ഈ പ്രവചനത്തിലുണ്ട്. നിക്ഷേപം വെറും കറൻസിയായും ഭൂമിയായുമെല്ലാം സൂക്ഷിക്കുന്നതിന് കിയോസാക്കി എപ്പോഴും എതിരായിരുന്നു. പകരം ബിറ്റ്‌കോയിനിലും സ്വർണത്തിലുമെല്ലാം നിക്ഷേപം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ പ്രവചനം ആ രീതിയിൽ ചിന്തിക്കാൻ ഒരു വിഭാഗം നിക്ഷേപകരെയെങ്കിലും തീർച്ചയായും പ്രേരിപ്പിക്കും.

ഇനി ഈ പ്രവചനങ്ങളിൽ നിന്ന് ഇന്ത്യക്കാർക്ക് എന്താണ് പഠിക്കാനുള്ളതെന്ന് നോക്കാം. റോബർട്ട് കിയോസാക്കി പറഞ്ഞതുപോലൊരു വൻ വർധനവ് സ്വർണത്തിന് പെട്ടെന്നുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, വൈകാതെ തന്നെ സ്വർണവില 5000 ഡോളർ തൊടുമെന്ന പ്രവചനങ്ങൾ എത്തിക്കഴിഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണവില 5000 ഡോളർ തൊട്ടാൽ അതിന് ആനുപാതികമായ വില വർധനവ് നമ്മുടെ ആഭ്യന്തര വിപണിയിലുമുണ്ടാകും.

ഇതിനൊപ്പം തന്നെ കേന്ദ്രസർക്കാർ തീരുവകളിൽ വരുത്തുന്ന മാറ്റവും നാം പരിഗണിക്കേണ്ടതുണ്ട്. രൂപയുടെ മൂല്യമിടിവ് പിടിച്ചുനിർത്താൻ സ്വർണ ഇറക്കുമതിയിൽ കേന്ദ്രസർക്കാർ ഇനിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ, അത് ആഭ്യന്തര വിപണിയിൽ വില വീണ്ടും ഉയരാൻ തന്നെയാണ് കാരണമാകുക.

അതുകൊണ്ട് ചുരുക്കത്തിൽ പറഞ്ഞാൽ, നിലവിൽ സ്വർണം കൈയിലുള്ളവർ അത് വിൽക്കാതിരിക്കുന്നതാണ് ബുദ്ധി. ഇനി പുതുതായി വാങ്ങാനുള്ളവരാകട്ടെ, ഒരു വലിയ വിലക്കുറവിനായി അധികകാലം കാത്തിരിക്കേണ്ടതില്ലെന്നും സാരം!

TAGS :

Next Story