ഒരുകാലത്ത് 2 രൂപയിലും താഴേക്ക് പോയ ഓഹരി; ഇപ്പോള്‍ വില 50ന് മുകളില്‍, വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി
- നിക്ഷേപകര്‍ വലിയ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന ഓഹരിയുടെ വില ഒരുമാസത്തിനിടെ 25 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്

- Published:
18 April 2026 11:25 AM IST

ഒരുകാലത്ത് നിക്ഷേപകരെ കരയിപ്പിച്ച ഓഹരിയാണ് സുസ്ലോണ്‍ എനര്‍ജി. പൂനെ ആസ്ഥാനമായ വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാണ കമ്പനിയാണ് സുസ്ലോണ്‍. 2008 ജനുവരിയില്‍ 390 രൂപയിലെത്തിയിരുന്നു സുസ്ലോണിന്റെ ഓഹരി വില. എന്നാല്‍, പിന്നീട് പലവിധ കാരണങ്ങളാല്‍ സുസ്ലോണ്‍ ഓഹരിവില കുത്തനെ ഇടിഞ്ഞു. 2009ല്‍ 35 രൂപയിലേക്ക് ഇടിഞ്ഞ സുസ്ലോണ്‍ 2020ല്‍ കോവിഡ് കാലത്ത് രണ്ട് രൂപയിലും താഴേക്ക് വീണു. എന്നാല്‍ അവിടെ നിന്ന് പിന്നീട് തിരിച്ചുകയറിയ ഓഹരിവില ഇപ്പോള്‍ 53 രൂപയിലെത്തിയിരിക്കുകയാണ്. നിക്ഷേപകര്‍ വലിയ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന സുസ്ലോണ്‍ കഴിഞ്ഞ ഒരുമാസത്തിനിടെ 25 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്.
കഴിഞ്ഞ കാലങ്ങളായി വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ സുസ്ലോണിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. 2026 ജനുവരി -മാര്‍ച്ച് ത്രൈമാസ കാലയളവില്‍ 1.68 കോടി ഓഹരികളാണ് വിദേശ നിക്ഷേപകര്‍ അധികമായി വാങ്ങിയത്. ഇതോടെ സുസ്ലോണ്‍ എനര്‍ജിയില്‍ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 25.71 ശതമാനമായി ഉയര്‍ന്നു.
തുടര്‍ച്ചയായ ലാഭവും പുതിയ ഓര്‍ഡറുകളും പുനരുപയോഗ ഊര്‍ജ മേഖലയിലെ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്ന പിന്തുണയും ശ്രദ്ധേയമാണ്. നേരത്തെ, കടം വന്‍തോതില്‍ വര്‍ധിച്ചതും കാറ്റാടിയന്ത്രങ്ങളുടെ ടര്‍ബൈന്‍ ഗുണനിലവാരത്തിലുള്ള പ്രശ്‌നങ്ങളുമൊക്കെയായിരുന്നു സുസ്ലോണിന് കനത്ത തിരിച്ചടിയായത്. സമീപകാലത്ത് കടബാധ്യത ഗണ്യമായി താഴ്ത്തിക്കൊണ്ടുവന്ന് ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ കഴിഞ്ഞത് മറ്റൊരു പോസിറ്റീവ് ഘടകമാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷവും അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധനവും സുസ്ലോണിന്റെ ബിസിനസിന് ഗുണകരമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ലോകം ഊര്‍ജപ്രതിസന്ധി നേരിടുമ്പോള്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജം ഉള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജസ്രോതസ്സുകളെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്.
2024 സെപ്റ്റംബറില്‍ 83 രൂപ വരെ സുസ്ലോണ്‍ ഓഹരിവിലകള്‍ ഉയര്‍ന്നിരുന്നു. 2023 മേയില്‍ 8.25 രൂപ വിലയുണ്ടായിരുന്നിടത്ത് നിന്നാണ് ഈ കുതിപ്പ് തുടങ്ങിയത്. എന്നാല്‍ പിന്നീട് തിരുത്തലിന് വിധേയമായി. വീണ്ടും അടുത്ത കുതിപ്പിനുള്ള തയാറെടുപ്പിലാണ് സുസ്ലോണ്‍. വിദേശ നിക്ഷേപകര്‍ കൂടുതലായെത്തിയതിന് പുറമേ മ്യൂച്ചല്‍ ഫണ്ടുകള്‍ സുസ്ലോണില്‍ ഹോള്‍ഡിങ് വര്‍ധിപ്പിച്ചതും നിക്ഷേകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
(ഈ ലേഖനം ഓഹരി വിപണിയുമായി ബന്ധപ്പെട്ട പഠനാവശ്യത്തിന് മാത്രമാണ്. ഏതെങ്കിലും ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള ശിപാര്‍ശയല്ല. ഓഹരിവിപണിയിലെ നിക്ഷേപങ്ങള്‍ ലാഭ-നഷ്ടങ്ങള്‍ക്ക് വിധേയമാണ്)
Adjust Story Font
16
