Quantcast

കൊഴിഞ്ഞുകൊഴിഞ്ഞ് കോണ്‍ഗ്രസ്; മണിപ്പൂരില്‍ വീണ്ടും താമര വിരിയുമോ?

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ മുന്‍നിര നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ തളര്‍ന്നുപോയ അവസ്ഥയാണ് കോണ്‍ഗ്രസിനുള്ളത്

MediaOne Logo
കൊഴിഞ്ഞുകൊഴിഞ്ഞ് കോണ്‍ഗ്രസ്; മണിപ്പൂരില്‍ വീണ്ടും താമര വിരിയുമോ?
X

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തിയതി പ്രഖ്യാപിച്ചുകഴിഞ്ഞു. പഞ്ചാബ്,അസം,ഗോവ,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം മണിപ്പൂരും പോളിംഗ് ബൂത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 27,മാര്‍ച്ച് 3 എന്നീ രണ്ടു ഘട്ടങ്ങളിലായിട്ടാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് ജില്ലകളിൽ 27നും മറ്റു 10 ജില്ലകളിൽ മാർച്ച് 3നുമാണ് വോട്ടെടുപ്പ്. മണിപ്പൂർ നിയമസഭയുടെ കാലാവധി മാർച്ച് 19നാണ് അവസാനിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ മുന്‍നിര നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ തളര്‍ന്നുപോയ അവസ്ഥയാണ് കോണ്‍ഗ്രസിനുള്ളത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടുപോലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് ഭരണകക്ഷിയായ ബി.ജെ.പിയെ അത്രയൊന്നും അസ്വസ്ഥമാക്കുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും ഒരു കൂട്ടം തന്നെ ബി.ജെ.പിയിലേക്ക് ചേക്കേറിയതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

60 അംഗ നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28 സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് 21 സീറ്റും. ബിജെപി നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി)എന്നിവരുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി. എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുകയും ചെയ്തു. സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയുമായുള്ള സഖ്യത്തിൽ എൻ.പി.പിയും എൻ.പി.എഫും നാല് സീറ്റുകൾ വീതം നേടിയപ്പോൾ എൽ.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള രണ്ട് സീറ്റുകൾ തൃണമൂൽ കോൺഗ്രസിനും ഒരു സ്വതന്ത്രനും ലഭിച്ചു.

ആത്മവിശ്വാസത്തില്‍ ബി.ജെ.പി

തുടര്‍ഭരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വികസനവും സമാധാനവും എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മണിപ്പൂരില്‍ ബി.ജെ.പിയുടെ പ്രചരണം. 2020 ജൂണിൽ, ഉപമുഖ്യമന്ത്രി ഉൾപ്പെടെ ഒമ്പത് എം.എൽ.എമാർ ഭരണസഖ്യത്തിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ എൻ.ബിരേൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിസന്ധി നേരിട്ടെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആര്‍.എസ്.എസ് പിന്തുണയുള്ള തോങ്ഗം ബിശ്വജിത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

വികസനത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുന്‍സര്‍ക്കാരുകളെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് മുതൽ മൊബൈൽ കണക്റ്റിവിറ്റി മുതൽ ആരോഗ്യം വരെയുള്ള 4,800 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മണിപ്പൂരില്‍ ഈയിടെ ഉദ്ഘാടനം ചെയ്തിരുന്നു. ബിരേൻ സിംഗ് സര്‍ക്കാരിന്‍റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ''മുൻ സർക്കാരുകൾ മണിപ്പൂരിനെ കൈവിട്ട ഒരു കാലമുണ്ടായിരുന്നു. ഇത്രയധികം കഷ്ടപ്പെട്ട് ആർക്കാണ് ഇത്രയും ദൂരം പോകാൻ കഴിയുകയെന്ന് ഡൽഹിയിലുണ്ടായിരുന്നവർ ചിന്തിച്ചു. സ്വന്തമായതിനോട് ഇത്ര നിസ്സംഗത ഉണ്ടാകുമ്പോൾ, അകൽച്ച വളരും. ഞാൻ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് പലതവണ മണിപ്പൂർ സന്ദർശിച്ചിട്ടുണ്ട്. നിങ്ങളുടെ മനസ്സിലെ വേദന എനിക്ക് മനസ്സിലായി. അതുകൊണ്ട്, 2014-ന് ശേഷം ഞാൻ ഡൽഹിയെ മുഴുവനും , കേന്ദ്ര ഗവൺമെന്‍റിനെയും നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിച്ചു. അത് നേതാവോ മന്ത്രിയോ ഓഫീസറോ ആകട്ടെ, എല്ലാവരോടും അവിടെ പോയി ദീർഘനേരം ചെലവഴിക്കാനും അവിടെയുള്ള ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതികൾ തയ്യാറാക്കാനും ഞാൻ പറഞ്ഞു'' ജനുവരി 4ന് മണിപ്പൂര്‍ ജനതയോടായി പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ ഇത്തവണയും വിജയിക്കില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. പുതിയ തന്ത്രങ്ങള്‍ പയറ്റി ഭരണം പിടിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. മണിപ്പൂരിൽ 2022ലെ തെരഞ്ഞെടുപ്പിലും അസം മാതൃകയാവും ബി.ജെ.പി പിന്തുടരുകയെന്ന് ആർ.എസ്.എസ് നേതാവ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്ത് സഖ്യസർക്കാർ നേരിട്ട പ്രതിസന്ധികൾ കണക്കിലെടുത്ത് നേതൃമാറ്റത്തിനായി മണിപ്പൂരിൽ പാർട്ടിക്കുള്ളിൽ ആവശ്യം ശക്തമായിട്ടുണ്ട്.

കൊഴിഞ്ഞുപോക്ക് തുടരുന്നു, ദുര്‍ബലമായി കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മണിപ്പൂര്‍ പി.സി.സി ഉപാധ്യക്ഷനുമായി ചല്‍ട്ടോണ്‍ലിന്‍ അമോ ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് ക്യാമ്പിനെ ഒന്നാകെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍‌ട്ടി വിട്ടത് കോണ്‍ഗ്രസിനെയോ തെരഞ്ഞെടുപ്പിനെയോ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എംപിസിസി അധ്യക്ഷനായ എന്‍ ലോകന്‍റെ അവകാശവാദം. പാര്‍ട്ടി വിടുന്ന പതിനഞ്ചാമത്തെ എം.എല്‍.എയാണ് അമോ.

മുതിർന്ന കോൺഗ്രസ് നിയമസഭാംഗം ഡി കൊറുങ്ങ്താങ് ജനുവരി 5ന് എൻ.പി.എഫിൽ ചേർന്നതോടെ സംസ്ഥാന പാർട്ടി ഘടകത്തിൽ കൂറുമാറ്റം രൂക്ഷമാണ്. 2021 നവംബറിൽ കോൺഗ്രസ് എം.എൽ.എമാരായ ആർ.കെ. ഇമോ സിങ്ങും യാംതോംഗ് ഹാക്കിപ്പും ബി.ജെ.പിയിൽ ചേർന്നിരുന്നു. തുടർന്ന് മുൻ സംസ്ഥാന പ്രസിഡന്‍റ് ഗോവിന്ദാസ് കോന്തൗജവും ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു.

അധികാരത്തിലെത്തിയാല്‍ അഫ്‌സ്‌പ (പ്രത്യേക സൈനികാധികാര നിയമം) പിന്‍വലിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം. "കോണ്‍ഗ്രസ് അധികാരത്തിൽ ഇരുന്നപ്പോള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് അഫ്‌സ്‌പ പിന്‍വലിച്ചത്. 2022ല്‍ വീണ്ടും കോൺഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്‌ഥാനത്തുനിന്നു തന്നെ അഫ്‌സ്‌പ പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും ആദ്യത്തെ മന്ത്രിസഭ കൈക്കൊള്ളുന്നത്'' പാര്‍ട്ടി അറിയിച്ചു. നാഗാലാന്‍ഡിലെ 14 ഗ്രാമീണരെ സൈനികര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ അഫ്‌സ്‌പക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയര്‍ന്നത്. സംഭവത്തിന് പിന്നാലെ സൈനികർക്ക് എതിരെ കൊലക്കുറ്റത്തിന് നാഗാലാന്‍ഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

മൂന്നുതവണ മണിപ്പൂരിന്‍റെ മുഖ്യമന്ത്രിയായിരുന്ന 73കാരനായ ഒക്രോം ഇബോബി സിംഗാണ് ഇപ്പോഴും പാര്‍ട്ടിയുടെ ബലഹീനതയും ശക്തിയും. കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് ഇബോബി സിംഗിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസ് ഇപ്പോഴും നടക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒക്രോം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്ന മുറയ്ക്ക് പൂർണ്ണ ശക്തിയോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.'' 2002-2017 കാലയളവിലെ 15 വർഷത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പോരാട്ടത്തിനിറങ്ങുന്നത്. മണിപ്പൂരിനെ സമാധാനത്തിന്‍റെയും പുരോഗതിയുടെയും സമൃദ്ധിയുടെയും പാതയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ പ്രകടന പദ്ധതിയിലുണ്ടെന്നാണ്'' മുതിര്‍ന്ന നേതാവ് ജയറാം രമേശിന്‍റെ വാദം.

ഒറ്റക്ക് മത്സരിക്കുമെന്ന് എന്‍.പി.പി

ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രഖ്യാപനം. കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എന്‍.പി.പി ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രിയായ വൈ. ജോയ്കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ വില പേശല്‍ ശക്തി കൂടുമെന്നും അന്ന് വേണമെങ്കില്‍ കോണ്‍ഗ്രസുമായോ ബി.ജെ.പിയുമായോ ചേര്‍ന്ന് സഖ്യത്തിലെത്തി അധികാരം പങ്കിടാനാകുമെന്ന പ്രതീക്ഷയും ജോയ്കുമാര്‍ പങ്കുവെച്ചിരുന്നു.

നാല് എം.എല്‍.എമാരുള്ള എന്‍.പി.പി ബി.ജെ.പിയുമായി അത്ര സുഖത്തിലായിരുന്നില്ല. നാല് എന്‍.പി.പി മന്ത്രിമാരില്‍ രണ്ടു പേരെ നേരത്തേ മന്ത്രിസഭയില്‍ നിന്നും ബി.ജെ.പി പുറത്താക്കിയിരുന്നു. ഇത് സഖ്യത്തിനുള്ളില്‍ വലിയ അതൃപ്തിക്ക് കാരണമായി. 2020ലെ അധികാരത്തര്‍ക്കത്തിനിടെ എന്‍.പി.പി, ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് സഖ്യത്തില്‍ തിരിച്ചെത്തിയിരുന്നു.

TAGS :

Next Story