മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസിനെ നയിക്കുക ഏഴുവയസുകാരന്‍ ലെഗ് സ്പിന്നര്‍
ക്യാപ്റ്റന്‍ ടിം പെയ്ന്‍ ആസ്‌ത്രേലിയയയുടെ സ്വന്തം ബാഗി ഗ്രീന്‍ ക്യാപ്പ് ആര്‍ച്ചിക്ക് സമ്മാനിച്ചപ്പോള്‍ ജേഴ്‌സി നല്‍കിയത് സ്പിന്നറും ആര്‍ച്ചിയുടെ പ്രിയതാരവുമായ നേഥന്‍ ലിയോണായിരുന്നു.

ബോക്‌സിംങ് ഡേ ടെസ്റ്റില്‍ ഇന്ത്യയും ആസ്‌ത്രേലിയയും ബുധനാഴ്ച്ച കളിക്കാനിറങ്ങുമ്പോള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുക ഏഴ് വയസുകാരന്‍ ആര്‍ച്ചി ഷില്ലറായിരിക്കും. ഈ കുട്ടി ലെഗ്‌സ്പിന്നറെ കൂടി ഉള്‍പ്പെടുത്തിയാണ് ആസ്‌ത്രേലിയ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നൊപ്പം സഹനായകനായി ആര്‍ച്ചിയും മെല്‍ബണില്‍ മൈതാനത്തെത്തും.
ഏഴ് വയസേ ആയിട്ടുള്ളൂവെങ്കിലും ഇതുവരെ 13 തവണയാണ് ആര്‍ച്ചി ഹൃദയശസ്ത്രക്രിയക്ക് വിധേയനായത്. വെറും മൂന്ന് മാസം പ്രായമുള്ളപ്പോളായിരുന്നു ഹൃദയവാല്‍വിന്റെ ആദ്യ ശസ്ത്രക്രിയ. ഡാമിയന്റെയും സാറയുടെയും മകനായ ആര്‍ച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാവുകയെന്നത്. മെയ്ക് എ വിഷ് ആസ്‌ത്രേലിയ ഫൗണ്ടേഷനാണ് ആര്‍ച്ചി ഷില്ലറെ ഓസീസ് ക്രിക്കറ്റ് ടീമിലെത്തിച്ചുകൊണ്ട് ഈ സ്വപ്‌നം സഫലമാക്കിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ കൂട്ടുകാര്‍ക്കൊപ്പം സ്ഥിരമായി ആര്‍ച്ചിക്ക് കളിക്കാന്‍ സാധിക്കാറില്ല. എങ്കിലും അവന്‍ അവസരം ലഭിക്കുമ്പോഴെല്ലാം ക്രിക്കറ്റ് കളിക്കുകയും ചെയ്തിരുന്നു.
പിതാവിനോടാണ് ആര്‍ച്ചി ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നത്. മേക്ക് എ വിഷ് ഫൗണ്ടേഷന്‍ പിന്നീട് ഇക്കാര്യം അറിയുകയും ആര്‍ച്ചിയുടെ ആഗ്രഹം ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറെ തന്നെ അറിയിക്കുകയും ചെയ്തു. യു.എ.ഇയില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോഴായിരുന്നു ഇക്കാര്യം ലാംഗറെ അറിയിച്ചത്.
ക്രിസ്തുമസിന്റെ പിറ്റേന്ന് തുടങ്ങുന്ന ബോക്‌സിംങ് ഡേ ടെസ്റ്റില്‍ തന്നെ ഓസീസ് ടീമിനൊപ്പം ചേരാന്‍ ലാംഗര്‍ അവസരം നല്‍കുകയായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള അതേ പരിഗണനയാണ് ടീമില്‍ ആര്‍ച്ചിക്കും ലഭിക്കുന്നത്. ക്യാപ്റ്റന്‍ ടിം പെയ്ന്‍ ആസ്‌ത്രേലിയയയുടെ സ്വന്തം ബാഗി ഗ്രീന്‍ ക്യാപ്പ് ആര്‍ച്ചിക്ക് സമ്മാനിച്ചപ്പോള്‍ ജേഴ്‌സി നല്‍കിയത് സ്പിന്നറും ആര്‍ച്ചിയുടെ പ്രിയതാരവുമായ നേഥന്‍ ലിയോണായിരുന്നു.
ഈ മാസം ആദ്യമാണ് ഷില്ലറേയും ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആസ്‌ത്രേലിയ പരസ്യമാക്കിയത്. ആര്‍ച്ചി ഷില്ലറെ ഇക്കാര്യം വിളിച്ചറിയിച്ചത് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ തന്നെയായിരുന്നു. അഡലെയ്ഡില്‍ നടന്ന പരിശീലന സെഷനിലും ആര്‍ച്ചി ടീമിനൊപ്പമുണ്ടായിരുന്നു. ഡ്രസിംങ് റൂമില്‍ കളിക്കാരുടെ പ്രിയസുഹൃത്താണ് ഇപ്പോള്‍ ഈ ഏഴുവയസുകാരന്‍.
ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ 1-1ന് സമനിലയിലാണ്.
Adjust Story Font
16

