Quantcast

'അന്ന് കരഞ്ഞുമടങ്ങി; വീട്ടിലെത്തി മൊട്ടയടിച്ചു'-അണ്ടർ-19 സെലക്ഷൻ ദുരനുഭവം വെളിപ്പെടുത്തി കൊൽക്കത്ത താരം

'ശരിക്കും നിരാശപ്പെടുത്തുന്നതായിരുന്നു ടീം നടപടി. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇങ്ങനെയൊരു അനുഭവം നേരിട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല.'

MediaOne Logo

Web Desk

  • Updated:

    2023-05-12 11:09:50.0

Published:

12 May 2023 11:07 AM GMT

KKR spinner Suyash Sharma shares bad experience about U-19 team selection, KKR spinner Suyash Sharma bad experience, KKR spinner Suyash Sharma, IPL 2023
X

കൊൽക്കത്ത: ഇത്തവണ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കണ്ടുപിടിത്തങ്ങളിലൊരാളാണ് ലെഗ് സ്പിന്നർ സൂയഷ് ശർമ. നിർണായക ഘട്ടങ്ങളിൽ ക്യാപ്റ്റൻ നിതീഷ് റാണ ആശ്രയിക്കുന്ന യുവതാരം മിക്ക സമയങ്ങളിലും വിക്കറ്റുമായി ടീമിന് ബ്രേക്ത്രൂ നൽകാറുമുണ്ട്. അതേസമയം, കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാന്റെ യശസ്വി ജയ്‌സ്വാളിന് അർഹിച്ച സെഞ്ച്വറി തടയാൻ സൂയഷ് ശ്രമിച്ച നടപടി ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്തതാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ, ഇന്ത്യൻ സെലക്ഷനിൽ നേരിട്ട ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് 19കാരൻ. ഇന്ത്യയുടെ അണ്ടർ-19 ടീമിന്റെ സെലക്ഷനിലായിരുന്നു താരത്തിന് മോശം അനുഭവമുണ്ടായത്. കരഞ്ഞുകൊണ്ട് വീട്ടിലേക്കു മടങ്ങുകയും തല മുണ്ഡനം ചെയ്യുകയും ചെയ്‌തെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ വർഷമുണ്ടായ അനുഭവമാണ് ഐ.പി.എൽ ടീമിന് നൽകിയ അഭിമുഖത്തിൽ സൂയഷ് ശർമ വെളിപ്പെടുത്തിയത്.

'കഴിഞ്ഞ വർഷം ഞാൻ അണ്ടർ-19 ട്രയലിൽ പങ്കെടുക്കുകയും നന്നായി പെർഫോം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, എന്നെ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നില്ല. രാത്രി 12.30നും ഒരു മണിക്കുമാണ് അവർ ഒരു ലിസ്റ്റ് പുറത്തുവിടുന്നത്. ഞാൻ ഉറങ്ങുകയായിരുന്നു ആ സമയത്ത്.'

പുലർച്ചെ മൂന്നു മണിക്ക് എണീറ്റപ്പോഴാണ് ഞാനത് അറിയുന്നത്. രണ്ടു മണിക്കൂറോളം ഞാൻ കരഞ്ഞു. എന്റെ ബൗളിങ് ഒന്നു കാണണമെന്നു പറഞ്ഞാണ് അവർ വിളിച്ചത്. അങ്ങനെ ഞാനവിടെ പോയെങ്കിലും എന്നെ അധികം പ്രോത്സാഹിപ്പിക്കില്ലെന്ന വിവരമാണ് എനിക്കു ലഭിച്ചത്. ഞാൻ കരഞ്ഞുകൊണ്ടാണ് അന്നു വീട്ടിലേക്കു മടങ്ങിയത്. വീട്ടിലെത്തി മൊട്ടയടിക്കുകയും ചെയ്തു-താരം വെളിപ്പെടുത്തി.

ശരിക്കും നിരാശപ്പെടുത്തുന്നതായിരുന്നു ടീം സെലക്ഷനെന്ന് സൂയഷ് പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇങ്ങനെയൊരു അനുഭവം നേരിട്ടത് തനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീടാണ് സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ തീരുമാനിക്കുന്നത്. ഒരു ദിവസം അവർ വീട്ടിൽവന്ന് എന്നെ കൊണ്ടുപോകുമെന്നും മനസിനെ വിശ്വസിപ്പിച്ചു. ഇതിനിടയിലാണ് മുടി പതുക്കെ വളർന്നത്. തന്റെ പ്രകടനവും ഇതിനിടെ മെച്ചപ്പെട്ടു. അതോടെ മുടിനീട്ടി വളർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും സൂയഷ് പറഞ്ഞു.

ഐ.പി.എൽ ട്രയലിനിടയിലും തനിക്ക് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, സെലക്ഷൻ കിട്ടുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. ലേലത്തിന്റെ സമയത്ത് ഒരു 25ദിന പരിശീലനം കഴിഞ്ഞു വരികയായിരുന്നു ഞാൻ. വീട്ടിൽ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ കോൾ പ്രവാഹമായിരുന്നു. അങ്ങനെയാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നതെന്നും സൂയഷ് ശർമ കൂട്ടിച്ചേർത്തു.

അടിസ്ഥാനവിലയായ 20 ലക്ഷത്തിനാണ് സൂയഷ് ശർമയെ ലേലത്തിൽ കൊൽക്കത്ത വിളിച്ചെടുത്തത്. ഇത്തണ ഒൻപത് മത്സരങ്ങളിൽ ടീമിനായി കളിച്ച താരം 28 ശരാശരിയിൽ പത്തു വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

Summary: "Came home crying and shaved my head": KKR star spinner Suyash Sharma shares his bad experience about U-19 team selection

TAGS :

Next Story