Quantcast

രാഹുൽ ക്ലീൻ ബൗൾഡ്; രോഹിത്, സൂര്യ പുറത്ത്- പവര്‍പ്ലേയില്‍ പാക് ഷോക്ക്

സൂര്യകുമാർ യാദവും വിരാട് കോഹ്ലിയുമാണ് ക്രീസിലുള്ളത്.

MediaOne Logo

Web Desk

  • Updated:

    2022-10-23 12:21:51.0

Published:

23 Oct 2022 10:38 AM GMT

രാഹുൽ ക്ലീൻ ബൗൾഡ്; രോഹിത്, സൂര്യ പുറത്ത്- പവര്‍പ്ലേയില്‍ പാക് ഷോക്ക്
X

മെൽബൺ: 'സൂപ്പർ 12'ലെ ആവേശപ്പോരിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 160 എന്ന മികച്ച ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേയിൽ തന്നെ ഓപണർ കെ.എൽ രാഹുലിനെയും നായകൻ രോഹിത് ശർമയെയും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെയും നഷ്ടമായി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നിന് 31 എന്ന നിലയിലാണ്.

നസീം ഷായുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് രാഹുൽ മടങ്ങിയത്. എട്ടു പന്ത് നേരിട്ട് നാല് റൺസുമായാണ് രാഹുൽ മടങ്ങിയത്. ഹാരിസ് റഊഫ് എറിഞ്ഞ നാലാമത്തെ ഓവറിൽ രോഹിതും കൂടാരം കയറി. ഗുഡ് ലെങ്ത് പന്തിൽ ബാറ്റ് വച്ച രോഹിതിനെ സ്ലിപ്പിൽ ഇഫ്തിക്കാർ അഹ്മദ് പിടികൂടി. ഹാരിസ് റഊഫ് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഒാവറില്‍ പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാന് ക്യാച്ച് നല്‍കി സൂര്യകുമാർ യാദവും(15) മടങ്ങിയതോടെ ഇന്ത്യ വലിയൊരു തകര്‍ച്ച മുന്നില്‍ കാണുകയാണ്. പവര്‍പ്ലേ തീരുമ്പോള്‍ വിരാട് കോഹ്ലിയും അക്സര്‍ പട്ടേലുമാണ് ക്രീസിലുള്ളത്.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബൗളിങ്ങിനയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം. പവർപ്ലേയിൽ പാക് ഓപണർമാരെ ഇന്ത്യൻ ബൗളർമാർ തിരിച്ചയച്ചു. നായകൻ ബാബർ അസമാണ് ആദ്യം വീണത്. അർഷ്ദീപിനെ മനോഹരമായ സ്വിങ് ബൗളിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഗോൾഡൻ ഡക്കായി ബാബർ പുറത്ത്. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് റിസ്‌വാനെയും മടക്കിയയച്ചു.

നാലാം വിക്കറ്റിൽ ഒന്നിച്ച ഷാൻ മസൂദും ഇഫ്തികാർ അഹ്മദുമാണ് കൂട്ടത്തകർച്ചയിൽനിന്ന് പാകിസ്താനെ കരകയറ്റിയത്. കരുതലോടെ തുടങ്ങിയ ഇരുവരും മോശം പന്തുകളെ ആക്രമിച്ച് സ്‌കോർവേഗം കൂട്ടുകയായിരുന്നു. ഇരുവരും അർധസെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയതിനു പിന്നാലെ ഇഫ്തികാർ അർധസെഞ്ച്വറിയും പിന്നിട്ടു.

13-ാം ഓവറിൽ മുഹമ്മദ് ഷമിയെ തിരിച്ചുവിളിച്ച് രോഹിത് നടത്തിയ ബൗളിങ് മാറ്റമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഷമിയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി അർധസെഞ്ച്വറിക്കു പിന്നാലെ ഇഫ്തികാർ മടങ്ങഇ. 34 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറും സഹിതം 51 റൺസാണ് ഇഫ്തികാർ അടിച്ചെടുത്തത്.

ഇഫ്തികാർ പോയതോടെ മറുവശത്ത് വന്നവരെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. വമ്പനടിക്കാരായ ഷാദാബ് ഖാൻ(അഞ്ച്), ഹൈദർ അലി(രണ്ട്), മുഹമ്മദ് നവാസ്(ഒൻപത്), ആസിഫ് അലി(രണ്ട്) എന്നിവരെല്ലാം രണ്ടക്കം കടക്കാതെ മടങ്ങി. ഒടുവിൽ വാലറ്റത്തിൽ ഷഹിൻ ഷാ അഫ്രീദി നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ടീമിനെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ ഒരു വീതം സിക്‌സും ഫോറും അടിച്ച് എട്ടു പന്തിൽ 16 റൺസ് നേടിയാണ് അഫ്രീദി മടങ്ങിയത്. 42 പന്തിൽ അഞ്ച് ഫോറിന്റെ അകമ്പടിയോടെ 52 റൺസുമായി ഷാൻ മസൂദ് പുറത്താകാതെ നിന്നു.

പാകിസ്താന്റെ മൂന്ന് മുൻനിര ബാറ്റർമാരെ തിരിച്ചയച്ച അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ഹർദിക് പാണ്ഡ്യയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ഷമിക്കും ഭുവനേശ്വർ കുമാറിനും ഓരോ വീതം വിക്കറ്റും ലഭിച്ചു.

Summary: KL Rahul, Rohit Sharma and Surya Kumar Yadav out as India struggles against Pak bowlers in their first match in T20 World Cup

TAGS :

Next Story