Quantcast

'ടീമിലില്ലെങ്കിലെന്താ ഹൃദയത്തിലുണ്ടല്ലോ'; ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ച് സഞ്ജു-വൈറൽ വിഡിയോ

ഋഷഭ് പന്ത് മോശം പ്രകടനം തുടരുമ്പോഴും ടീമിൽ സ്ഥാനമുറപ്പിക്കുമ്പോഴാണ് ഫോമിലുള്ള സഞ്ജുവിനെ പുറത്തിരുത്തുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-27 11:42:34.0

Published:

27 Nov 2022 11:41 AM GMT

ടീമിലില്ലെങ്കിലെന്താ ഹൃദയത്തിലുണ്ടല്ലോ; ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ച് സഞ്ജു-വൈറൽ വിഡിയോ
X

ഹാമിൽട്ടൻ: ഇടവേളയ്ക്കുശേഷം ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ സഞ്ജു സാംസണിന് ഇടം ലഭിച്ചിരുന്നു. മത്സരത്തിൽ ശ്രേയസ് അയ്യർക്കൊപ്പം ചേർന്ന് സെൻസിബിൾ ഇന്നിങ്‌സിലൂടെ ടീമിനെ വലിയൊരു തകർച്ചയിൽനിന്ന് രക്ഷിക്കുകയും ചെയ്തു. എന്നാൽ, രണ്ടാം ഏകദിനത്തിൽ വീണ്ടും സഞ്ജുവിന് പുറത്തിരിക്കേണ്ടിവന്നു. ഓൾറൗണ്ടർ ദീപക് ഹൂഡയെ ഉൾപ്പെടുത്താനാണ് സഞ്ജുവിനെ പുറത്തിരുത്തേണ്ടിവന്നതെന്ന വിശദീകരണമാണ് നായകൻ ശിഖർ ധവാൻ നൽകിയത്.

സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് സഞ്ജുവിനെ പുറത്തിരുത്തിയതിനെതിരെ ഉയരുന്നത്. സ്ഥിരമായി അവസരം നൽകാതെ അപ്പോഴും ഇപ്പോഴും ഒന്നോ രണ്ടോ മത്സരങ്ങൾ നൽകുന്നതിലാണ് രോഷം ഉയരുന്നത്. അപ്പുറത്ത് ഋഷഭ് പന്ത് മോശം പ്രകടനം തുടരുമ്പോഴും ടീമിൽ സ്ഥാനമുറപ്പിക്കുമ്പോഴാണ് മികച്ച ഫോമിലുള്ള സഞ്ജുവിനെ പുറത്തിരുത്തുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, മഴയിൽ മുങ്ങിയ ഇന്നത്തെ മത്സരത്തിനിടയിലെ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മഴയ്ക്കിടയിൽ പിച്ചിൽ കവർ മൂടാനെത്തിയ ഗ്രൗണ്ട് സ്റ്റാഫിനെ സഞ്ജു സഹായിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഹാമിൽട്ടൻ സെഡ്ഡൻ പാർക്ക് ഗ്രൗണ്ടിൽ കനത്ത മഴയും കാറ്റും കാരണം ഗ്രൗണ്ട് സ്റ്റാഫ് കവർ മൂടാൻ പ്രയാസപ്പെടുമ്പോഴായിരുന്നു താരം സഹായിക്കാനെത്തിയത്.

ഇതിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആരാധകരും വിഡിയോ ഏറ്റെടുത്തിരിക്കുകയാണ്. സഹാനുഭൂതി എല്ലാവർക്കും പറഞ്ഞതല്ലെന്ന് വിഡിയോ പങ്കുവച്ച് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു. എത്ര തവണയാണ് സഞ്ജു ഹൃദയം കവരുന്നതെന്ന് മറ്റൊരു ആരാധകൻ.

ആദ്യ ഏകദിനത്തിൽ 38 പന്ത് നേരിട്ട് 36 റൺസെടുത്താണ് സഞ്ജു പുറത്തായത്. നാല് ഫോറും ഇന്നിങ്‌സിന് അകമ്പടിയേകിയിരുന്നു. അവസാന ഓവറുകളിൽ ടീം സ്‌കോർ വേഗംകൂട്ടാനുള്ള ശ്രമത്തിനിടെയാണ് ബൗണ്ടറിക്കരികിൽ പിടിച്ചുപുറത്തായത്.

Summary: After being out in second ODI against New Zealand, Sanju Samson helps groundsmen to cover the ground while it was raining

TAGS :

Next Story