Quantcast

'അന്ന് ഉറങ്ങാനായില്ല, കരയുകയായിരുന്നു ഞാൻ; ടീമിലെടുക്കുമെന്ന് 2022ല്‍ പറഞ്ഞതാണ്'; നിരാശ പരസ്യമാക്കി സർഫറാസ് ഖാൻ

രഞ്ജി ട്രോഫി 2021-22 സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു സർഫറാസ്. ഇത്തവണ 107 ശരാശരിയിൽ 431 റൺസുമായി ഫോം തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-01-17 06:01:58.0

Published:

17 Jan 2023 5:48 AM GMT

SarfarazKhan, SarfarazBCCIselection
X

മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിനുശേഷവും ദേശീയ ടീമിലേക്ക് വിളി ലഭിക്കാത്തതിന്റെ നിരാശ പരസ്യമാക്കി മുംബൈ താരം സർഫറാസ് ഖാൻ. ആസ്‌ട്രേലിയയ്‌ക്കെതിരായ ടീം പ്രഖ്യാപിച്ചപ്പോൾ തന്റെ പേരുണ്ടായിരുന്നില്ല. അന്നുമുഴുവൻ ദുഃഖത്തിലായിരുന്നു. കരയുകയും ചെയ്‌തെന്നും താരം പറഞ്ഞു. ഉടൻ ടീമിലെത്തുമെന്ന് മുൻ ടീം സെലക്ടർ ചേതൻ ശർമ ഉറപ്പുനൽകിയിരുന്നതാണെന്നും സർഫറാസ് വെളിപ്പെടുത്തി.

ബംഗളൂരുവിൽ നടന്ന രഞ്ജി ട്രോഫി ഫൈനലിൽ(2022) ഞാനൊരു സെഞ്ച്വറി നേടിയിരുന്നു. അന്ന് സെലക്ടർമാരെ കണ്ടിരുന്നു. ബംഗ്ലാദേശിൽ എനിക്ക് അവസരം കിട്ടുമെന്നാണ് അന്ന് എന്നോട് പറഞ്ഞത്. അതിനു വേണ്ടി ഒരുങ്ങിയിരിക്കാനും പറഞ്ഞു-'ടൈംസ് ഓഫ് ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ സർഫറാസ് പറഞ്ഞു.

അടുത്തിടെ മുംബൈയിലെ ഒരു ഹോട്ടലിൽ ചേതൻ ശർമയെ(മുഖ്യ സെലക്ടർ) കണ്ടുമുട്ടിയ കാര്യവും താരം വെളിപ്പെടുത്തി. നിരാശപ്പെടരുതെന്നും എന്റെ സമയം വരുമെന്നും അദ്ദേഹം പറഞ്ഞു. നല്ല കാര്യങ്ങൾ സംഭവിക്കാൻ സമയമെടുക്കും, (ദേശീയ ടീമിന്) തൊട്ടടുത്താണ് നീയുള്ളത്, നിനക്ക് അവസരം ലഭിക്കുമെന്നെല്ലാം അദ്ദേഹം പറഞ്ഞു. ഇതിനുശേഷം മറ്റൊരു പ്രധാനപ്പെട്ട ഇന്നിങ്‌സ് കൂടി കളിച്ചതോടെ എനിക്ക് വലിയ പ്രതീക്ഷയായിരുന്നുവെന്നും സർഫറാസ് പറഞ്ഞു.

എന്നാൽ, ടീം പ്രഖ്യാപിച്ചപ്പോൾ എന്റെ പേരുണ്ടായിരുന്നില്ല. ഏറെ ദുഃഖിതനായിരുന്നു ഞാൻ. ലോകത്ത് എന്റെ അതേ അവസ്ഥയിലുള്ള ആരുടെയും അവസ്ഥ അതുതന്നെയാകും. കാരണം, ടീമിലിടം ലഭിക്കുമെന്നു പ്രതീക്ഷിച്ചിട്ടും അതുണ്ടായില്ല. ഇന്നലെ ദുഃഖത്തിന്റെ ദിവസമായിരുന്നു. എന്താണ്, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിക്കുകയായിരുന്നു. ഏകാന്തത അനുഭവപ്പെട്ടു. ഉറങ്ങാനായിരുന്നില്ലെന്നു മാത്രമല്ല കരഞ്ഞുയെന്നും താരം കൂട്ടിച്ചേർത്തു.

രഞ്ജി ട്രോഫി 2021-22 സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു സർഫറാസ്. ആകെ ആറു മത്സരങ്ങളിൽനിന്ന് 122 ശരാശരിയിൽ നാല് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും സഹിതം 982 റൺസാണ് താരം അടിച്ചുകൂട്ടിയത്. 275 ആയിരുന്നു ഉയർന്ന സ്‌കോർ. പുതിയ സീസണിൽ 107 ശരാശരിയിൽ ഇതുവരെ 431 റൺസുമായി ഫോം തുടരുകയാണ്. രണ്ട് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും ഇത്തവണ അടിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ശരാശരിയിൽ ഇതിഹാസ താരം ഡോൺ ബ്രാഡ്മാന്(95.14) പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട് സർഫറാസ്. 80.47 ആണ് താരത്തിന്റെ ശരാശരി. എന്നാൽ, ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കു പിന്നാലെ അടുത്ത മാസം നടക്കാനിരിക്കുന്ന ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് സംഘത്തിലും സർഫറാസിന് ഇടംലഭിച്ചിട്ടില്ല.

Summary: 'The selectors were told that I will get opportunity in Bangladesh. But that doesn't happen. Now I wasn't able to sleep and cried too', Sarfaraz Khan reveals

TAGS :

Next Story