Quantcast

നീയൊക്കെ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് കപ്പടിക്കുമല്ലേ... ഇത് ഞങ്ങള്‍ അവര്‍ക്ക് കൊടുത്ത വാക്കാ; ഹൈദരാബാദ്-രാജസ്ഥാന്‍ മത്സരത്തില്‍ ട്രോള്‍മഴ

തങ്ങളുടെ വികാരമായ മഞ്ഞപ്പടയെ ഐ.എസ്.എൽ ഫൈനലിൽ കീഴടക്കിയ ഹൈദരാബാദിനെ എങ്ങനെ മറക്കാനാണ് മലയാളികൾ.

MediaOne Logo

Web Desk

  • Published:

    29 March 2022 4:38 PM GMT

നീയൊക്കെ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് കപ്പടിക്കുമല്ലേ... ഇത് ഞങ്ങള്‍ അവര്‍ക്ക് കൊടുത്ത വാക്കാ; ഹൈദരാബാദ്-രാജസ്ഥാന്‍ മത്സരത്തില്‍ ട്രോള്‍മഴ
X

‌സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് മികച്ച സ്കോര്‍ കണ്ടെത്തിയതോടെ മലയാളീസിന്‍റെ ട്രോള്‍ മഴ. ഐ.എസ്.എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത് ഹൈദരാബാദ് എഫ്.സിയാണ്. ഈ കാരണം പറഞ്ഞായിരുന്നു മലയാളികളുടെ പൊങ്കാല.

സഞ്ജു സാംസണിനോടുള്ള ഇഷ്ടം കൊണ്ടു മലയാളികളുടെ ഏറ്റവും ഇഷ്ട ടീമുകളിലൊന്നാണ് രാജസ്ഥാന്‍. മുന്‍പ് രാജസ്ഥാന്‍ റോയല്‍സിവ് വേണ്ടി മലയാളി താരം ശ്രീശാന്തും കളിച്ചിട്ടുണ്ട്. ഈ സീസണില്‍ മലയാളിയായ ദേവ്ദത്ത് പടിക്കലും രാജസ്ഥാന്‍ ജഴ്സിയില്‍ ആണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ റോയല്‍സ് മലയാളികള്‍ക്ക് സ്വന്തം ടീമിനെപ്പോലെയാണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അടിച്ചൊതുക്കിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിങ് വിരുന്നിനാണ് പുനെ സാക്ഷിയായത്. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 210 റണ്‍സെടുത്തു. രാജസ്ഥാനായി നൂറാം മത്സരത്തില്‍ കളത്തിലിറങ്ങി ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്ത സഞ്ജുവാണ് ടീം ടോപ് സ്കോറര്‍. ക്യാപ്റ്റന്‍റെ ഇന്നിങ്സുമായി സഞ്ജു ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ മികച്ച ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു. അഞ്ച് സിക്സറും മൂന്ന് ബൌണ്ടറിയുമുള്‍പ്പടെയായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. സഞ്ജുവിന്‍റെ 16 ആം ഐ.പി.എല്‍ അര്‍ദ്ധസെഞ്ച്വറിയാണ്. സഞ്ജുവിന് കൂട്ടായി മലയാളി താരം ദേവ്ദത്ത് പടിക്കലും തകര്‍ത്തടിച്ചെങ്കിലും അര്‍ദ്ധസെഞ്ച്വറിക്കരികില്‍ താരം വീണു.

രണ്ട് മലയാളി താരങ്ങളും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ മല്ലൂസിന്‍റെ ഉള്ളിലുള്ള ട്രോളന്മാരും ട്രോളത്തികളും ഉണര്‍ന്നു. തങ്ങളുടെ വികാരമായ മഞ്ഞപ്പടയെ ഐ.എസ്.എല്‍ ഫൈനല്‍ ഷൂട്ടൌട്ടില്‍ കീഴടക്കിയ ഹൈദരാബാദിനെ എങ്ങനെ മറക്കാനാണ് മലയാളികള്‍. പിന്നീട് ട്രോളുകളുടെ പൂരമായിരുന്നു. സഞ്ജുവിന്‍റെ ചിത്രം വെച്ചുള്ള രസകരമായ ട്രോളുകള്‍ വന്നു.





'ഇത് ഞങ്ങള്‍ ബ്ലാസ്റ്റേഴ്സിന് കൊടുത്ത വാക്കാണ്', 'നീയൊക്കെ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് കപ്പടിക്കുമല്ലേ' തുടങ്ങിയ രസകരമായ ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നിശ്ചിത 20 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. രാജസ്ഥാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ജോസ് ബട്‍ലറും ജെയ്സ്വാളും ചേര്‍ന്ന് ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ജയ്സ്വാളിനെയാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. റണ്‍സെടുത്ത ജയ്സ്വാളിനെ സ്റ്റെഫേര്‍ഡ് പുറത്താക്കുകയായിരുന്നു. വണ്‍ഡൌണായെത്തിയ സഞ്ജു ജോസ് ബട്‍ലറിന് മികച്ച പിന്തുണ നല്‍കുമെന്ന് തോന്നിച്ച സമയത്ത് ബട്‍‍ലറിനെ പുറത്താക്കി ഉമ്രാന്‍ മാലിക്ക് ഹൈദരാബാദിന് ആശ്വാസമേകി. 28 പന്തില്‍ മൂന്ന് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 35 റണ്‍സാണ് ബട‍്‍ലര്‍ നേടിയത്.

പിന്നീടൊത്തുചേര്‍ന്ന മലയാളി കോംബോ രാജസ്ഥാന്‍ ഇന്നിങ്സിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് രാജസ്ഥാന്‍ റാഞ്ചിയ മലയാളി താരം പടിക്കല്‍ രാജസ്ഥാന്‍ ജഴ്സിയില്‍ അരങ്ങേറ്റം ഗംഭീരമാക്കി. സഞ്ജുവിനൊപ്പം 73 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടിക്കല്‍ പടുത്തുയര്‍ത്തിയത്. 29 പന്തില്‍ നാല് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെയായിരുന്നു ദേവ്ദത്ത് പടിക്കല്‍ 41 റണ്‍സെടുത്തു.ടോപ് ഗിയറില്‍ ബാറ്റ് വീശിയ സഞ്ജു അഞ്ച് സിക്സറും മൂന്ന് ബൌണ്ടറിയുമുള്‍പ്പടെ അര്‍ദ്ധസെഞ്ച്വറിയിലേക്ക് അതിവേഗം കുതിക്കുകയായിരുന്നു. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജു അര്‍ദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെ പുറത്തായി. സിക്സറിലൂടെയാണ് സഞ്ജു തന്‍റെ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയത്.അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹെറ്റ്മെയറാണ് രാജസ്ഥാനെ 200 കടത്തിയത്. 13 പന്തില്‍ രണ്ട് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 32 റണ്‍സാണ് ഹെറ്റ്‍മെയര്‍ അവസാന ഓവറുകളി‍ല്‍‌ അടിച്ചുകൂട്ടിയത്.


TAGS :

Next Story