കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതി; കണ്ണുകെട്ടി കസേരയിലിരുത്തി, എള്ളെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി
കാമുകന്‍ തന്നെ അവഗണിക്കുന്നുവെന്ന തോന്നലിനെ തുടര്‍ന്നായിരുന്നു ക്രൂരമായ കൊലപാതകം

- Published:
21 April 2026 10:47 PM IST

ബെംഗളൂരു: കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം എള്ളെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി യുവതി. ബംഗളൂരുവിലെ അഞ്ജനപുരയിലാണ് സംഭവം. യുവാവിനെ കണ്ണുകെട്ടി കസേരയിലിരുത്തി കൈകാലുകള്‍ ബന്ധിച്ചാണ് എള്ളെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ കാമുകി അറസ്റ്റിലായി.
27കാരനായ കിരണിനെയാണ് കാമുകിയായ പ്രേരണ കൊലപ്പെടുത്തിയത്. ഒരു ടെലികോം സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരായിരുന്ന ഇരുവരും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. എന്നാല്‍, കിരണ്‍ ഈയിടെയായി തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് പ്രേരണക്ക് പരാതിയുണ്ടായിരുന്നു. വിവാഹം കഴിക്കാന്‍ തയ്യാറാവില്ലെന്നും പ്രേരണ ഭയന്നിരുന്നു. ഇതാണ് കൊലക്ക് കാരണമെന്നാണ് വിവരം.
അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പ്രേരണ താമസിച്ചിരുന്നത്. ഇന്ന് വീട്ടില്‍ മറ്റാരുമില്ലാത്ത സമയം പ്രേരണ കിരണിനെ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം കിരണിനെ കണ്ണുകെട്ടി കസേരയിലിരുത്തി. കിരണിന്റെ കൈകാലുകള്‍ കയറുകൊണ്ട് കെട്ടുകയും ചെയ്തു. ഇത് എന്തിനാണെന്ന് കിരണ്‍ ചോദിച്ചപ്പോള്‍, താന്‍ കിരണിനോട് വ്യത്യസ്തമായ രീതിയില്‍ വിവാഹാഭ്യര്‍ഥന നടത്തുകയാണെന്നും വിദേശരാജ്യങ്ങളിലെ രീതി ഇങ്ങനെയാണെന്നും പ്രേരണ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പ്രേരണ വീഡിയോ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
വിവാഹാഭ്യര്‍ഥനക്ക് കിരണ്‍ കാത്തിരിക്കുന്നതിനിടെ പ്രേരണ എള്ളെണ്ണയുമായെത്തുകയും കിരണിന്റെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നതെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി.എല്‍ നാഗേഷ് പറഞ്ഞു.
Adjust Story Font
16
