ഷാരൂഖും, വിജയിയുമല്ല; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഈ താരം; ഒരു സിനിമയ്ക്ക് 300 കോടി രൂപ!
ഷാരൂഖ് ഖാൻ, രജിനികാന്ത്, പ്രഭാസ്, വിജയ് തുടങ്ങിയ മുൻനിര താരങ്ങളെ പിന്തള്ളിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്

ഇന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. ഷാരൂഖ് ഖാൻ, രജിനികാന്ത്, പ്രഭാസ്, വിജയ് തുടങ്ങിയ മുൻനിര താരങ്ങളെ പിന്തള്ളിയാണ് അല്ലു ഈ നേട്ടം സ്വന്തമാക്കിയത്. 2024ൽ പുറത്തിറങ്ങിയ 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ പ്രതിഫലം 300 കോടി രൂപ കടന്നതായാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'ബാഹുബലി 2' നിർമിക്കാൻ 250 കോടി രൂപയിൽ താഴെ മാത്രമായിരുന്നു ചെലവ് വന്നത്. എന്നാൽ അല്ലു അർജുൻ പുഷ്പ 2ൽ അഭിനയിച്ചതിന് വാങ്ങിയ പ്രതിഫലം ഇതിനേക്കാൾ വലുതാണ്. മുൻകൂർ വാങ്ങിയ തുകയ്ക്ക് പുറമെ ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചേർത്താണ് അദ്ദേഹത്തിന്റെ പ്രതിഫലം 300 കോടി രൂപയിൽ എത്തിയത്. ആഗോളതലത്തിൽ 1700 കോടിയിലധികം രൂപ കലക്ട് ചെയ്ത ചിത്രത്തിന് 600 കോടി രൂപയ്ക്ക് മുകളിൽ ലാഭം ലഭിച്ചിരുന്നു. ഇതിന്റെ വലിയൊരു ഭാഗമാണ് നായകനായ അല്ലു അർജുന് ലഭിച്ചത്.
വർഷങ്ങളായി ബോളിവുഡിലെ ഖാൻമാരായിരുന്നു (ഷാരൂഖ്, സൽമാൻ, ആമിർ) ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരങ്ങൾ. 2023ൽ പുറത്തിറങ്ങിയ പത്താൻ, ജവാൻ എന്നീ ചിത്രങ്ങളിലൂടെ ഷാരൂഖ് ഖാൻ തന്റെ പ്രതിഫലം 200 കോടിക്ക് മുകളിലാക്കി ഉയർത്തിയിരുന്നു. പിന്നീട് 2024ൽ പുറത്തിറങ്ങിയ 'ജയിലർ' എന്ന ചിത്രത്തിന് 250 കോടിയിലധികം രൂപ വാങ്ങി തമിഴ് സൂപ്പർതാരം രജിനികാന്ത് ഒന്നാമതെത്തി. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ പുഷ്പ 2ന്റെ വമ്പൻ വിജയത്തോടെ അല്ലു അർജുൻ ഈ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി പുഷ്പയുടെ രണ്ട് ഭാഗങ്ങളിൽ മാത്രമാണ് അല്ലു അർജുൻ അഭിനയിച്ചിട്ടുള്ളത്. ഈ വലിയ വിജയത്തിന് ശേഷം അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത് അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'രാക്ക' എന്ന ചിത്രത്തിലാണ്. ആക്ഷൻ-അഡ്വഞ്ചർ വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ് നായികയായി എത്തുന്നത്. 2027 ഡിസംബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16

