'ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ചാടിവീണ് കൊല്ലുന്ന മുറിവേറ്റ പുലിയെപ്പോലെയാണ്'; ട്രോളന്മാർക്കെതിരെ ആഞ്ഞടിച്ച് ഖുശ്ബു
പോസ്റ്റിന് പിന്നാലെ നടി രാധിക ശരത്കുമാറും ഖുശ്ബുവിനെ പിന്തുണച്ച് രംഗത്തെത്തി

ചെന്നൈ: മക്കളെ നിരന്തരം സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ച് നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദർ. മക്കളെ തൊട്ടുകളിച്ചാൽ വെറുതെ വിടില്ലെന്നും തന്റെ മൗനം അധിക്ഷേപത്തിനുള്ള അനുവാദമല്ലെന്നുമായിരുന്നു താരത്തിന്റെ എക്‌സ് പോസ്റ്റ്. പോസ്റ്റിന് പിന്നാലെ നടി രാധിക ശരത്കുമാറും ഖുശ്ബുവിനെ പിന്തുണച്ച് രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇളയമകൾ ആനന്ദിതയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് പിന്നാലെ നിരവധി മോശം കമന്റുകൾ വന്നിരുന്നു. ഇതേത്തുടർന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
"ഇതെന്റെ കുടുംബമാണ്, സ്നേഹത്താലും വിശ്വാസത്താലും കെട്ടിപ്പടുത്തത്. ഒരുപാട് കഠിനാധ്വാനം ചെയ്താണ് ഞങ്ങൾ ഇന്നത്തെ നിലയിൽ എത്തിയത്. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി മക്കളെ അപമാനിക്കാൻ ഞാൻ അനുവദിക്കില്ല. ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ചാടിവീണ് കൊല്ലുന്ന മുറിവേറ്റ പുലിയെപ്പോലെയാണ്. കുറച്ചു ഫോളോവേഴ്‌സിനും ലൈക്കിനും വേണ്ടി എന്റെ കുടുംബത്തെ ഉപയോഗിക്കുന്നവർക്ക് മാത്രമുള്ളതല്ല ഈ മുന്നറിയിപ്പ് പണത്തിന് വേണ്ടി ഞങ്ങളെക്കുറിച്ച് ഇരുന്ന് സംസാരിക്കുന്ന യൂട്യൂബർമാർക്കും കൂടിയാണ്" ഖുഷ്ബു പറഞ്ഞു.
പോസ്റ്റിന് പിന്നാലെ താരത്തിന് പിന്തുണയുമായി രാധിക ശരത്കുമാറും രംഗത്തെത്തി. ഖുശ്ബുവിന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു നടി രാധിക ട്രോളന്മാർക്ക് മറുപടി നൽകിയത്. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ ആരെയും ബുള്ളി ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. പരിഹാസം തമാശയല്ലെന്നും ബാഹ്യസൗന്ദര്യമല്ല യഥാർഥ സൗന്ദര്യമെന്നും സൗന്ദര്യം ഓരോരുത്തരുടേയും ഉള്ളിലാണെന്നുമായിരുന്നു ഖുഷ്ബുവിനെ പിന്തുണച്ചുകൊണ്ടുള്ള രാധികയുടെ പോസ്റ്റ്.
Adjust Story Font
16

