Quantcast

'പ്രണയം പറഞ്ഞറിയിക്കേണ്ടതാണ്'; സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃഷ

ചെന്നൈയിൽ നടന്ന വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുൻനിരയിൽ തന്നെയായിരുന്നു തൃഷയുടെ സ്ഥാനം

MediaOne Logo

Web Desk

  • Published:

    12 May 2026 11:22 AM IST

പ്രണയം പറഞ്ഞറിയിക്കേണ്ടതാണ്; സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃഷ
X

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ പങ്കെടുത്തതിനെച്ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ അത്തരം ചർച്ചകൾക്ക് മറുപടിയായി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ തന്നെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് തൃഷ.

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത തൃഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടന്നത്. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് 'പ്രണയം പറഞ്ഞറിയിക്കേണ്ടതാണ്' (Love is always louder) എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചടങ്ങിൽ തൃഷ ധരിച്ച പേസ്റ്റൽ നീല നിറത്തിലുള്ള കാഞ്ചീപുരം സാരിയിലുള്ള ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലായി.

ചെന്നൈയിൽ നടന്ന ചടങ്ങിൽ മുൻനിരയിൽ തന്നെയായിരുന്നു തൃഷയുടെ സ്ഥാനം. വിജയിയുടെ കുടുംബാംഗങ്ങളുമായി താരം സൗഹൃദം പങ്കിടുന്നതും വിജയിയുടെ അമ്മ ശോഭയെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങൾ വൈറലായിരുന്നു. വിജയ് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലുമ്പോൾ മുൻനിരയിലിരുന്ന് താരം കൈയടിക്കുന്നതും ഒരുപാട് പേർ കണ്ട ദൃശ്യങ്ങളിലൊന്നാണ്.

അതേസമയം, വിജയിയുടെ ഭാര്യ സംഗീതയുടെയും മക്കളുടെയും അസാന്നിധ്യം ചടങ്ങിൽ പ്രകടമായിരുന്നു. സംഗീത കോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹരജിയിലെ പരാമർശങ്ങളും തൃഷയുടെ ചടങ്ങിലെ സാന്നിധ്യവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി തമിഴക വെട്രി കഴകം ചരിത്രവിജയമാണ് സ്വന്തമാക്കിയത്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഡിഎംകെ - എഐഎഡിഎംകെ ഭരണത്തിന് അറുതി വരുത്തിക്കൊണ്ടാണ് വിജയിയുടെ നേതൃത്വത്തിലുള്ള പാർട്ടി അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ വിജയിയുടെ വീട്ടിലെത്തി തൃഷ പിന്തുണ അറിയിച്ചിരുന്നു.

TAGS :

Next Story