Quantcast

20 നായികമാര്‍, 20 മരണങ്ങള്‍ കളങ്കാവലിലെ സയനൈഡ് മോഹന്‍

തുടക്കം മുതൽ തന്നെ കൊടും കുറ്റവാളി സയനേഡ് മോഹനായാണ് കളങ്കാവലിൽ മമ്മൂട്ടിയെത്തുക എന്ന റൂമറുകളുണ്ട്. വില്ലനോ നായകനോ എന്നതല്ലല്ലോ ആ സിനിമാദാഹിയുടെ പ്രയോറിറ്റി. അപ്‌ഡേറ്റുകളോരോന്നും അതിലേക്ക് തന്നെ വിരൽചൂണ്ടുമ്പോൾ സെർച്ച് എഞ്ചിനുകളിൽ വീണ്ടും വീണ്ടും ആ പേരു കൂടെ തെളിയുകയാണ് - സയനൈഡ് മോഹൻ.

MediaOne Logo

ചന്ദ്ര സ്വസ്തി

  • Updated:

    2025-10-27 13:21:53.0

Published:

27 Oct 2025 6:07 PM IST

20 നായികമാര്‍, 20 മരണങ്ങള്‍ കളങ്കാവലിലെ സയനൈഡ് മോഹന്‍
X

വളരെ മിസ്റ്റീരിയസായി ചുണ്ടിൽ കത്തിക്കാതെ വെച്ച ഒരു സിഗരറ്റ് കൈതൊടാതെ ചുണ്ടിനറ്റത്തേക്ക് മാറ്റിക്കൊണ്ട് ആരെയോ വാച്ച് ചെയ്യുന്ന സ്റ്റൈലൻ വില്ലനായി മമ്മൂട്ടിയെക്കണ്ട് തരിച്ചു നിന്നു ഈ നാട്. ആ ഒരൊറ്റ നിമിഷത്തിൽ അയാളിലൂടെ മിന്നിമാഞ്ഞുപോയ ഭാവത്തിൽ അരനൂറ്റാണ്ടിലേറെ തഴക്കമുള്ള പുതുമ തെളിഞ്ഞു നിന്നു. കളങ്കാവൽ എന്ന ചിത്രത്തിലെ ആന്റഗോണിസ്റ്റിന്റെ പുതിയ വേഷത്തിലേക്ക് മിനുങ്ങിത്തെളിഞ്ഞ് ആ കുലപതിയെത്തുമ്പോൾ അയാളുടെ ചക്രവാളങ്ങൾ ഭേദിക്കുന്ന പുതിയ അവതാരത്തിനായാണ് നാട് കാത്തിരിക്കുന്നത്. തുടക്കം മുതൽ തന്നെ കൊടും കുറ്റവാളി സയനേഡ് മോഹനായാണ് അയാളുടെ പകർന്നാട്ടമെന്ന റൂമറുകളുണ്ട്. വില്ലനോ നായകനോ എന്നതല്ലല്ലോ ആ സിനിമാദാഹിയുടെ എപ്പോഴത്തെയും പ്രയോറിറ്റി. അപ്‌ഡേറ്റുകളോരോന്നും അതിലേക്ക് തന്നെ വിരൽചൂണ്ടുമ്പോൾ സെർച്ച് എഞ്ചിനുകളിൽ വീണ്ടും വീണ്ടും ആ പേരു കൂടെ തെളിയുകയാണ്. ഇന്നും എണ്ണം തിട്ടമില്ലാത്തത്ര സ്ത്രീകളുടെ സ്വപ്നങ്ങളെ ഒരു മരുന്നുകഷ്ണത്തിന്റെ ചവർപ്പിൽ തകർത്തെറിഞ്ഞു മറഞ്ഞു കളഞ്ഞ സയനൈഡ് മോഹൻ.


2007 മെയ് 29 ന് ബെംഗളൂരു ഉപ്പാർപേട്ട് കെഎസ്ആർടിസി ബസ്‍സ്റ്റാന്റിലെ വിശ്രമമുറിക്ക് പുറത്തു കൂട്ടം കൂടിനിന്ന സ്ത്രീകൾ നേരമൊരുപാടു കഴിഞ്ഞും തുറക്കാതിരുന്ന ശുചിമുറിയുടെ വാതിലിൽക്കൽ ബഹളം വെക്കാൻ തുടങ്ങി. പലരും വാതിലിൽ മുട്ടിവിളിച്ചു. പക്ഷെ, അകത്തുകയറിയ സ്ത്രീ പുറത്തിറങ്ങിയില്ലെന്നു മാത്രമല്ല അവരുടെ അനക്കം പോലും കേൾക്കാനില്ല. സഹികെട്ട ആൾക്കൂട്ടം ആ വാതിൽ ബലമായി തള്ളിത്തുറന്നു. അകത്തെ കാഴ്ച കണ്ട് തരിച്ചു നിന്നുപോയി അവർ. സുന്ദരിയായ ഒരു സ്ത്രീ മരിച്ചുകിടക്കുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തി പരിശോധിച്ചെങ്കിലും അവർ ആരെന്നു തെളിയിക്കുന്ന യാതൊരു അടയാളവും കണ്ടെത്താനായില്ല. ശുചിമുറിയിൽ മരണംപൂകിയ ആ അജ്ഞാത യുവതി കാസർകോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂർണിമയായിരുന്നു. മരണകാരണം - അകത്തുചെന്ന സയനൈഡ്.


വർഷങ്ങൾക്ക് ഇപ്പുറത്ത് കർണാടകയിലെ ഹാസനിലെ ഇന്റർസിറ്റി ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിലും സമാനമായി ഒരു യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിവാഹവസ്ത്രവും കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവുമണിഞ്ഞ ഒരു 22കാരി. അവരുടെയും ഐഡന്റിറ്റി വെളിപ്പെടുത്തും വിധം യാതൊന്നും പൊലീസിനു ലഭിച്ചില്ല. തനിയെ ശുചിമുറിക്കുള്ളിലെത്തിയ യുവതി സ്വയം ജീവനെടുത്തു. ആരെങ്കിലും അന്വേഷിച്ചെത്തുമെന്ന പ്രതീക്ഷയിൽ പൊലീസ് കുറച്ചുനാൾ ഭൗതികദേഹം സൂക്ഷിച്ചെങ്കിലും പിന്നീട് അനാഥജഡങ്ങൾക്കൊപ്പം സംസ്കരിച്ചു. പൂർണിമയുമായി അവർക്കൊരു ബന്ധമുണ്ടായിരുന്നു. അവരുടെ മരണകാരണം - സയനൈഡ്.

സയനൈഡ് എന്ന വാക്കിൽ തന്നെ അവരെ ഇരുവരെയും കൂട്ടിക്കെട്ടുന്ന മറ്റൊരു പേര് ഇന്ന് നമുക്കറിയാം. രാജ്യത്തെയാതെ പിടിച്ചുകുലുക്കിയ, അമ്പരപ്പിച്ച, ഭീതിപെടുത്തിയ ഒരു പേര് - മോഹൻ കുമാർ വിവേകാനന്ദ് അഥവാ സയനൈഡ് മോഹൻ.

ഹാസനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് തലേ ദിവസം 140 കിലോമീറ്റർ അകലെയുള്ള ബണ്ട്വാലിൽ അനിത എന്നൊരു സ്ത്രീയെ കാണാതായിരുന്നു. സംഘപരിവാർ - ഹിന്ദുത്വ പരീക്ഷണശാലയായിരുന്ന ദക്ഷിണകന്നഡയിലെ ബാണ്ട്വാലിൽ ആ തിരോധാനം ചെറിയ പുകിലല്ല ഉണ്ടാക്കിയത്. പെൺകുട്ടിയെ ആ പ്രദേശത്തെ മുസ്‌ലിം പയ്യന്മാർ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയതാണെന്ന കിംവദന്തി എളുപ്പം കത്തിപ്പടർന്നു. വർഗീയകലാപങ്ങൾക്ക് ചെറിയൊരു സ്പാർക്ക് മാത്രം ആവശ്യമുള്ള ദേശത്ത് ലൗ ജിഹാദെന്ന ആരോപണം കാലാപസമാന സാഹചര്യമാണുണ്ടാക്കിയത്. മുഖ്യമന്ത്രിയടക്കം ഉന്നതരെല്ലാം സ്ഥലത്തെത്തി. അന്വേഷണത്തിന് ഉത്തരവാകുക മാത്രമല്ല അതിനായി പ്രതേക അന്വേഷണ സംഘത്തെ വരെ നിയമിക്കുകയും ചെയ്തു. സിഐ നഞ്ചുണ്ട ഗൗഡ, എഎസ്പി ചന്ദ്രഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തകൃതിയായി ആരംഭിക്കുമ്പോഴേക്കും അജ്ഞത ദേഹമായി അനിത ഹാസനിൽ എരിഞ്ഞടങ്ങിയിരുന്നു.


അനിതയെ കണ്ടെത്താനായി ഫോൺ പരിശോധിച്ച പൊലീസ്, രാത്രികാലങ്ങളിൽ അവരിലേക്കു വന്ന ഫോൺകോൾ ഡീറ്റൈൽസിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ആ നമ്പറിന്റെ ഉടമക്ക് അനിതയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ചു. ആളെയും കണ്ടെത്തി. മെ‍‍ഡിക്കേരിയിലുള്ള ശ്രീധർ. അയാളുടെ പേരിലുള്ള നമ്പറിൽ നിന്നാണ് നിരന്തരം അനിതക്ക് വിളിവന്നത്. ഉടൻ പൊലീസ് ശ്രീധറിലേക്ക് അന്വേഷണം തിരിച്ചു. എന്നാൽ ആ നമ്പർ ഉപയോഗിച്ചിരുന്നത് ശ്രീധറിന്റെ സഹോദരിയായിരുന്നു. പേര് കാവേരി. 2009 ഫെബ്രുവരി മുതൽ കാവേരിയേയും കാണാനില്ലായിരുന്നു.

പൊലീസിനെ ഞെട്ടിച്ചത് കാവേരിയുടെ കോൾലിസ്റ്റായിരുന്നു. അനിതയുടേതിന് സമാനമായി കാവേരിയുടെ ഫോണിലും രാത്രികാലങ്ങളിൽ മണിക്കൂറുകളോളം നീണ്ട സംസാരത്തിന്റെ രേഖകളുണ്ടായിരുന്നു. ആ നമ്പർ തേടിയുള്ള ഓട്ടം നിന്നത് കാണാതായ മറ്റൊരു സ്ത്രീയിൽ. അനിതയിൽ തുടങ്ങിയ പൊലീസിന്റെ പാച്ചിൽ 20 സ്ത്രീകളുടെ മരണത്തിന്റെ വേരിലാണ് തട്ടി നിന്നത്. ആ സംഭാഷണങ്ങളുടെയൊക്കെയും മറുപുറത്തെ രക്തദാഹിയായ ഒരു കില്ലറിൽ. സയനേഡ് മോഹനിൽ.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിവാഹപ്രായം കഴിഞ്ഞ പെൺകുട്ടികളെ പ്രണയം നടിച്ചു കടത്തിക്കൊണ്ടുവന്നു ശാരീരികബന്ധത്തിലേർപ്പെട്ട ശേഷം സയനൈഡ് നൽകി കൊന്നുകളയുകയായിരുന്നു മോഹൻന്റെ രീതി. ദീർഘകാലം ഫോണിലൂടെ സംസാരിക്കും. വീട്ടുകാർ അറിയാതെ ദൂരെ ദേശങ്ങളിലേക്ക് ഒളിച്ചോടി പോകാൻ നിർബന്ധിക്കും. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം എന്തെങ്കിലും കാരണം പറഞ്ഞ് ആഭരണവും പണവും മുറിയിൽ വെച്ചു പുറത്തിറങ്ങും. ഏതെങ്കിലും ബസ്‌സ്റ്റാന്റിൽ എത്തുമ്പോൾ കയ്യിൽ കരുതിയ സയനേഡ് കലർന്ന ഗുളിക ഗർഭനിരോധന ഗുളികയെന്ന പേരിൽ കഴിക്കാൻ നൽകും. ക്ഷീണം ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് വിശ്രമമുറിയിൽ വെച്ചു കഴിക്കാം എന്ന് അഡ്വൈസ് ചെയ്യും. യുവതി അകത്തികയറി അരമണിക്കൂറോളം നേരം അയാൾ അതേ പരിസരത്ത് ആരും ശ്രദ്ധിക്കാത്ത വിധം കറങ്ങി നടക്കും. മരണം ഉറപ്പുവരുത്തി തിരികെ മുറിയിൽ ചെന്ന് പണവും സ്വർണവുമായി കടന്നു കളയും. പതിയെ അടുത്ത ഇരയിലേക്ക്...

മംഗളൂരുവിലെ കായികാധ്യാപകനായിരുന്ന മോഹൻ കുമാർ 2003 മുതൽ 2009 വരെയുള്ള കാലഘട്ടങ്ങളിലായി കൊന്നൊടുക്കിയത് നാലു മലയാളി സ്ത്രീകളടക്കം 20 പേരെയാണ്. യഥാർത്ഥ സംഖ്യ 32 ആണെന്നാണ് മോഹൻകുമാറിന്റെ പക്ഷമെങ്കിലും പൊലീസിന് ഇതുവരെയും തെളിയിക്കാൻ കഴിഞ്ഞത് ഇത്രയും കേസുകൾ മാത്രമാണ്. ബെലഗാവിയിലെ ഹിൻഡാൽഗ ജയിലിൽ വധശിക്ഷ കാത്തുകഴിയുകയാണ് ഇന്നയാൾ.

സയനേഡ് മോഹൻ ഇതിനു മുൻപും ഫിക്ഷനുകൾക്ക് ഹേതുവായിട്ടുണ്ട്. ത്രില്ലിനും ഹൊററിനും, എന്തിന് പ്രണയത്തിനു പോലും സ്കോപ്പ് ഉണ്ടല്ലോ അയാളുടെ കഥയിൽ. എന്നാൽ മമ്മൂട്ടിക്കമ്പനി ഏറ്റെടുക്കുന്ന കഥയായി, മമ്മൂട്ടി തന്നെ നായകനായി, സയനേഡ് മോഹന്റെ കഥ വീണ്ടുമെത്തുമ്പോൾ അതിൽ പ്രതീക്ഷ നൽകുന്ന സിനിമാറ്റിക് മൊമന്റുകളുണ്ടാകുമെന്ന് തീർച്ച.



TAGS :

Next Story