Quantcast

മലയാള സിനിമയുടെ പുതിയ 'ഗോൾഡൻ ഇറ'യെ മുന്നിൽനിന്നു നയിക്കുന്നത് മമ്മൂട്ടി-സിബി മലയിൽ

''കഴിഞ്ഞ രണ്ടുമൂന്ന് വർഷത്തെ ക്യാരക്ടറുകൾ എടുത്തുനോക്കിയാൽ മതി. ഞെട്ടിപ്പിക്കുന്ന ക്യാരക്ടർ തിരഞ്ഞെടുപ്പും പ്രകടനവുമാണ് മമ്മൂട്ടിയുടേത്. മുൻപ് ചെയ്ത വേഷങ്ങൾ ആവർത്തിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല.''

MediaOne Logo

Web Desk

  • Published:

    17 March 2024 11:10 AM GMT

മലയാള സിനിമയുടെ പുതിയ ഗോൾഡൻ ഇറയെ മുന്നിൽനിന്നു നയിക്കുന്നത് മമ്മൂട്ടി-സിബി മലയിൽ
X

കോഴിക്കോട്: പുതിയ കാലത്തെ മലയാള സിനിമയുടെ സുവർണ കാലത്തെ മുന്നിൽനിന്നു നയിക്കുന്നത് മമ്മൂട്ടിയാണെന്നു സംവിധായകൻ സിബി മലയിൽ. വളരെ വ്യത്യസ്തമായ വേഷങ്ങളാണ് മമ്മൂട്ടി തപ്പിയെടുത്ത് ചെയ്യുന്നത്. മോഹൻലാൽ അങ്ങനെ അന്വേഷിച്ചുനടക്കുന്നയാളല്ല. ലാലിന്റെയും മമ്മൂട്ടിയുടെയും സമർപ്പണവും പ്രതിഭയുമാണു രണ്ടുപേരുടെയും ചിരപ്രതിഷ്ഠയ്ക്കു കാരണമെന്നും സിബി പറഞ്ഞു.

'ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസി'നു നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ മനസ്സുതുറന്നത്. ''ഇപ്പോഴത്തെ മലയാള സിനിമയുടെ ഗോൾഡൻ ഇറയെ മുന്നിൽനിന്നു നയിക്കുന്നത് മമ്മൂട്ടിയാണ്. വളരെ വ്യത്യസ്തമായ ക്യാരക്ടറുകളെ തപ്പിയെടുത്ത് ചെയ്യുന്നയാളാണ് അദ്ദേഹം. കഴിഞ്ഞ രണ്ടുമൂന്ന് വർഷത്തെ ക്യാരക്ടറുകൾ എടുത്തുനോക്കിയാൽ മതി. മുൻപ് ചെയ്ത വേഷങ്ങൾ ആവർത്തിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. പുഴു, റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, നൻപകൽ നേരത്ത് മയക്കം ഉൾപ്പെടെയുള്ളവയെല്ലാം എന്തൊരു വൈവിധ്യത്തിലാണ് അദ്ദേഹം ചെയ്യുന്നത്.''-സിബി മലയിൽ പറഞ്ഞു.

''ഞെട്ടിപ്പിക്കുന്ന ക്യാരക്ടർ തിരഞ്ഞെടുപ്പും പ്രകടനവുമാണ് മമ്മൂട്ടിയുടേത്. അത്തരം പരീക്ഷണങ്ങളിലൂടെ മലയാള സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത് മമ്മൂട്ടി തന്നെയാണ്. അതിൽ പലരും പുതിയ തലമുറയിലെ സംവിധായകരാണ്. വിജയം കൂടി കണക്കിലെടുത്താണ് നമ്മൾ ഗോൾഡൻ ഇറ എന്നു പറയുന്നത്.''

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സമർപ്പണമാണു രണ്ടുപേരും ചിരപ്രതിഷ്ഠരായി നിൽക്കാൻ കാരണമെന്നും സിബി അഭിപ്രായപ്പെട്ടു. മോഹൻലാലിന് സ്വാഭാവികമായി വരുന്നതാണ് അഭിനയം. അതിനു വേണ്ടി ഭയങ്കര ബുദ്ധിമുട്ടുന്നയാളല്ല. അദ്ദേഹത്തിന് അത് എളുപ്പത്തിൽ ചെയ്യാൻ പറ്റും. മമ്മൂട്ടി എപ്പോഴും അടുത്തതിനെയും പുതിയതിനെയും കുറിച്ചാണു ചിന്തിക്കുക. അദ്ദേഹത്തിന് ഇപ്പോഴത്തെ സിനിമയായിരിക്കില്ല പ്രശ്‌നം. അടുത്ത സിനിമയെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുക. പണ്ടുതൊട്ടേ അങ്ങനെയാണെന്നും സിബി മലയിൽ പറഞ്ഞു.

വേഷങ്ങൾ അങ്ങോട്ട് ചെന്നു ചോദിച്ചു മേടിക്കുകയാണ് മമ്മൂട്ടി ചെയ്യുക. അന്നത്തെ കാലത്ത് നമ്മളെയെല്ലാം വേഷം ചോദിച്ചു സമീപിച്ചിട്ടുണ്ട്. എവിടെനിന്നാണു നല്ലൊരു വേഷം ലഭിക്കുന്നതെന്നു തപ്പിനടക്കുകയാണ് അദ്ദേഹം ചെയ്യുക. ലാൽ അങ്ങനെ അന്വേഷിച്ചുനടക്കില്ല. അദ്ദേഹത്തിന്റെ അടുത്ത് വരുന്നതിൽനിന്നു നല്ലതു തിരഞ്ഞെടുക്കുകയാണു ചെയ്യുക. വ്യത്യസ്തമായ വേഷങ്ങൾക്കായി അദ്ദേഹം ശ്രമിക്കാത്തതാണോ അത്തരം കഥകൾ അദ്ദേഹത്തിലേക്ക് എത്താത്തതാണോ എന്ന് അറിയില്ല. എത്തുന്ന കഥയിൽ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചും നമുക്ക് അറിയില്ല.

അവരുടെ പ്രതിഭ തന്നെയാണ് ഇങ്ങനെ ചിരപ്രതിഷ്ഠരായി നിൽക്കാനുള്ള കാരണം. 30 വയസിനുള്ളിൽ തന്നെ വലിയ വേഷങ്ങൾ ചെയ്തുവച്ചവരാണ് രണ്ടുപേരും. പുതിയ തലമുറയിൽ അത്തരത്തിലുള്ള ആളുകൾ ഉണ്ടാകാൻ ഇടയില്ല. ഫഹദ് ഫാസിലൊക്കെയാണ് അത്തരം റേഞ്ചിൽ കാണാൻ പറ്റുന്നവരിൽ പ്രധാനപ്പെട്ടൊരു നടൻ. അവരൊക്കെ ആ പ്രായവും കഴിഞ്ഞാണ് അത്തരം വേഷങ്ങൾ ചെയ്യുന്നതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

Summary: ''Mammootty is leading the new 'Golden Era' of Malayalam cinema'': Says the Malayalam director Sibi Malayil

TAGS :

Next Story