പാക് സീരീസ് 'ദാറെ നജാത്തി'ൻ്റെ ബെംഗളൂരുവിലെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കി
പരിപാടികളുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

ബെംഗളൂരു: പാകിസ്താന്‍ ടിവി സീരീസായ 'ദാറെ നജാത്തി'ന്റെ പ്രദര്‍ശനം ബെംഗളൂരുവില്‍ റദ്ദാക്കി. പൊലീസ് ഇടപെടലിനെ തുടര്‍ന്നാണ് പ്രദര്‍ശനം ഉപേക്ഷിച്ചത്. നവംബര്‍ 28നും ഡിസംബര്‍ അഞ്ചിനുമായിരുന്നു രണ്ട് സ്വകാര്യ പ്രദര്‍ശനങ്ങള്‍ നിശ്ചയിച്ചിരുന്നത്. പരിപാടികളുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നവംബര്‍ 28ന് ഫ്രേസര്‍ ടൗണിലെ ഷീഷ് കബാബ് റെസ്റ്ററന്റിലായിരുന്നു ആദ്യ പരിപാടി. ബെംഗളൂരുവിലെ ആദ്യ പ്രദര്‍ശനം എന്ന പേരില്‍ പ്രചരിപ്പിച്ച പരിപാടിയില്‍ സീരീസിന്റെ 34, 35 എപ്പിസോഡുകള്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനൊപ്പം പേര്‍ഷ്യന്‍, അറേബ്യന്‍ വിഭവങ്ങളടങ്ങിയ അത്താഴവിരുന്നും ഒരുക്കിയിരുന്നു. ഒരാള്‍ക്ക് 1999 രൂപയായിരുന്നു പ്രവേശന നിരക്ക്. ദി ബ്ലൂം സൊസൈറ്റി സിസ്റ്റേഴ്‌സ് ക്ലബ്ബായിരുന്നു പരിപാടിയുടെ സംഘാടകര്‍.
ഡിസംബര്‍ അഞ്ചിന് ദി സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നഗരത്തിലെ മൗവി പ്രൈവറ്റ് തിയറ്ററിലായിരുന്നു രണ്ടാമത്തെ പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമായി സംഘടിപ്പിച്ച സ്വകാര്യ പരിപാടിയായിരുന്നു ഇതെന്ന് സംഘാടകര്‍ വിശദീകരിച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വിവാദം ശക്തമായതോടെ പരിപാടി റദ്ദാക്കുകയായിരുന്നു.
വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഘാടകരുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ആര്‍. ഹിതേന്ദ്ര അറിയിച്ചിരുന്നു. പരിപാടികള്‍ നടത്താന്‍ സംഘാടകര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. പരിപാടികള്‍ റദ്ദാക്കിയതായി പുലകേശിനഗര്‍ പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.
ഈ വര്‍ഷം ആഗസ്റ്റില്‍ പുറത്തിറങ്ങിയ പാക് ആത്മീയ-പ്രണയ സീരീസാണ് 'ദാറെ നജാത്ത്'. സാഖിബ് ഖാനാണ് സംവിധാനം. സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിച്ച സീരീസിന് ഇന്ത്യയിലും ഏറെ ആരാധകരുണ്ട്.
Adjust Story Font
16

