Quantcast

13 വര്‍ഷമായി ഒരു ഭാരം പേറി നടക്കുന്നയാളാണ് ജോര്‍ജ്ജ്കുട്ടി, ഒന്ന് രക്ഷിക്കൂ എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു : മോഹന്‍ലാല്‍

'ദൃശ്യത്തിന് നാലാംഭാഗം വേണമോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ'

MediaOne Logo
Drishyam3 trailer launch
X

13 വര്‍ഷമായി വലിയൊരു ഭാരം പേറി നടക്കുകയാണ് ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രമെന്ന് മോഹന്‍ലാല്‍. ജോര്‍ജ്ജ്കുട്ടിയെ ഒന്ന് രക്ഷിക്കൂ എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇനിയും രക്ഷപ്പെടുത്തിയിട്ടില്ല. കുറ്റബോധം എവിടെയെങ്കിലും അയാള്‍ക്ക് ഇറക്കിവെക്കണം. ഒരു സ്പിരിച്വാലിറ്റിയിലേക്കോ ഫിലോസഫിയിലേക്കോ ജോര്‍ജ്ജ്കുട്ടി നടക്കേണ്ട സമയമായി -ദൃശ്യം 3 ട്രെയിലര്‍ ലോഞ്ചിന്റെ ഭാഗമായി മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ജോര്‍ജ്ജ്കുട്ടി ആരാണെന്ന് തനിക്കറിയില്ലെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറച്ചുകഴിയുമ്പോള്‍ മനസിലാകും. അങ്ങനെ ഒരുപാട് സിനിമകളുണ്ട്. പക്ഷേ ദൃശ്യം ഇപ്പോള്‍ മൂന്നാം ഭാഗത്തിലെത്തിനില്‍ക്കുമ്പോഴും ജോര്‍ജ്ജ്കുട്ടി ശരിക്കും ആരാണെന്ന് ഒരു നടനായ എനിക്ക് മനസിലായില്ല. അയാള്‍ എന്റെ കയ്യില്‍നിന്നൊക്കെ പോയി. അതുതന്നെയാണ് ജീത്തുവും പറഞ്ഞത്.

പതിമൂന്ന് വര്‍ഷമായി ഈ കുടുംബത്തിനൊപ്പം സഞ്ചരിക്കുന്നയാളാണ് ജോര്‍ജ്ജ്കുട്ടി. അയാള്‍ക്ക് ഒരു രഹസ്യം ഒളിപ്പിച്ചുവെയ്‌ക്കേണ്ടിവന്നു. അല്ലാതെ കുറ്റമൊന്നും ചെയ്തില്ല. അയാളുടെ മകള്‍ക്കും ഭാര്യക്കും കുടുംബത്തിനുംവേണ്ടി അയാള്‍ക്കൊരു സത്യം ഒളിപ്പിക്കേണ്ടിവന്നു. നിങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്ന് അയാള്‍ പറഞ്ഞു. അയാളുടെ ആ വാക്കും പ്രതിജ്ഞയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞ 13 വര്‍ഷമായി അയാള്‍ വലിയൊരു യാത്രയിലാണ്. തനിക്ക് ഭയമാണെന്ന് ജോര്‍ജ്ജ്കുട്ടി ഈ സിനിമയില്‍ പറയുന്നുണ്ട്. ഭയമില്ലാത്തയാളൊന്നുമല്ല അയാള്‍. അയാളുടെ കുടുംബത്തെയോര്‍ത്താണ് ആ പേടി.

കാലമിത്രയും കഴിഞ്ഞതോടെ അയാളുടെ കുട്ടികള്‍ വലുതായി. അവരുടെ ചോദ്യങ്ങള്‍ക്ക് ജോര്‍ജ്ജ്കുട്ടി മറുപടി പറയേണ്ടിവരും. അവരുടെയൊന്നും മുന്നില്‍ അയാള്‍ക്ക് തന്റെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍പറ്റില്ല. അങ്ങനെയൊരാളായി ജോര്‍ജ്ജ്കുട്ടി മാറി. ശരിക്ക്, ഒരു സ്പിരിച്വാലിറ്റിയിലേക്കോ ഫിലോസഫിയിലേക്കോ ജോര്‍ജ്ജ്കുട്ടി നടക്കേണ്ട സമയമായി. കുറ്റബോധം എവിടെയെങ്കിലും അയാള്‍ക്ക് ഇറക്കിവെക്കണം. രണ്ട് അച്ഛനമ്മമാരുടേയും കുട്ടികളുടേയും കഥയാണിത്. രണ്ടുകൂട്ടരും തുല്യദുഃഖിതരാണ്. ആരാണ് ശരി, തെറ്റ് എന്ന് പറയാനാവില്ല.

ഭയങ്കരമായ ഭാരം തലയില്‍പേറി നടക്കുന്നയാളാണ് ജോര്‍ജ്ജ്കുട്ടി. ജോര്‍ജ്ജ്കുട്ടിയെ ഒന്ന് രക്ഷിക്കൂ എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇനിയും രക്ഷപ്പെടുത്തിയിട്ടില്ല. ദൃശ്യത്തിന് നാലാംഭാഗം വേണമോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. പക്ഷേ ആന്റണിക്ക് വ്യത്യസ്തമായ പ്ലാനാണുള്ളത്. നമുക്ക് ദൃശ്യത്തിന്റെ അഞ്ചാംഭാഗം കൂടി ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത് -മോഹന്‍ലാല്‍ പറഞ്ഞു.

TAGS :

Next Story