Quantcast

പൊലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി, റോബി വര്‍ഗീസ് സംവിധാനം; മമ്മൂട്ടി കമ്പനി ചിത്രത്തിന് ഇന്ന് തുടക്കം

ത്രില്ലര്‍ സിനിമയായി ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക.

MediaOne Logo

Web Desk

  • Updated:

    2022-12-27 11:05:05.0

Published:

27 Dec 2022 10:25 AM GMT

പൊലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി, റോബി വര്‍ഗീസ് സംവിധാനം; മമ്മൂട്ടി കമ്പനി ചിത്രത്തിന് ഇന്ന് തുടക്കം
X

ഛായാഗ്രഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാവുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോട്ടയം പാലായില്‍ വെച്ച് ഇന്നാണ് സ്വിച്ച് ഓണ്‍ ചടങ്ങുകള്‍ നടന്നത്. മമ്മൂട്ടിയുടെ സ്വന്തം നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. കാതലിന് ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ സിനിമയായി ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക.

എസ്.ജോർജാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയുടേതാണ് കഥ. ദീര്‍ഘ കാലം റോബിയുടെ അസിസ്റ്റന്‍റായിരുന്ന മുഹമ്മദ് റാഹിലാണ് ആദ്യ സംവിധാന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുക. റോബിയും സഹോദരനും നടനുമായ റോണി ഡേവിഡും ചേര്‍ന്നാണ് സിനിമക്ക് തിരക്കഥയൊരുക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിക്കും. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം. പ്രൊഡക്ഷന്‍ കണ്ട്രോളര്‍-പ്രശാന്ത് നാരായണന്‍. ശബ്ദ സംവിധാനം-ടോണി ബാബു. ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ-വിതരണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്‍റെ വിതരണം നിര്‍വ്വഹിക്കുക. ഓവര്‍സീസ് വിതരണം ട്രൂത്ത് ഗ്ലോബലും നിര്‍വ്വഹിക്കും. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപള്ളി, പൂനെ, മുംബൈ എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണം നടക്കും.

ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്. പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: ജിബിൻ ജോൺ, അരിഷ് അസ്‌ലം. ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള. പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ. മേക്കപ്പ് : റോണക്സ് സേവിയർ. വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു. അസാസിയേറ്റ് ഡയറക്ടേഴ്സ് : വി റ്റി ആദർശ്, വിഷ്ണു രവികുമാർ. വി.എഫ്.എക്സ് : ഡിജിറ്റൽ, ടർബോ മീഡിയ. സ്റ്റിൽസ്: നവീൻ മുരളി. പി.ആർ.ഒ : പ്രതീഷ് ശേഖർ. ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്ണുസുഗതൻ, അനൂപ് സുന്ദരൻ. ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ.

മമ്മൂട്ടി-നയൻ‌താര എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'പുതിയ നിയമം' സിനിമയിലൂടെയാണ് റോബി വർഗീസ് സ്വാതന്ത്രൃ ഛായാഗ്രാഹകനാകുന്നത്. 'ദി ഗ്രേറ്റ് ഫാദർ' എന്ന മമ്മൂട്ടി ചിത്രത്തിലെ ഛായാഗ്രഹണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ക്യാപ്റ്റൻ', 'ലവ് ആക്ഷൻ ഡ്രാമ', 'വെള്ളം', 'ജോണ്‍ ലൂഥര്‍' എന്നിവയാണ് റോബി ഛായാഗ്രഹണം നിർവഹിച്ച മറ്റു സിനിമകൾ. 'ഈശോ' ആണ് റോബിയുടെ ഛായാഗ്രഹണത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം', നിസാം ബഷീറിന്‍റെ 'റോഷാക്ക്'എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തിയായ ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍' സിനിമ ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

TAGS :

Next Story