വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി തൃഷ
ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റത്

ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തെന്നിന്ത്യൻ താരം തൃഷയുടെ സാന്നിധ്യം ശ്രദ്ധേയമായി. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റത്.
ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ആരാധകർക്കിടയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായി. പാസ്തൽ നീല സിൽക്ക് സാരിയും വജ്രാഭരണങ്ങളും മുടിയിൽ മുല്ലപ്പൂവും ചൂടിയാണ് താരം എത്തിയത്. സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ എത്തിയ തൃഷയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിജയിയുടെ ആദ്യ മന്ത്രിസഭയിലെ ഒമ്പത് അംഗങ്ങളും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളിലൊന്നാണ് വിജയിയും തൃഷയും. 2004ൽ പുറത്തിറങ്ങിയ 'ഗില്ലി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തുടങ്ങിയ ഇവരുടെ കൂട്ടുകെട്ട് തിരുപ്പാച്ചി, ആദി, കുരുവി, ഒടുവിൽ പുറത്തിറങ്ങിയ ലിയോ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്. വിജയിയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ഈ നിർണായക യാത്രയിൽ അടുത്ത സുഹൃത്ത് എന്ന നിലയിലുള്ള തൃഷയുടെ സാന്നിധ്യത്തിന് ഏറെ പ്രാധാന്യമുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വിജയിയുടെ മാതാപിതാക്കളും തങ്ങളുടെ സന്തോഷം പങ്കുവെച്ചു. മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സംവിധായകൻ എസ്.എ. ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് മാതൃദിനത്തിൽ തന്നെ വരുന്നത് ഏറെ വികാരനിർഭരമായ നിമിഷമാണെന്ന് വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖർ വിശേഷിപ്പിച്ചു.
Adjust Story Font
16

