Quantcast

പശ്ചിമേഷ്യൻ സംഘർഷം: 'യുഎസ് അപമാനിക്കപ്പെടുന്നു, ഇറാൻ കരുത്ത് തെളിയിക്കുന്നു'- ജർമൻ ചാൻസലർ

ഇറാൻ വളരെ നയതന്ത്രപരമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും പ്രതീക്ഷിച്ചതിലും ശക്തമാണ് അവരുടെ നിലപാടുകളെന്നും മെർസ് കൂട്ടിച്ചേർത്തു

MediaOne Logo
പശ്ചിമേഷ്യൻ സംഘർഷം: യുഎസ് അപമാനിക്കപ്പെടുന്നു, ഇറാൻ കരുത്ത് തെളിയിക്കുന്നു- ജർമൻ ചാൻസലർ
X

മാർസ്ബർഗ്: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക കടുത്ത അപമാനം നേരിടുകയാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്. സംഘർഷത്തിൽ നിന്ന് കരകയറാൻ കൃത്യമായൊരു വഴിയില്ലാതെ വാഷിങ്ടൺ കുഴങ്ങുകയാണെന്നും ഇറാൻ മേൽക്കൈ നേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ജർമൻ നഗരമായ മാർസ്ബർഗിൽ വിദ്യാർഥികളുമായി സംവദിക്കവേയാണ് മെർസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

മുൻകാലങ്ങളിൽ നേരിട്ടത്തിന് സമാനമായ തിരിച്ചടിയാണ് ഇറാനിലും യുഎസ് നേരിടുന്നതെന്ന് മെർസ് പറഞ്ഞു. ഇത്തരം സംഘർഷങ്ങളുടെ പ്രധാന പ്രശ്‌നം, അതിലേക്ക് പ്രവേശിക്കുന്നത് പോലെ എളുപ്പമല്ല തിരികെ വരുന്നത് എന്നതാണ്. 20 വർഷത്തോളം നീണ്ട അഫ്ഗാനിസ്ഥാൻ യുദ്ധത്തിലും ഇറാഖിലും നമ്മൾ അത് വേദനയോടെ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ വളരെ നയതന്ത്രപരമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും പ്രതീക്ഷിച്ചതിലും ശക്തമാണ് അവരുടെ നിലപാടുകളെന്നും മെർസ് കൂട്ടിച്ചേർത്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ നീക്കങ്ങളിലൂടെ ഒരു വലിയ രാഷ്ട്രം തന്നെ അപമാനിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധം ഉടനടി അവസാനിപ്പിക്കണം. യുദ്ധത്തിന്റെ ആഘാതം ജർമൻ സമ്പദ്വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇതൊരു സങ്കീർണമായ സാഹചര്യമാണ്. ഇത് തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. ഇറാനെതിരെയുള്ള ഈ യുദ്ധം തങ്ങളുടെ സാമ്പത്തിക ഉത്പാദനത്തെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും ജർമൻ ചാൻസലർ വ്യക്തമാക്കി.

ആഗോള പെട്രോളിയം വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ മൈൻസ്വീപ്പറുകളെ വിന്യസിക്കാൻ ബെർലിൻ സന്നദ്ധമാണെന്നും എന്നാൽ ഇത് യുദ്ധം അവസാനിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും മെർസ് പറഞ്ഞു.

ഊർജ്ജ പ്രതിസന്ധിയും സാമ്പത്തിക അസ്ഥിരതയും യൂറോപ്പിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ് മെർസിന്റെ ഈ പ്രസ്താവന. അതേസമയം, ആണവായുധ ഭീഷണികൾ നിലനിൽക്കുന്നിടത്തോളം കാലം ശക്തമായ പ്രതിരോധ സംവിധാനങ്ങൾ തങ്ങൾക്ക് ആവശ്യമാണെന്ന് ജർമൻ വിദേശകാര്യമന്ത്രി യോഹാൻ വെയ്ഡ്ഫുൾ ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസും ജർമനിയും ആണവ പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story