ഇന്ത്യയില്‍ കേസുള്ളതിനാല്‍ എംബസി പാസ്പോര്‍ട്ട് പുതുക്കിയില്ല; ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് കുവൈത്ത് പ്രവാസി
തെറ്റായ ദിശയിൽ വാഹനമോടിച്ചതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ കേസ്

കുവൈത്ത് സിറ്റി: ഇന്ത്യയിലുള്ള ക്രിമിനൽ കേസിന്റെ പേരിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് പുതുക്കാത്തതിനെ തുടർന്ന് ഇന്ത്യൻ പ്രവാസി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. മഹിസാഗർ ജില്ല സ്വദേശിയായ മുഹ്‌സിൻ സുർത്തി (46)യാണ് കോടതിയെ സമീപിച്ചത്. തെറ്റായ ദിശയിൽ വാഹനമോടിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ ഇന്ത്യയിൽ കേസുള്ളത്. ഈ കേസ് ചൂണ്ടിക്കാട്ടിയാണ് കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് പുതുക്കൽ നിഷേധിച്ചത്. ഇതോടെ ഗൾഫിലെ ജോലിയും താമസവും അപകടത്തിലാകുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി വർക്ക് പെർമിറ്റിൽ കുവൈത്തിൽ ജോലി ചെയ്യാണ് മുഹ്സിൻ.
പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷ എംബസി നിരസിച്ചതിനാൽ നാടുകടത്തലിനും കരിമ്പട്ടികയിൽ പെടുത്തലിനും സാധ്യതയുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കുവൈത്തിലേക്ക് മടങ്ങാനോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്ത് പ്രവേശിക്കാനോ തടസ്സമുണ്ടാകും.
2016 ൽ നൽകിയ സുർത്തിയുടെ പാസ്‌പോർട്ട് 2026 ജനുവരി 30 ന് കാലഹരണപ്പെടും. ഇതിനാൽ 2025 ആഗസ്റ്റ് ഏഴിന് അദ്ദേഹം കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ പുതുക്കൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയിൽ നിലനിൽക്കുന്ന ക്രിമിനൽ കേസ് കാരണം അഭ്യർത്ഥന നിരസിക്കപ്പെട്ടതായി ആഗസ്റ്റ് 25 ന് അറിയിപ്പ് ലഭിച്ചു. താത്കാലിക പാസ്‌പോർട്ട് ലഭിക്കണമെങ്കിൽ പോലും ക്ലോഷർ റിപ്പോർട്ടോ കോടതി ഉത്തരവോ ആവശ്യമായി വരുമെന്ന് എംബസി ഉദ്യോഗസ്ഥർ അദ്ദേഹത്തോട് പറഞ്ഞു.
2024-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ തെറ്റായ ദിശയിൽ ഉപയോഗിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും കേസ് രജിസ്റ്റർ ചെയ്തതായി സുർത്തി പിന്നീട് മനസ്സിലാക്കി. ലുനാവാഡ പൊലീസ് സ്റ്റേഷനിലായിരുന്നു കേസ്. ഒരു അഭിഭാഷകൻ വഴി പ്രശ്നം പരിഹരിച്ചതായാണ് അദ്ദേഹം വാദിക്കുന്നത്. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിൽ തുടരുന്നതിനാൽ എംബസി പാസ്‌പോർട്ട് പുതുക്കൽ തടഞ്ഞുവച്ചു. തുടർന്ന് സുർത്തി തന്റെ ഭാര്യ വഴി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ ജോലി അപകടത്തിലായതിനാലും സാധുവായ യാത്രാ രേഖകൾ ഇല്ലാതെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിനാലുമായിരുന്നു നടപടി. എംബസി അറിയിച്ചപ്പോഴാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്നും ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസിംഗിലൂടെയോ നേരിട്ടോ നിയമനടപടികളിൽ പങ്കെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം തന്റെ ഹർജിയിൽ പറഞ്ഞു.
Adjust Story Font
16

