കുവൈത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇന്ത്യ; കിരീടാവകാശിയുമായി ഇന്ത്യൻ പ്രധാനമന്ത്രി ടെലിഫോൺ സംഭാഷണം നടത്തി
'കുവൈത്തിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇറാൻ്റെ ആക്രമണങ്ങൾ'

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെയുണ്ടായ ഇറാൻ്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈത്ത് കിരീടാവകാശി ശൈഖ് സ്വബാഹ് ഖാലിദ് അൽ ഹമദ് അസ്വബാഹുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി അറിയിച്ചത്. കുവൈത്തിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇറാൻ്റെ ആക്രമണങ്ങൾ. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കുവൈത്ത് അമീറിനും കിരീടാവാകാശിക്കും പെരുന്നാൾ ആശംസകൾ അറിയിച്ച മോദി കുവൈത്തിലെ ജനങ്ങളുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിച്ചു. ഇന്ത്യയുടെ നിലപാടിന് കുവൈത്ത് കിരീടാവകാശി നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദബന്ധത്തിൻ്റെ ആഴമാണ് ഇന്ത്യയുടെ ഈ കരുതലിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനുള്ള ആശംസകൾ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു.
Adjust Story Font
16

