കുവൈത്തിലെ മൻഗഫിൽ മലയാളിക്ക് കുത്തേറ്റു; പണം നൽകാൻ വിസമ്മതിച്ചതിനാണ് അജ്ഞാതന്റെ ആക്രമണം
കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിനാണ് നട്ടെല്ലിന് കുത്തേറ്റത്

കുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫിൽ മലയാളിക്ക് അജ്ഞാതന്റെ കുത്തേറ്റു. കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിനാണ് നട്ടെല്ലിന് കുത്തേറ്റത്. പണം നൽകാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം. യുവാവിനെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മൻഗഫ് പഴയ ഫിംഗർ ഓഫീസ് ഗ്രൗണ്ടിന് സമീപമാണ് സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന യുവാവിനെ സമീപിച്ച അജ്ഞാതൻ പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ, അക്രമി താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് ഭീഷണിപ്പെടുത്തുകയും സിവിൽ ഐഡി കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഐഡി നൽകാൻ വിസമ്മതിച്ചതോടെ, അക്രമി യുവാവിനെ പിന്നിൽ നിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു.
സുഹൃത്തുക്കളെത്തി യുവാവിനെ ഉടൻ തന്നെ ആംബുലൻസിൽ അദാൻ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിൽ കത്തിയുടെ ഒരു ഭാഗം ശരീരത്തിൽ ശേഷിച്ചിരുന്നു, ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തു.
Adjust Story Font
16

