സലാലയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം
സുൽത്താൻ ഖാബൂസ് മസ്ജിദ് ഉൾപ്പടെയുള്ള വിവിധ പള്ളികളിൽ നടന്ന ഈദ് നമസ്‌കാരത്തിന് ആയിരങ്ങളാണ് എത്തിയത്

സലാല: സലാലയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടത്തി. സുൽത്താൻ ഖാബൂസ് മസ്ജിദ് ഉൾപ്പടെയുള്ള വിവിധ പള്ളികളിൽ നടന്ന ഈദ് നമസ്‌കാരത്തിന് ആയിരങ്ങളാണ് എത്തിയത്. ഇബ്രാഹിം നബിയുടെ പാത പിന്തുടർന്ന് അല്ലാഹുവിൽ സമർപ്പിക്കാൻ ഖത്തീബുമാർ ഉണർത്തി.
വിവിധ മലയാളി കൂട്ടായ്മകൾ ഈദ് നമസ്‌കാരവും ഈദ് ഗാഹും ഒരുക്കിയിരുന്നു. ഐ.എം.ഐ സലാല ഫാസ് അക്കാദമി ഗ്രൗണ്ടിൽ ഒരുക്കിയ ഈദ് ഗാഹിന് കെ.അഷറഫ് മൗലവി നേതൃത്വം നൽകി. വനിതകൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
എസ്.ഐ.സി സലാല വിവിധ പള്ളികളിൽ ഈദ് നമസ്‌കാരം ഒരുക്കി. മസ്ജിദ് ഹിബ്‌റിൽ ഒരുക്കിയ ഈദ് നമസ്‌കാരത്തിന് അബ്ദുല്ല അൻവരിയാണ് നേതൃത്വം നൽകിയത്.
ഐ.സി.എഫ് സലാല അഞ്ച് പള്ളികളിൽ ഈദ് നമസ്‌കാരം സംഘടിപ്പിച്ചു. മസ്ജിദ് ബാ അലവിയിൽ ഒരുക്കിയ ഈദ് നമസ്‌കരത്തിന് മുഹമ്മദ് റാഫി സഖാഫി നേതൃത്വം നൽകി. ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഇത്തിഹാദ് ക്ലബ്ബ് മൈതാനിയിൽ ഒരുക്കിയ ഈദ് ഗാഹിന് നൗഫൽ എടത്തനാട്ടുകരയാണ് നേതൃത്വം നൽകിയയത്.
പരസ്പര സ്‌നേഹ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാൻ ഈദിലൂടെ സാധ്യമാകണമെന്ന് ഇമാമുമാർ ഉണർത്തി. ഈദ് അവധി ആഘോഷിക്കാൻ സലാലയിൽ എത്തിയ നിരവധി പേരും ഈദ് നമസ്‌കാരത്തിൽ പങ്കെടുത്തു. പരസ്പരം ആശ്‌ളേഷിച്ച് പ്രാർത്ഥിച്ച് ഈദ് ആശംസകൾ കൈമാറിയാണ് എല്ലാവരും പിരിഞ്ഞത്. ജൂൺ 9 നാണ് ഒമാനിൽ ഈദ് അവധി അവസാനിക്കുക.
Adjust Story Font
16

